ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ഏകദിന ടീമില്‍ സഞ്ജു സാംസണെ പരിഗണിക്കുന്നു എന്ന വാര്‍ത്തകള്‍ക്കിടയിലും, ഇന്ത്യ എ ടീമില്‍ താരത്തെ ഉള്‍പ്പെടുത്താത്തത് സംശയമുണര്‍ത്തുന്നു. 

മുംബൈ: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന ടീമില്‍ മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. റിഷഭ് പന്ത് പൂര്‍ണമായും കായികക്ഷമത വീണ്ടെടുത്തില്ലെങ്കില്‍ സഞ്ജുവിനെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറാക്കിയേക്കുമെന്നാണ് ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ധ്രുവ് ജുറല്‍ ബാക്ക് അപ്പ്് കീപ്പറാകുമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഓസ്‌ട്രേലിയയില്‍ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക. ഒക്ടോബര്‍ 19ന് പെര്‍ത്തിലാണ് ആദ്യ ഏകദിനം. രണ്ടാം മത്സരം 23ന് അഡ്‌ലെയ്ഡിലും അവസാന ഏകദിനം 25ന് സിഡ്‌നിയിലും നടക്കും.

രോഹിത് ശര്‍മയുടേയും വിരാട് കോലിയുടേയും മടങ്ങിവരവ് ഹൈലൈറ്റ് ചെയ്യപ്പെടുന്ന പരമ്പരയിലേക്കാണ് സഞ്ജുവിന്റെ സാധ്യതകള്‍ ചര്‍ച്ചയാകുന്നത്. ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡുണ്ട് സഞ്ജുവിന്. ഇതുവരെ കളിച്ചത് 16 ഏകദിനങ്ങള്‍, 14 ഇന്നിങ്‌സുകളില്‍ നിന്നായി 56.66 ശരാശരിയില്‍ 510 റണ്‍സ്. മൂന്ന് അര്‍ധ സെഞ്ച്വറികളും ഒരു ശതകവും അക്കൗണ്ടിലുണ്ട്. സ്‌ട്രൈക്ക് റേറ്റ് ആകട്ടെ 99.6 ആണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആയിരുന്നു സഞ്ജുവിന്റെ സെഞ്ചുറി. അന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 114 പന്തില്‍ 108 റണ്‍സായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. ആറ് ഫോറും മൂന്ന് സിക്‌സറുകളും.

സഞ്ജു ഏകദിന ടീമിലെത്തുമെന്നുള്ള വാര്‍ത്തുകള്‍ വരുമ്പോഴും മറ്റൊരു ചോദ്യം ബാക്കിയാവുന്നുണ്ട്. അങ്ങനെയങ്കില്‍, എന്തുകൊണ്ട് സഞ്ജുവിനെ ഓസ്‌ട്രേലിയ എ ടീമിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തിയില്ല? ഏഷ്യാ കപ്പില്‍ കളിച്ച തിലക് വര്‍മ, അഭിഷേക് ശര്‍മ, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ എന്നിവരെല്ലാം ഇന്ത്യയുടെ എ ടീമിലുണ്ട്. രണ്ടാം ഏകദിനം മുതലാണ് നാല് പേരും ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നത്. ശേഷിക്കുന്ന താരങ്ങളായ ശുഭ്മാന്‍ ഗില്‍, ജസ്പ്രിത് ബുമ്ര, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിനൊപ്പവും ചേര്‍ന്നു.

സഞ്ജുവിന് പുറമെ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, റിങ്കു സിംഗ്, ജിതേഷ് ശര്‍മ, ശിവം ദുബെ, തുടങ്ങിയവരൊന്നും ഇന്ത്യന്‍ എ ടീമിലേക്ക് പരിഗണിക്കപ്പെട്ടില്ല. പക്ഷേ സഞ്ജുവില്‍ നിന്ന് വ്യത്യസ്തമാണ് ഇവരുടെ കാര്യം. ഇവരാരും ഏകദിന ടീമിലേക്ക് പരിഗണിക്കപ്പെടുന്നവരല്ല. സഞ്ജു ആകട്ടെ അവസാനം കളിച്ച ഏകദിനത്തില്‍ സെഞ്ചുറി നേടിയിരിക്കുന്നു. ഏകദിന ടീമിലേക്ക് പരിഗണിക്കപ്പെടുന്നുണ്ടെങ്കില്‍ സഞ്ജു എന്തായാലും ഇന്ത്യയുടെ എ ടീമില്‍ ഉണ്ടാവേണ്ടിയിരുന്നതാണ്. അതുണ്ടായില്ല. അതുകൊണ്ടുതന്നെയാണ് സഞ്ജു അടുത്ത കാലത്തൊന്നും ഏകദിനം ജേഴ്‌സിയില്‍ കാണില്ലെന്ന് പറയുന്നത്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ റിഷഭ് പന്ത് ടീമിലെത്തിയില്ലെങ്കില്‍, കെ എല്‍ രാഹുലിനെ വിക്കറ്റ് കീപ്പര്‍ ആക്കാനായിരിക്കും സാധ്യത. ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായി ധ്രുവ് ജുറലും. ഇരുവരും വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ സെഞ്ചുറി നേടിയിരുന്നു. അതുകൊണ്ടുതന്നെ ഇരുവര്‍ക്കും വിളി വന്നേക്കും. ഇതില്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ രാഹുലാണ് വിക്കറ്റ് കീപ്പറായതും.

ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, രാഹുല്‍ എന്നിവര്‍ക്ക് ശേഷം വരുന്ന ആറാം നമ്പറാണ് പിന്നീട് അവശേഷിക്കുന്നത്. നിലവില്‍ അക്‌സര്‍ പട്ടേലും ഹാര്‍ദിക്കുമാണ് ഈ സ്ഥാനത്ത് കളിക്കുന്നത്. ആ സ്ഥാനത്തേക്ക് തിലക് വര്‍മ, റിയാന്‍ പരാഗ് എന്നിവരെ പരിഗണിച്ചാലും അത്ഭുതപ്പെടാനില്ല. ഇരുവരും ഓസ്‌ട്രേലിയ എ ടീമിനെതിര രണ്ടാം ഏകദിനത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ സഞ്ജുവിന് ടീമിലിടം ലഭിച്ചാലും, അന്തിമ ഇലവനിലേക്കുള്ള സാധ്യത എത്രത്തോളമുണ്ടെന്നത് ടീം ഘടനയെ ആശ്രയിച്ചിരിക്കും.

YouTube video player