പല്ലെക്കലേ: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര ന്യൂസിലന്‍ഡിന്. രണ്ടാം മത്സരത്തില്‍ ആതിഥേയരെ നാല് വിക്കറ്റിന് തോല്‍പ്പിച്ചതോടെയാണ് ന്യൂസിലന്‍ഡ് പരമ്പര സ്വന്താക്കിയത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലന്‍ഡ് ഇപ്പോള്‍ 0-2ന് മുന്നിലാണ്. പല്ലെക്കലേയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തു. കിവീസ് 19.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 

കോളിന്‍ ഡി ഗ്രാന്‍ഹോം (46 പന്തില്‍ 59), ടോം ബ്രൂസ് (46 പന്തില്‍ 53) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് സന്ദര്‍ശര്‍ക്ക് വിജയം സമ്മാനിച്ചത്. മൂന്ന് സിക്‌സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു ഗ്രാന്‍ഹോമിന്റെ ഇന്നിങ്‌സ്. ഇവര്‍ക്ക് പുറമെ കോളിന്‍ മണ്‍റോ (13), ടിം സീഫെര്‍ട്ട് (15), സ്‌കോട്ട് കുഗ്ഗലെജിന്‍ (8), ഡാരില്‍ മിച്ചല്‍ (1) എന്നിവരുടെ വിക്കറ്റുകളാണ് കീവിസിന് നഷ്ടമായത്. മിച്ചല്‍ സാന്‍റ്നര്‍ (10), ടിം സൗത്തി (0) എന്നിവര്‍ പുറത്താവാതെ നിന്നു.  ലങ്കയ്ക്ക് വേണ്ടി അകില ധനഞ്ജയ മൂന്ന് വിക്കറ്റ് വീഴ്ത്തി.

നേരത്തെ നിരോഷന്‍ ഡിക്ക്‌വെല്ല (39), ആവിഷ്‌ക ഫെര്‍ണാണ്ടോ (37) എന്നിവരുടെ ഇന്നിങ്‌സാണ് ലങ്കന്‍ ഇന്നിങ്‌സിന്റെ നട്ടെല്ലായത്. കുശാല്‍ മെന്‍ഡിസ് (26), കുശാല്‍ പെരേര (11), ദസുന്‍ ഷനക (0), വാനിഡു ഹസരന്‍ങ്ക (11), ഷെഹന്‍ ജയസൂര്യ (20), ഇസുരു ഉഡാന (13), അകില ധനഞ്ജയ (0) എന്നിവരാണ് പുറത്തായ മറ്റുലങ്കന്‍ താരങ്ങള്‍. ലസിത് മലിംഗ (0) എന്നിവര്‍ പുറത്താവാതെ നിന്നു. ഒരുഘട്ടത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 40 എന്ന നിലയിലായിരുന്നു ലങ്ക. എന്നാല്‍ ഫെര്‍ണാണ്ടോ- ഡിക്ക്വെല്ല കൂട്ടിച്ചേര്‍ത്ത 68 റണ്‍സ് ലങ്കക്ക് തുണയായി. ന്യൂസിലന്‍ഡിന് വേണ്ടി സേത് റാന്‍സ് രണ്ട് വിക്കറ്റ് വീഴ്ത്തി.