അതിർത്തി സംഘർഷത്തിലും ഭീകരാക്രമണത്തിലുമായി ജീവൻ നഷ്ടമായവരുടെ ബന്ധുക്കളുടെയും പ്രിയപ്പെട്ടവരുടെയും വികാരം മാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുംബൈ: ഇന്ത്യ - പാകിസ്ഥാന്‍ വെടിനിര്‍ത്തലിന്റെ സാഹചര്യത്തില്‍ ഐപിഎല്‍ പുനരാരംഭിക്കുമ്പോള്‍, മത്സരങ്ങള്‍ക്കിടെയുള്ള പാട്ടും ചിയര്‍ ഗേള്‍സിന്റെ നൃത്തവും ഒഴിവാക്കണമെന്ന് സുനില്‍ ഗാവസ്‌കര്‍. അതിര്‍ത്തി സംഘര്‍ഷത്തിലും ഭീകരാക്രമണത്തിലുമായി ജീവന്‍ നഷ്ടമായവരുടെ ബന്ധുക്കളുടേയും പ്രിയപ്പെട്ടവരുടേയും വികാരം മാനിക്കണമെന്നും ഗാവസ്‌കര്‍ പറഞ്ഞു.
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ വാക്കുകള്‍... ''അതിര്‍ത്തിയിലെ സംഘര്‍ഷം അവസാനിച്ച പശ്ചാത്തലത്തില്‍ മത്സരങ്ങള്‍ നടക്കട്ടേ. കാണികള്‍ വന്ന് മത്സരം കാണട്ടേ. ടൂര്‍ണമെന്റ് വിജയകരമായി പൂര്‍ത്തിയാക്കണം. എന്നാല്‍ മത്സരത്തിന് ഇടയിലുള്ള പാട്ടും ഡാന്‍സുമെല്ലാം ഒഴിവാക്കണം. ഐപിഎല്ലിലെ ശേഷിച്ച മത്സരങ്ങളില്‍ ക്രിക്കറ്റ് മാത്രം മതി. പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ വേദനയോടു ചേര്‍ന്നുനില്‍ക്കാന്‍ എല്ലാവര്‍ക്കും കഴിയണം.'' ഗാവസ്‌കര്‍ പറഞ്ഞു.
അതേസമയം, മുംബൈ ഇന്ത്യന്‍സ് ഉള്‍പ്പെടെയുള്ളവര്‍ പരിശീലനം ആരംഭിച്ചു. വാങ്കഡേ സ്റ്റേഡിയത്തിലാണ് മുംബൈ ഇന്ത്യന്‍സിന്റെ പരിശീലനം. രോഹിത് ശര്‍മ ഉള്‍പ്പടെ പ്രധാന താരങ്ങളെല്ലാം പരിശീലനത്തിന് ഇറങ്ങി. ഈമാസം 21ന് ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. 12 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി ലീഗില്‍ നാലാം സ്ഥാനത്താണിപ്പോള്‍ മുംബൈ ഇന്ത്യന്‍സ്.
രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സ് ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലുമാണ് പരിശീലനം തുടങ്ങിയത്. ശനിയാഴ്ച കൊല്‍ക്കത്ത, ബെംഗളൂരു മത്സരത്തോടെയാണ് ഐപിഎല്‍ പുനരാരംഭിക്കുക. 12 കളിയില്‍ 11 പോയിന്റുളള കൊല്‍ക്കത്ത ലീഗില്‍ ആറാം സ്ഥാനത്താണ്. രാജസ്ഥാന്‍ പ്ലേ ഓഫ് കാണാതെ പുറത്തായിക്കഴിഞ്ഞു. അതേസമയം, ഐപിഎല്ലില്‍ ആദ്യ കിരീടം സ്വപ്നം കാണുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് സന്തോഷവാര്‍ത്ത.
അതേസമയം, നാട്ടിലേക്ക് മടങ്ങിയ ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡ് ആര്‍സിബിയുടെ മത്സരങ്ങളില്‍ കളിക്കാനായി തിരിച്ചെത്തും. എന്നാല്‍ ഹേസല്‍വുഡ് ശനിയാഴ്ച നടക്കുന്ന കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ കളിക്കാനുണ്ടാകുന്ന കാര്യം സംശയത്തിലാണ്. ഹേസല്‍വുഡിനെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും എപ്പോള്‍ തിരിച്ചെത്തുമെന്ന കാര്യം ഇപ്പോള്‍ പറയാനാവില്ലെന്നും ആര്‍സിബി വൃത്തങ്ങള്‍ വ്യക്തമാക്കി. പരിക്കുമൂലം ഹേസല്‍വുഡിന് ആര്‍സിബിയുടെ അവസാന മത്സരം നഷ്ടമായിരുന്നു.