പോര്‍ട്ട് ഓഫ് സ്‌പെയ്‌ന്‍: മഴയുടെ കളിക്കിടയിലും വിന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തില്‍ മികച്ച വിജയമാണ് കോലിപ്പട നേടിയത്. തുടക്കവും ഒടുക്കവും മോശമായപ്പോള്‍ കോലിയുടെ സെഞ്ചുറിയാണ് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. നാല് വിക്കറ്റ് വീഴ്‌ത്തിയ ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യക്ക് അനായാസ ജയവും സമ്മാനിച്ചു. ക്രിസ് ഗെയ്‌ല്‍, നിക്കോളാസ് പൂരാന്‍, റോസ്‌ടണ്‍ ചേസ്, കെമര്‍ റോച്ച് എന്നിവരെ ഭുവി പുറത്താക്കി.

ഗെയ്‌ല്‍ അടക്കമുള്ള അപകടകാരികളില്‍ ആരുടെ വിക്കറ്റാണെന്ന് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായതെന്ന് മത്സരശേഷം ഭുവി തുറന്നുപറഞ്ഞു. 'ഗെയിം ചേഞ്ചറായ പൂരാന്‍റെ വിക്കറ്റാണ് മത്സരം മാറ്റിമറിച്ചത്. അദേഹം എത്രത്തോളം മികച്ച താരമാണെന്ന് നമുക്കറിയാം. ചേസിന്‍റെ വിക്കറ്റും വലുതാണ്. സിംഗിളുകളെടുത്ത് വിന്‍ഡീസിനെ നയിക്കുകയായിരുന്നു ചേസ്. ഈ രണ്ട് വിക്കറ്റുകളുമാണ് നിര്‍ണായകമായത്' എന്ന് ഭുവനേശ്വര്‍ വ്യക്തമാക്കി. പൂരാന്‍ 42 റണ്‍സും ചേസ് 18 റണ്‍സുമാണ് നേടിയത്. 

മത്സരം മഴനിയമപ്രകാരം 59 റണ്‍സിന് ഇന്ത്യ ജയിച്ചു. 46 ഓവറിൽ 270 റൺസായി പുതുക്കി നിശ്ചയിച്ച ലക്ഷ്യം പിന്തുടർന്ന വിന്‍ഡീസ് 42 ഓവറിൽ 210 റൺസിന് എല്ലാവരും പുറത്തായി. വിരാട് കോലിയുടെ 42-ാം ഏകദിന സെഞ്ചുറിയും(120 റണ്‍സ്), പേസര്‍ ഭുവിയുടെ നാല് വിക്കറ്റുമാണ് ഇന്ത്യയെ ജയിപ്പിച്ചത്. മറുപടി ബാറ്റിംഗിൽ വിന്‍ഡീസ് നിരയിൽ ഇവിൻ ലൂയിസ് മാത്രമാണ് അമ്പത് പിന്നിട്ടത്. 80 പന്തിൽ 65 റൺസായിരുന്നു ഇദ്ദേഹത്തിന്റെ സമ്പാദ്യം.