ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായതിന്‍റെ കാരണം തനിക്കറിയില്ലെന്ന് തുറന്നുപറഞ്ഞ് ഹര്‍ഭജന്‍ സിംഗ്

മുംബൈ: നീണ്ട 23 വര്‍ഷത്തെ ഐതിഹാസിക കരിയറിന് ഇന്ത്യന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംഗ് (Harbhajan Singh) കഴിഞ്ഞ വെള്ളിയാഴ്‌ച വിരാമമിട്ടിരുന്നു. രണ്ടര പതിറ്റാണ്ടോളം നീണ്ട കരിയറില്‍ 711 രാജ്യാന്തര വിക്കറ്റുകളുള്ള ഭാജി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യന്‍ കുപ്പായത്തില്‍ കളിച്ചിരുന്നില്ല. ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായതിന്‍റെ കാരണം പലരോടും ചോദിച്ചെങ്കിലും ആരും മറുപടി തന്നില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് വിരമിക്കലിനൊടുവില്‍ ക്രിക്കറ്റ് വിദഗ്‌ദരുടെയും ആരാധകരുടേയും ടര്‍ബണേറ്റര്‍. 

'ടെസ്റ്റില്‍ 400ലേറെ വിക്കറ്റ് നേടിയൊരു താരത്തിന് പിന്നീട് അവസരം ലഭിക്കാതെ വരികയും അല്ലെങ്കില്‍ പുറത്തായതിന്‍റെ കാരണം അദേഹത്തെ അറിയിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ നിരവധി ചോദ്യങ്ങള്‍ മനസിലുയരും. ടീമില്‍ നിന്ന് പുറത്തായതിന്‍റെ കാരണമെന്തെന്ന് നിരവധി പേരോട് ഞാന്‍ ആരാഞ്ഞിട്ടുണ്ട്. എന്നാല്‍ യാതൊരു മറുപടിയും ലഭിച്ചില്ല. 400 വിക്കറ്റ് നേടിയൊരാള്‍ ടീമില്‍ അപ്രത്യക്ഷനാകുന്നതിനെക്കുറിച്ച് മറുപടിയില്ലെങ്കില്‍ 40 വിക്കറ്റ് നേടിയ താരം പുറത്താകുന്നതിന്‍റെ കാരണം ആരും പറയില്ല. എന്തൊക്കയോ കരിയറില്‍ ടീമിനായി നേടിയ ഒരു താരത്തോട് വേണ്ടവിധത്തില്‍ സംസാരിക്കാന്‍ പോലും സെലക്‌ടര്‍മാര്‍ക്ക് കഴിയാത്ത ഇന്ത്യന്‍ ക്രിക്കറ്റിലെ സങ്കടകരമായ കഥയാണിത്'.

നേടേണ്ടതായിരുന്നു 500-550 വിക്കറ്റുകളെങ്കിലും...

'എപ്പോഴും പിന്തുണ ലഭിക്കുന്നത് താരങ്ങളെ സംബന്ധിച്ച് വളരെ നല്ലതാണ്. എനിക്ക് കൃത്യസമയത്ത് ശരിയായ പിന്തുണ കിട്ടിയിരുന്നുവെങ്കില്‍ 500-550 വിക്കറ്റുകള്‍ നേടി ഇതിലും നേരത്തെ വിരമിക്കാമായിരുന്നു. കാരണം 400 വിക്കറ്റ് ക്ലബിലെത്തുമ്പോള്‍ എനിക്ക് 31 വയസ് മാത്രമായിരുന്നു പ്രായം. മൂന്നുനാല് വര്‍ഷം കൂടി കളിച്ചിരുന്നെങ്കില്‍ എനിക്ക് 500 വിക്കറ്റ് തികയ്‌ക്കാമായിരുന്നു, എന്നാല്‍ അതുണ്ടായില്ല' എന്നും ഹര്‍ഭജന്‍ സിംഗ് പറഞ്ഞു. 

41കാരനായ ഹര്‍ഭജന്‍ സിംഗ് ടെസ്റ്റില്‍ അനില്‍ കുംബ്ലെക്കും കപില്‍ ദേവിനും ആര്‍ അശ്വിനും ശേഷം ഇന്ത്യയുടെ നാലാമത്തെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനാണ്. 1998ല്‍ പതിനേഴാം വയസില്‍ ഇന്ത്യക്കായി അരങ്ങേറിയ താരം ടെസ്റ്റില്‍ 103 മത്സരങ്ങളില്‍ 417 വിക്കറ്റും 236 ഏകദിനത്തില്‍ 269 വിക്കറ്റും 28 രാജ്യാന്തര ടി20യില്‍ 25 വിക്കറ്റും നേടി. 2007ലെ പ്രഥമ ടി20 ലോകകപ്പും 2011 ഏകദിന ലോകകപ്പും നേടിയ ടീമില്‍ അംഗമായി. ടെസ്റ്റിൽ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ ബൗളറെന്ന നേട്ടം ഭാജിക്ക് സ്വന്തം.

എന്നാല്‍ 2011 ലോകകപ്പിന് ശേഷം ടീമിലെ സ്ഥിരം സ്ഥാനം നഷ്‌ടമായി. 2016ലാണ് ഇന്ത്യന്‍ കുപ്പായത്തില്‍ അവസാനം കളിച്ചത്. എങ്കിലും ഐപിഎല്ലില്‍ തുടര്‍ന്നും കളിക്കുന്നുണ്ടായിരുന്നു. 163 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 150 വിക്കറ്റാണ് ഹര്‍ഭജന്‍റെ സമ്പാദ്യം. 

Harbhajan Singh: ഗാംഗുലിയുടെയും ധോണിയുടെയും കീഴില്‍ കളിച്ചപ്പോഴുള്ള പ്രധാന വ്യത്യാസം തുറന്നു പറഞ്ഞ് ഹര്‍ഭജന്‍