മോഷ്ടാക്കൾ ക്ഷേത്ര പരിസരത്തേക്കെത്തിയപ്പോൾ കോമ്പൗണ്ടിൽ ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന സിസി ടിവി ക്യാമറകളിൽ നിന്നുള്ള സന്ദേശമടങ്ങിയ നോട്ടിഫിക്കേഷൻ ഭാരവാഹികൾക്ക് ലഭിച്ചു
തിരുവനന്തപുരം: പാറശാല തിരുനാരായണപുരം പേരൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ കവർച്ച നടത്താനെത്തിയ രണ്ടുപേരെ ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും ചേർന്ന് പിടികൂടി. പാറശാല കുറുങ്കുട്ടി സ്വദേശി സതീഷ് കുമാർ(44), അമ്പൂരി തേക്കുപാറ കീഴ്കുത്തൂർ നിഷഭവനിൽ രതീഷ് (39)എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 12.50നായിരുന്നു സംഭവം. മോഷ്ടാക്കൾ ക്ഷേത്ര പരിസരത്തേക്കെത്തിയപ്പോൾ കോമ്പൗണ്ടിൽ ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന സിസി ടിവി ക്യാമറകളിൽ നിന്നുള്ള സന്ദേശമടങ്ങിയ നോട്ടിഫിക്കേഷൻ ഭാരവാഹികൾക്ക് ലഭിച്ചു. ഇതോടെ ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും ഓടിയെത്തി. ക്ഷേത്രത്തിൽ തൊഴുതു നിന്നതിന് ശേഷമായിരുന്നു കവർച്ചാ ശ്രമം. ക്ഷേത്രത്തിലെ ബലിക്കല്ലുകളിൽ നിന്ന് ഇളക്കിമാറ്റിയ പിത്തളയിലെ കവചങ്ങൾ, കള്ളന്മാർ കൊണ്ടുവന്ന വെട്ടുളി, ചുറ്റിക, കമ്പി തുടങ്ങിയവ മതിലിന് പുറത്ത് ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെത്തി.
മതിൽ ചാടിക്കടന്നാണ് മോഷ്ടാക്കൾ ക്ഷേത്രത്തിലെത്തിയത്. ഭാരവാഹികൾ ചേർന്ന് ഒരാളെ ക്ഷേത്രത്തിന് പുറത്തുവച്ച് തന്നെ പിടികൂടിയെങ്കിലും രണ്ടാമൻ ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളെ നാട്ടുകാർ പിന്തുടർന്ന് കുറുങ്കുട്ടി ശ്രീധർമ്മ ശാസ്താ ക്ഷേതത്തിന് സമീപത്തുവച്ചാണ് പിടികൂടിയത്. ഇവരെ പൊലീസിന് കൈമാറി. ഇവർ നിരവധി മോഷണക്കേസുകളിലെ പ്രതികളാണെന്നാണ് പൊലീസ് പറയുന്നത്. സിസിടിവി ക്യാമറ സ്ഥാപിച്ച ശേഷം നടന്ന മൂന്നാമത്തെ മോഷണമാണിതെന്ന് ഭാരവാഹികൾ പറയുന്നു.


