മുംബൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം സുരേഷ് റെയ്‌ന അപ്രതീക്ഷിതമായി ഐപിഎല്ലില്‍ നിന്ന് പിന്‍മാറിയത് കഴിഞ്ഞ സീസണില്‍ വലിയ വിവാദമായിരുന്നു. നാളുകള്‍ക്ക് ശേഷം തന്‍റെ മടക്കത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് റെയ്‌ന. 

'മടങ്ങിപ്പോയതില്‍ എന്തിന് ഞാന്‍ പശ്ചാത്താപിക്കണം. എന്‍റെ കുടുംബത്തിനും കുട്ടികള്‍ക്കും ഒപ്പമാണ് സമയം ചിലവഴിച്ചത്. കുടുംബത്തിലേക്ക് മടങ്ങിവരാനാണ് ആഗ്രഹിച്ചത്. എന്‍റെ കുടുംബം പഞ്ചാബില്‍ ഒരു ദുരന്തം നേരിട്ടു(റെയ്‌നയുടെ ബന്ധുക്കള്‍ കൊല്ലപ്പെട്ട സംഭവം). അതിനാല്‍ ഞാന്‍ മടങ്ങിയെത്തണം എന്ന് കുടുംബം ആഗ്രഹിച്ചു. ഭാര്യയും അങ്ങനെ തന്നെ ചിന്തിച്ചു. 20 വര്‍ഷമായി ഞാന്‍ ക്രിക്കറ്റ് കളിക്കുന്നു. കുടുംബം ആവശ്യപ്പെടുമ്പോള്‍ അവര്‍ക്കരികിലുണ്ടാവുക പ്രധാനമാണ്. അതുമാത്രമാണ് ചെയ്തത്' എന്നും റെയ്‌ന ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

എന്നാല്‍ യുഎഇയില്‍ തനിക്ക് ലഭിച്ച മുറിയില്‍ സംതൃപ്തിയില്ലാത്തത് കൊണ്ടാണ് റെയ്‌ന നാട്ടിലേക്ക് മടങ്ങിയത് എന്ന് അഭ്യൂഹങ്ങള്‍ അന്നുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായില്ല. റെ‌യ്നയുടെ പിന്‍മാറ്റം ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒ കാശി വിശ്വനാഥനാണ് ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. 'വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് റെയ്‌ന നാട്ടിലേക്ക് മടങ്ങി, ഈ സീസണില്‍ അദേഹം ചെന്നൈക്കൊപ്പമുണ്ടാകില്ല. റെയ്നയ്‌ക്കും കുടുംബത്തിനും വേണ്ട എല്ലാ പിന്തുണയും നല്‍കുന്നു' എന്നായിരുന്നു കാശി വിശ്വനാഥന്‍റെ ട്വീറ്റ്. 

ചെന്നൈ സൂപ്പർ കിംഗ്സിന് കനത്ത തിരിച്ചടി; സുരേഷ് റെയ്ന നാട്ടിലേക്ക് മടങ്ങി

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് സുരേഷ് റെയ്‌ന. 193 മത്സരങ്ങളില്‍ 33.28 ശരാശരിയില്‍ 4527 റണ്‍സാണ് റെയ്‌നയുടെ സമ്പാദ്യം. ഒരു സെഞ്ചുറിയും 38 അര്‍ധ സെഞ്ചുറികളും ഉള്‍പ്പടെയാണിത്.  

സുരേഷ് റെയ്നയുടെ കുടുംബാംഗങ്ങളുടെ കൊലപാതകം; മൂന്ന് പേര്‍ അറസ്റ്റില്‍