മൂന്നാം മത്സരത്തിലും നാലാം മത്സരത്തിലും ഹാര്‍ദ്ദിക്കിനെ പറത്താന്‍ പുരാന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ നിര്‍ണായക അഞ്ചാം മത്സരത്തില്‍ പുരാന്‍ ഹാര്‍ദ്ദിക്കിന്‍റെ വെല്ലുവിളി ഏറ്റെടുത്തു.

ഫ്ലോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20യില്‍ ജയിച്ചശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ പറഞ്ഞത്, പരമ്പരയുടെ താരമായ നിക്കോളാസ് പുരാന്‍ ക്രീസിലെത്തിയപ്പോള്‍ താന്‍ തന്നെ പന്തെറിയാന്‍ എത്തിയത് പുരാന്‍ അടിച്ചു പറത്തുന്നെങ്കില്‍ തന്നെ അടിക്കട്ടെ എന്ന് കരുതിയാണ് എന്നായിരുന്നു. തൊട്ടു മുന്‍ മത്സരത്തില്‍ അക്സര്‍ പട്ടേലിനെ പുരാന്‍ അടിച്ചു പറത്തിയിരുന്നു. താന്‍ പറയുന്നത് പുരാന്‍ കേള്‍ക്കുന്നുണ്ടാവുമെന്നും അടുത്ത മത്സരങ്ങളില്‍ കണക്കുകൂട്ടി ഇറങ്ങുമെന്ന് അറിയാമെന്നും പാണ്ഡ്യ പറഞ്ഞിരുന്നു.

മൂന്നാം മത്സരത്തിലും നാലാം മത്സരത്തിലും ഹാര്‍ദ്ദിക്കിനെ പറത്താന്‍ പുരാന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ നിര്‍ണായക അഞ്ചാം മത്സരത്തില്‍ പുരാന്‍ ഹാര്‍ദ്ദിക്കിന്‍റെ വെല്ലുവിളി ഏറ്റെടുത്തു. പവര്‍ പ്ലേയിലെ മൂന്നാം ഓവര്‍ എറിയാനെത്തിയ ഹാര്‍ദ്ദിക്കിന്‍റെ ഓവറിലെ അഞ്ചും ആറും പന്തുകള്‍ സിക്സിന് പറത്തിയാണ് പുരാന്‍ കണക്കു തീര്‍ത്തത്. രണ്ടാം വിക്കറ്റില്‍ ബ്രാണ്ടന്‍ കിംഗിനൊപ്പം സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ പുരാന്‍ 35 പന്തില്‍ നാല് സിക്സും ഒരു ബൗണ്ടറിയും അടക്കം 47 റണ്‍സെടുത്ത് വിന്‍ഡീസ് ജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി.

അത്യപൂര്‍വം! വിന്‍ഡീസിനെതിരെ മോശം പ്രകടനത്തിന് പിന്നാലെ ശുഭ്മാന്‍ ഗില്ലിന് നാണക്കേടിന്റെ റെക്കോര്‍ഡ്

ഇതിനൊപ്പം മറ്റൊരു റെക്കോര്‍ഡ് കൂടി പുരാന്‍ ഇന്നലെ അടിച്ചെടുത്തു. ഇന്ത്യക്കെതിരായ ടി20 പരമ്പരകളില്‍ രണ്ട് തവണ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന ബാറ്ററായി പുരാന്‍. അഞ്ച് മത്സര പരമ്പരയില്‍ 176 റണ്‍സടിച്ചാണ് പുരാന്‍ പരമ്പരയുടെ താരമായത്. കഴിഞ്ഞ വര്‍ഷം നടന്ന പരമ്പരയില്‍ 184 റണ്‍സടിച്ച പുരാന്‍റെ പേരില്‍ തന്നെയാണ് ഇന്ത്യക്കെതിരായ ടി20 പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ബാറ്ററുടെയും റെക്കോര്‍ഡ്. 2020ല്‍ ന്യൂസിലന്‍ഡഡ് താരം കോളിന്‍ മണ്‍റോ(178), ഈ പരമ്പരയില്‍ ബ്രാണ്ടന്‍ കിംഗ്(173), 2021ല്‍ ജോസ് ബട്‌ലര്‍(172) എന്നിവരാണ് പുരാന്‍ കഴിഞ്ഞാല്‍ ഇന്ത്യക്കെതിരായ ടി20 പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ബാറ്റര്‍മാര്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക