ലക്നോ: അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനിടെ പന്ത് ചുരണ്ടിയെന്ന കുറ്റത്തിന് വെസ്റ്റ് ഇന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ നിക്കോളാസ് പുരാന് നാലു മത്സര വിലക്ക്. പന്ത് ചുരണ്ടിയെന്ന് സമ്മതിച്ച പുരാന്‍ സംഭവത്തില്‍ പരസ്യമായി മാപ്പു പറഞ്ഞു. വിലക്കിനെത്തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസിന്റെ അടുത്ത നാലു ടി20 മത്സരങ്ങള്‍ പുരാന് നഷ്ടമാവും. ലെവല്‍-3 കുറ്റം ചെയ്തുവെന്ന് വ്യക്തമായതിനാല്‍ പുരാനുമേല്‍ അഞ്ച് ഡിമെറിറ്റ് പോയന്റും ചുമത്തിയിട്ടുണ്ട്.

നഖം ഉപയോഗിച്ച് പുരാന്‍ പന്ത് ചുരണ്ടുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. മാച്ച് റഫറി ക്രിസ് ബ്രോഡിന് മുമ്പാകെയാണ് പുരാന്‍ കുറ്റം സമ്മതിച്ചത്. ഗുരുതരമായ കുറ്റമാണ് ചെയ്തതെന്ന് തിരിച്ചറിയുന്നുവെന്നും ഐസിസി വിലക്ക് അംഗീകരിക്കുന്നുവെന്നും പുരാന്‍ പറഞ്ഞു.

ഇത് ഒറ്റപ്പെട്ട സംഭവമായി കാണണമെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും പുരാന്‍ വ്യക്തമാക്കി. സംഭവിച്ച കാര്യങ്ങളില്‍ ടീം അംഗങ്ങളോടും അഫ്ഗാന്‍ ടീമിനോടും ആരാധകരോടും മാപ്പു പറയുന്നുവെന്നും പുരാന്‍ പറഞ്ഞു. മൂന്നാം ഏകദിനത്തിനിടെ പുരാന്‍ പന്ത് ചുരണ്ടിയതായി ഓണ്‍ഫീല്‍ഡ് അമ്പയര്‍മാരായ ബിസ്മില്ല ഷെന്‍വാരിയും അഹമ്മദ് ദുറാനിയുമാണ് റിപ്പോര്‍ട്ട് ചെയ്തത്.