ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും അതിന് ശേഷം വെസ്റ്റ് ഇന്‍ഡീസിന് എതിരായ മുഴുനീള പര്യടനവും വന്നതോടെയാണ് ഇന്ത്യ-അഫ്‌ഗാനിസ്ഥാന്‍ ഏകദിന പരമ്പര മാറ്റിവയ്‌ക്കേണ്ടി വന്നത്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ അഫ്‌ഗാനിസ്ഥാന് എതിരായ നീട്ടിവച്ച പരമ്പരയുടെ തിയതികള്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷം ജൂണ്‍ 23 മുതല്‍ ജൂണ്‍ 30 വരെ നടക്കേണ്ടിയിരുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര 2024 ജനുവരിയിലാണ് നടക്കുക എന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി. ബിസിസിഐ അപെക്‌സ് കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് ജയ് ഷായുടെ പ്രതികരണം. ബിസിസിഐയുടെ പുതിയ മീഡിയ റൈറ്റ്‌സിന്‍റെ കാര്യത്തില്‍ ഓഗസ്റ്റ് അവസാനം തീരുമാനമാകും എന്നും ഷാ വ്യക്തമാക്കി. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും അതിന് ശേഷം വെസ്റ്റ് ഇന്‍ഡീസിന് എതിരായ മുഴുനീള പര്യടനവും വന്നതോടെയാണ് ഇന്ത്യ-അഫ്‌ഗാനിസ്ഥാന്‍ ഏകദിന പരമ്പര മാറ്റിവയ്‌ക്കേണ്ടി വന്നത്. ഓസീസിനെതിരായ ഫൈനലിന് ശേഷം താരങ്ങള്‍ക്ക് വിശ്രമം നല്‍കാന്‍ ബിസിസിഐ പദ്ധതിയിട്ടതോടെ അഫ്‌ഗാന്‍ പരമ്പര നീട്ടിവയ്‌ക്കുകയായിരുന്നു. വിന്‍ഡീസിനെതിരായ പരമ്പരയ്‌ക്ക് ശേഷം അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയും ഏഷ്യാ കപ്പും വരുന്നതിനാല്‍ തിരക്കുപിടിച്ച് അഫ്‌ഗാനുമായി പരമ്പര കളിക്കേണ്ടതില്ല എന്ന തീരുമാനത്തില്‍ ബിസിസിഐ എത്തിച്ചേരുകയായിരുന്നു. ഇരു ക്രിക്കറ്റ് ബോര്‍ഡുകളും സംയുക്‌തമായാണ് പരമ്പര നീട്ടിവെക്കാന്‍ തീരുമാനമെടുത്തത്. ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കുന്ന ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയയുമായി മൂന്ന് ഏകദിനങ്ങളും ടൂര്‍ണമെന്‍റിന് ശേഷം അഞ്ച് ടി20കളും കളിക്കാനും ബിസിസിഐ തീരുമാനമെടുത്തിട്ടുണ്ട്. 

ഏഷ്യന്‍ ഗെയിംസ് 2023ന് മുമ്പ് ഇന്ത്യന്‍ വനിതാ ടീമിന്‍റെ സപ്പോര്‍ട്ടിംഗ് സ്റ്റാഫ് അംഗങ്ങളുടെ ഒഴിവ് നികത്തും. ഏഷ്യന്‍ ഗെയിംസിന് പുരുഷ, വനിതാ ടീമുകളെ അയക്കാന്‍ ബിസിസിഐ അപെക്‌സ് കൗണ്‍സില്‍ അനുമതി നല്‍കിയിട്ടുണ്ട്. വനിതകളില്‍ പ്രധാന ടീമിനെ തന്നെ അയക്കുമ്പോള്‍ പുരുഷന്‍മാരില്‍ രണ്ടാംനിര ടീമിനേയാവും ചൈനയിലെ ഹാങ്ഝൗവിലേക്ക് അയക്കുക. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലായാണ് ഏഷ്യാഡ് നടക്കുന്നത്. ഇരു വിഭാഗങ്ങളിലും ക്രിക്കറ്റ് സ്വര്‍ണം നേടാനാകുമെന്നാണ് ബിസിസിഐയുടെ പ്രതീക്ഷ. 

Read more: സഞ്ജു സാംസണ്‍ ഉണ്ടാകുമോ എന്നേ അറിയേണ്ടൂ; ഏഷ്യന്‍ ഗെയിംസിന് ടീമിനെ അയക്കാന്‍ അനുമതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാംAsianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News