ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ ചീഫ് മെഡിക്കല്‍ ഓഫീസറായ ഡോ. ഷുഹൈബ് മാന്‍ജ്ര ടീമിനൊപ്പം ഇന്ത്യയിലേക്ക് യാത്രചെയ്യും

ജൊഹന്നസ്‌ബര്‍ഗ്: കൊവി‍ഡ്19 ഭീതിക്കിടയിലും ഇന്ത്യ-ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് പരമ്പര മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ക്രിക്കറ്റ് സൗത്താഫ്രിക്ക. മത്സരവേദികളായ നഗരങ്ങളിലൊന്നും കൊവി‍ഡ്19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ചാര്‍ട്ടേഡ് വിമാനങ്ങളിലാവും ടീം സഞ്ചരിക്കുകയെന്നും വാര്‍ത്താക്കുറിപ്പിലൂടെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. 

Read more: കൊവിഡ്19: ഐപിഎല്ലില്‍ താരങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്

അപകടസാധ്യത കുറവാണെങ്കിലും രോഗത്തിൻറെ ഉയർന്ന പകർച്ചവ്യാധി കണക്കിലെടുത്ത് ആവശ്യമായ മുൻകരുതൽ നടപടികൾ ആവശ്യമാണ്. ടീം ശുചിത്വ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ സര്‍ക്കാര്‍ ഉറപ്പുകള്‍ നല്‍കിയിട്ടുണ്ട്. കൊവിഡ്19 വ്യാപനത്തിന്‍റെ അപകടത്തെ കുറിച്ച് കൃത്യമായ ബോധ്യമുണ്ട്. ടീമംഗങ്ങളുടെയും സ്റ്റാഫിന്‍റെയും ആരോഗ്യം ഉറപ്പുവരുത്താന്‍ പരിശോധനകള്‍ നടക്കുന്നതായും ബോര്‍ഡ് വ്യക്തമാക്കി. 

Read more: ഡിവില്ലിയേഴ്‌സിന്റെ തിരിച്ചുവരവ് തീയതി പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ ചീഫ് മെഡിക്കല്‍ ഓഫീസറായ ഡോ. ഷുഹൈബ് മാന്‍ജ്ര ടീമിനൊപ്പം ഇന്ത്യയിലേക്ക് യാത്രചെയ്യും. ദുബായ് വഴിയാണ് ദക്ഷിണാഫ്രിക്കന്‍ ടീം തിങ്കളാഴ്‌ച ദില്ലിയിലെത്തുക. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആദ്യ ഏകദിനം മാര്‍ച്ച് 12ന് ധരംശാലയിലും രണ്ടാം മത്സരം 15ന് ലക്‌നൗവിലും അവസാന ഏകദിനം 18ന് കൊല്‍ക്കത്തയിലും നടക്കും. ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പര മാറ്റിവെക്കില്ലെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു.