രോഹിത് ശര്‍മ ഉള്‍പ്പെടെയുള്ള മുംബൈ താരങ്ങള്‍ വാങ്കഡേ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തി. ഈ മാസം 21ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം.
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് പുനരാരംഭിക്കുന്നതിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സും രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും പരിശീലനം തുടങ്ങി. വാങ്കഡേ സ്റ്റേഡിയത്തിലാണ്
മുംബൈ ഇന്ത്യന്‍സിന്റെ പരിശീലനം. രോഹിത് ശര്‍മ ഉള്‍പ്പടെ പ്രധാന താരങ്ങളെല്ലാം പരിശീലനത്തിന് ഇറങ്ങി. ഈമാസം 21ന് ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. 12 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി ലീഗില്‍ നാലാം സ്ഥാനത്താണിപ്പോള്‍ മുംബൈ ഇന്ത്യന്‍സ്.
രാജസ്ഥാന്‍ റോയല്‍സ് ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലുമാണ് പരിശീലനം തുടങ്ങിയത്. ശനിയാഴ്ച കൊല്‍ക്കത്ത, ബെംഗളൂരു മത്സരത്തോടെയാണ് ഐപിഎല്‍ പുനരാരംഭിക്കുക. 12 കളിയില്‍ 11 പോയിന്റുളള കൊല്‍ക്കത്ത ലീഗില്‍ ആറാം സ്ഥാനത്താണ്. രാജസ്ഥാന്‍ പ്ലേ ഓഫ് കാണാതെ പുറത്തായിക്കഴിഞ്ഞു. അതേസമയം, ഐപിഎല്ലില്‍ ആദ്യ കിരീടം സ്വപ്നം കാണുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് സന്തോഷവാര്‍ത്ത.
ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ഐപിഎല്‍ നിര്‍ത്തിവെച്ചതോടെ നാട്ടിലേക്ക് മടങ്ങിയ ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡ് ആര്‍സിബിയുടെ മത്സരങ്ങളില്‍ കളിക്കാനായി തിരിച്ചെത്തും. അതേസമയം ഹേസല്‍വുഡ് ശനിയാഴ്ച നടക്കുന്ന കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ കളിക്കാനുണ്ടാകുന്ന കാര്യം സംശയത്തിലാണ്. ഹേസല്‍വുഡിനെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും എപ്പോള്‍ തിരിച്ചെത്തുമെന്ന കാര്യം ഇപ്പോള്‍ പറയാനാവില്ലെന്നും ആര്‍സിബി വൃത്തങ്ങള്‍ വ്യക്തമാക്കി. പരിക്കുമൂലം ഹേസല്‍വുഡിന് ആര്‍സിബിയുടെ അവസാന മത്സരം നഷ്ടമായിരുന്നു.
അടുത്ത മാസം 11ന് തുടങ്ങുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കായി കളിക്കേണ്ടതിനാല്‍ ഹേസല്‍വുഡ് തിരിച്ചെത്തുമോ എന്നതില്‍ ആര്‍സിബി ആരാധകര്‍ ആശങ്കയിലായിരുന്നു. എന്നാല്‍ ഐപിഎല്ലില്‍ കളിക്കണോ എന്നകാര്യം കളിക്കാര്‍ക്ക് വ്യക്തിപരമായി തീരുമാനിക്കാമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കിയതോടെയാണ് ഇന്ത്യയില്‍ തിരിച്ചെത്താന്‍ ഹേസല്‍വുഡ് സന്നദ്ധനായത്. ഈ സീസണില്‍ 10 കളികളില്‍ 18 വിക്കറ്റുമായി വിക്കറ്റ് വേട്ടയില്‍ മൂന്നാം സ്ഥാനത്തുള്ള ഹേസല്‍വുഡിന്റെ ബൗളിംഗ് മികവാണ് ആര്‍സിബിയെ പല മത്സരങ്ങളിലും ജയിപ്പിച്ചത്.