നിലവിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽ മുന്നിൽ പോകുന്ന ഒരു പൈലറ്റ് വാഹനവും മുഖ്യമന്ത്രിയുടെ കാറും അതിന് തൊട്ടുപിന്നാലെയുള്ള ഒരു സുരക്ഷാ വാഹനവും മാത്രമാണുള്ളത്
ഹൈദരബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശം അക്ഷരാർത്ഥത്തിൽ പാലിച്ച് കോൺഗ്രസ് മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി. പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ധന സംരക്ഷണത്തിന് മുൻഗണന നൽകണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഉൾക്കൊണ്ടാണ് തെലങ്കാന മുഖ്യമന്ത്രിയുടെ നാടകീയമായ സുരക്ഷാ മാറ്റം. സാധാരണയായി മുഖ്യമന്ത്രിമാരുടെ സുരക്ഷാ വാഹനവ്യൂഹത്തിന്റെ ഭാഗമായി എപ്പോഴും അനുഗമിക്കാറുള്ള ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ ഒഴിവാക്കിക്കൊണ്ട് തന്റെ ഔദ്യോഗിക വാഹനങ്ങളുടെ എണ്ണം പതിനൊന്നിൽ നിന്ന് കേവലം മൂന്നായി ചുരുക്കിയാണ് രേവന്ത് റെഡ്ഡി രാജ്യത്തിന് തന്നെ പുതിയ സന്ദേശം നൽകിയത്.

വർഷങ്ങളായി മുഖ്യമന്ത്രിമാരുടെ അടിയന്തര വൈദ്യസഹായത്തിനായി ഡോക്ടറും മറ്റ് അനുബന്ധ ജീവനക്കാരുമടങ്ങുന്ന ഒരു ആംബുലൻസ് വാഹനവ്യൂഹത്തിന്റെ ഭാഗമായി ഉണ്ടാവുക എന്നത് കടുത്ത സുരക്ഷാ പ്രോട്ടോക്കോളിന്റെ ഭാഗമായിരുന്നു. എന്നാൽ ഇത്തവണ ചെലവുചുരുക്കലിന്റെയും ഇന്ധന സംരക്ഷണത്തിന്റെയും ഭാഗമായി ഈ ആംബുലൻസ് ഒഴിവാക്കിയത്. നിലവിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽ മുന്നിൽ പോകുന്ന ഒരു പൈലറ്റ് വാഹനവും മുഖ്യമന്ത്രിയുടെ കാറും അതിന് തൊട്ടുപിന്നാലെയുള്ള ഒരു സുരക്ഷാ വാഹനവും മാത്രമാണുള്ളത്.
വാഹനങ്ങളുടെ എണ്ണം ഇത്രയധികം കുറച്ചത് മുഖ്യമന്ത്രിയെ അനുഗമിക്കുന്ന സുരക്ഷാ ജീവനക്കാർക്കും മറ്റ് ഔദ്യോഗിക ഉദ്യോഗസ്ഥർക്കും ചില പ്രായോഗിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. മുൻപ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരും പബ്ലിക് റിലേഷൻസ് ജീവനക്കാരും പ്രത്യേകം വാഹനങ്ങളിലായിരുന്നു യാത്ര ചെയ്തിരുന്നതെങ്കിൽ, ഇപ്പോൾ അവരെല്ലാവരും മുഖ്യമന്ത്രിയുടെ കാറിന് തൊട്ടുപിന്നിലുള്ള ഏക എസ്‌കോർട്ട് വാഹനത്തിലാണ് യാത്ര ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ പ്രധാന വാഹനത്തിന് എന്തെങ്കിലും സാങ്കേതിക തകരാർ ഉണ്ടായാൽ പകരമായി ഉപയോഗിക്കേണ്ടതും ഇതേ സുരക്ഷാ വാഹനമാണ്.
സുരക്ഷാ വാഹനങ്ങൾ ചുരുക്കിയതിന് പുറമെ താൻ യാത്ര ചെയ്യുമ്പോൾ പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ റോഡിലെ ഗതാഗതം തടസ്സപ്പെടുത്തരുതെന്ന് മുഖ്യമന്ത്രി പൊലീസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. വിവിഐപി യാത്രകൾ കാരണം റോഡിൽ സാധാരണക്കാർ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള മാധ്യമ വാർത്തകളും പൊലീസുകാരുമായി യാത്രക്കാർ തർക്കിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് ശ്രദ്ധയിൽ വന്നതോടെയാണ് രേവന്ത് റെഡ്ഡി ഡിജിപി സി.വി. ആനന്ദിന് ഈ നിർദ്ദേശം നൽകിയത്.
മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെത്തുടർന്ന് കഴിഞ്ഞ പത്തുദിവസമായി വലിയ രീതിയിൽ ഗതാഗതം തടസ്സപ്പെടുത്താതെ സാധാരണ ട്രാഫിക്കിലൂടെയാണ് അദ്ദേഹത്തിന്റെ വാഹനവ്യൂഹം കടന്നുപോകുന്നത്. പൊതുജനങ്ങൾ ഈ തീരുമാനത്തെ വലിയ തോതിൽ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഇത് പുതിയ ആശങ്കകൾ ഉണ്ടാക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ വാഹനം സാധാരണ ട്രാഫിക്കിലൂടെ പോകുമ്പോൾ അദ്ദേഹത്തിന് നേരെ കൈവീശാനും വാഹനത്തിന്റെ വീഡിയോ മൊബൈലിൽ പകർത്താനുമായി മറ്റ് യാത്രക്കാർ വേഗത കുറയ്ക്കുന്നത് ഗതാഗതക്കുരുക്കിനും അതോടൊപ്പം കടുത്ത സുരക്ഷാ ഭീഷണിക്കും കാരണമാകുന്നുണ്ടെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ മുന്നോട്ട് വയ്ക്കുന്ന ആശങ്ക.


