ഒരു കാര്യം ഉറപ്പാണ്, കളിക്കാരോട് വ്യക്തിപരമായി ചോദിച്ചാല്‍ അവരാരും ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ കളിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. ഒരര്‍ത്ഥത്തില്‍ അവരെല്ലാം നിര്‍ബന്ധിതരാവുകയായിരുന്നു.

ദുബായ്: ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ ഹസ്തദാന വിവാദത്തിന് പിന്നാലെ ഇന്ത്യൻ താരങ്ങളാരും പാകിസ്ഥാനെതിരെ കളിക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന വെളിപ്പെടുത്തലുമായി മുന്‍ ഇന്ത്യൻ താരം സുരേഷ് റെയ്ന. പാകിസ്ഥാനെതിരായ മത്സരത്തിലെ ടോസ് സമയത്തും മത്സരത്തിനുശേഷവും ഇന്ത്യൻ താരങ്ങള്‍ പാക് താരങ്ങള്‍ക്ക് ഹസ്തദാനം ചെയ്യാന്‍ തയാറാവാഞ്ഞത് വലിയ ചര്‍ച്ചയാകുന്നതിനിടെയാണ് റെയ്നയുടെ വെളിപ്പെടുത്തല്‍.

ഒരു കാര്യം ഉറപ്പാണ്, കളിക്കാരോട് വ്യക്തിപരമായി ചോദിച്ചാല്‍ അവരാരും ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ കളിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. ഒരര്‍ത്ഥത്തില്‍ അവരെല്ലാം നിര്‍ബന്ധിതരാവുകയായിരുന്നു. കാരണം, ടൂര്‍ണമെന്‍റുമായി മുന്നോട്ടുപോകാന്‍ ബിസിസഐ തീരുമാനമെടുത്തിരുന്നു. ഇന്ത്യൻ താരങ്ങള്‍ക്ക് പാകിസ്ഥനെതിരെ കളിക്കേണ്ടിവന്നതില്‍ എനിക്കും ദു:ഖമുണ്ട്. പക്ഷെ ഒരു കാര്യം എനിക്കുറപ്പാണ്, സൂര്യകുമാര്‍ യാദവിനും ടീം അംഗങ്ങളോടും വ്യക്തിപരമായി ചോദിച്ചാല്‍ അവരാരും ഈ മത്സരം കളിക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നത്-സ്പോര്‍ട്സ് ടോക്കിന് നല്‍കിയ അഭിമുഖത്തില്‍ റെയ്ന പറഞ്ഞു.

ആ തീരുമാനത്തിന് പിന്നില്‍ ഗംഭീര്‍

ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തിന്‍റെ ടോസ് സമയത്തും ടോസിനുശേഷം പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഘയുമായി ഹസ്തദാനം ചെയ്യാതിരുന്ന ഇന്ത്യൻ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മത്സരശേഷവും പാക് താരങ്ങളുമായി ഹസ്തദാനം ചെയ്യാനും തയാറായിരുന്നില്ല. മത്സരം പൂര്‍ത്തിയായപ്പോള്‍ ഇന്ത്യൻ താരങ്ങളാരും ഗ്രൗണ്ടിലേക്കിറങ്ങി പാക് താരങ്ങളുമായി പതിവ് ഹസ്തദാനത്തിനും മുതിര്‍ന്നിരുന്നില്ല. ഹസ്തദാനത്തിനായി പാക് താരങ്ങള്‍ ഇന്ത്യൻ ഡ്രസ്സിംഗ് റൂമിന് അടുത്തെത്തിയെങ്കിലും ഡ്രസ്സിംഗ് റൂമിന്‍റെ വാതിലുകള്‍ ആ സമയം അടച്ചിരുന്നു.

പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെയും അതിര്‍ത്തി ഇന്ത്യ-പാക് സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍ മത്സരത്തില്‍ പാക് താരങ്ങളുമായി യാതൊരു തരത്തിലുള്ള സൗഹൃദവും വേണ്ടെന്ന കര്‍ശന നിലപാടെടുത്തത് ഇന്ത്യൻ കോച്ച് കോച്ച് ഗൗതം ഗംഭീറായിരുന്നുവെന്നാണ് സൂചന. മത്സരത്തിനു മുമ്പോ ശേഷമോ പാക് താരങ്ങളുമായി ഹസ്തദാനത്തിനോ വാക് പോരിനോ മുതിരരുതെന്ന് ഗംഭീര്‍ ടീം അംഗങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നതായി ടെലികോ ഏഷ്യാ സ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെയും അതിര്‍ത്തി സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരായ മത്സരം ഇന്ത്യ ബഹിഷ്കരിക്കണമെന്ന് രാജ്യത്ത് ശക്തമായ ആവശ്യം ഉയര്‍ന്നിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക