ബുമ്രയും ഹാര്‍ദ്ദിക്കും സൂര്യകുമാറുമുണ്ടാകില്ല, ഓസീസിനെതിരായ ടി20 പരമ്പരക്കുള്ള ടീം ഉടൻ; നായകനായി സഞ്ജു വരുമോ
ലോകകപ്പ് ഫൈനല്‍ കഴിഞ്ഞ് നാലു ദിവസത്തെ ഇടവേളയിലാണ് ഓസ്ട്രേലിയക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ ഇന്ത്യ കളിക്കുന്നത്. ഹാര്‍ദ്ദിക്കോ, ലോകകപ്പില്‍ കളിക്കുന്ന രോഹിത്തോ ജസ്പ്രീത് ബുമ്രയോ വിരാട് കോലിയോ സൂര്യകുമാര്‍ യാദവോ ഒന്നും ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ കളിക്കാന്‍ സാധ്യതയില്ല.

മുംബൈ: ഏകദിന ലോകകപ്പില്‍ നിന്ന് ഹാര്‍ദ്ദിക് പാണ്ഡ്യ പരിക്കേറ്റ് പുറത്തായതോടെ ലോകകപ്പിനു തൊട്ടുപിന്നാലെ നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യയെ ആരു നയിക്കുമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവമായി. ഹാര്‍ദ്ദിക്കിനെ ടി20യില്‍ ഔദ്യോഗികമായി ക്യാപ്റ്റനായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം രോഹിത്തും കോലിയും ടി20 കളിക്കാത്തതിനാല്‍ ഹാര്‍ദ്ദിക്കാണ് ഇന്ത്യയെ നയിക്കുന്നത്. ലോകകപ്പിനിടെ പരിക്കേറ്റതോടെ ഹാര്‍ദ്ദിക് ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ കളിക്കാനുള്ള സാധ്യതയില്ല.
ലോകകപ്പ് ഫൈനല്‍ കഴിഞ്ഞ് നാലു ദിവസത്തെ ഇടവേളയിലാണ് ഓസ്ട്രേലിയക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ ഇന്ത്യ കളിക്കുന്നത്. ഹാര്‍ദ്ദിക്കോ, ലോകകപ്പില്‍ കളിക്കുന്ന രോഹിത്തോ ജസ്പ്രീത് ബുമ്രയോ വിരാട് കോലിയോ സൂര്യകുമാര്‍ യാദവോ ഒന്നും ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ കളിക്കാന്‍ സാധ്യതയില്ല.
ഈ സാഹചര്യത്തില്‍ യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ടീമിനെ നയിക്കാന്‍ ഐപിഎല്ലിലെ പരിചയസമ്പന്നനായ നായകൻമാരെ ആരെയെങ്കിലും തെരഞ്ഞെടുക്കാന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചാല്‍ ഏറ്റവും കൂടുതല്‍ സാധ്യത സഞ്ജു സാംസണായിരിക്കും.ഐപിഎല്ലില്‍ രാജസ്ഥാനെ ഫൈനലിലേക്ക് നയിച്ച് സഞ്ജു നായകനെന്ന നിലയില്‍ മികവ് കാട്ടിയിട്ടുണ്ട്. ഈ സീസണില്‍ മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ തുടര്‍ ജയങ്ങളോടെ ക്വാര്‍ട്ടറിലെത്തിക്കാനും സഞ്ജുവിനായി. എന്നാല്‍ ബാറ്ററെന്ന നിലയില്‍ തിളങ്ങാനാവാതിരുന്നത് സഞ്ജുവിന് തിരിച്ചടിയാകുകയും ചെയ്തു.
ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിലേക്ക് സഞ്ജുവിനെ പരിഗണിച്ചാല്‍ ക്യാപ്റ്റനാക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ സ്വര്‍ണ നേട്ടത്തിലേക്ക് റുതുരാജ് ഗെയ്‌ക്‌വാദും സഞ്ജുവിനൊപ്പം ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സെലക്ടര്‍മാര്‍ പരിഗണിക്കുമെന്നാണ് സൂചന. പ്രമുഖ താരങ്ങളുടെ അഭാവത്തില്‍ യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, സായ് സുദർശന്‍, റുതുരാജ് ഗെയ്ക്‌വാദ്, റിങ്കു സിങ് എന്നിവര്‍ക്കൊപ്പം സഞ്ജുവിനും ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കുമെന്നാണ് കരുതുന്നത്. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിനെ സെലക്ടര്‍മാര്‍ ഈ ആഴ്ച പ്രഖ്യാപിക്കുമെന്നാണ് സൂചന.
ലോകകപ്പ് ഫൈനല്‍ നടക്കുന്ന നവംബര്‍ 19ന് തൊട്ട് പിന്നാലെ 23ന് വിശാഖപട്ടണത്താണ് ടി20 പരമ്പരക്ക് തുടക്കമാകുക. രണ്ടാം ടി20- നവംബർ 26ന് തിരുവനന്തപുരത്തും, മൂന്നാം ടി20- നവംബർ 28ന് ഗുവാഹത്തിയിലും നാലാം ടി20 - ഡിസംബർ 1ന് നാഗ്പൂരിലും അഞ്ചാം ടി20- ഡിസംബർ 3ന് ഹൈദരാബാദിലും നടക്കും.
ഇന്ത്യക്കെതിരായ ടി20 പരമ്പരക്കുള്ള ഓസ്ട്രേലിയന്‍ ടീം: മാത്യു വെയ്ഡ് (സി), ജേസൺ ബെഹ്‌റൻഡോർഫ്, സീൻ അബോട്ട്, ടിം ഡേവിഡ്, നഥാൻ എല്ലിസ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, സ്പെൻസർ ജോൺസൺ, ഗ്ലെൻ മാക്സ്വെൽ, തൻവീർ സംഘ, മാറ്റ് ഷോർട്ട്, സ്റ്റീവ് സ്മിത്ത്, മാർക്കസ് സ്റ്റോയിനിസ്, ഡേവിഡ് വാർണർ, ആദം സാംപ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക