ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യ എ ടീമിനായി കളിക്കുന്നത് ഇരുവര്‍ക്കും ഗുണം ചെയ്യുമെന്നാണ് വാദം.
മുംബൈ: കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പ് നേടിയ ശേഷമാണ് വിരാട് കോലിയും രോഹിത് ശര്‍മയും ആ ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചത്. ഈ വര്‍ഷം മെയ് മാസത്തില്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും ഇരുവരും പിന്മാറി. ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ് ഇരുവരും ഇപ്പോള്‍ കളിക്കുന്നത്. 2027 ഏകദിന ലോകകപ്പ് കളിക്കുകയാണ് ഇരുവരുടേയും ലക്ഷ്യം. എന്നാല്‍ പരിശീലകന്‍ ഗൗതം ഗംഭീറിനാവട്ടെ മറ്റൊരു തലമുറയെ വാര്‍ത്തെടുക്കാനാണ് ആഗ്രഹവും. ഒക്ടബോറില്‍ ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയാവും ഇരുവരുടേയും വിടവാങ്ങല്‍ മത്സരങ്ങളെന്ന വാര്‍ത്തുകളും പുറത്തുവന്നിരുന്നു.
എന്നാല്‍ പേര് വെളുപ്പെടുത്താത്ത ബിസിസിഐ ഉദ്യോഗസ്ഥന്‍ ഇത്തരം വാദങ്ങള്‍ തള്ളിയിരുന്നു. ലോകകപ്പില്‍ കളിക്കണമെങ്കില്‍ ഇരുവരും ആഭ്യന്തര ക്രിക്കറ്റില്‍ സജീവമാകേണ്ടതുണ്ട്. ഇരുവരും വിജയ് ഹസാരെ ട്രോഫി കളിക്കണെന്നാണ് ബിസിസിഐയിലെ ഒരു വിഭാഗം പറയുന്നത്. എന്നാല്‍ ഇരുവരും ഇന്ത്യ എ ടീമിന് കളിക്കണമെന്ന് വാദിക്കുന്നവരുമുണ്ട്. അതിനുള്ള അവസരവുമുണ്ട്. ഇന്ത്യയുടെ അടുത്ത ഏകദിന ദൗത്യം ഒക്ടോബര്‍ 19 മുതല്‍ 25 വരെ ഓസ്ട്രേലിയയ്ക്കെതിരായ എവേ പരമ്പരയാണ്.
പരമ്പരയ്ക്ക് മുമ്പ്, ജെയ്ക്ക് ഫ്രേസര്‍-മക്ഗുര്‍ക്കിന്റെ നേതൃത്വത്തിലുള്ള ഓസ്ട്രേലിയ എ ടീം നാട്ടില്‍ പര്യടനം നടത്തുന്നുണ്ട്. കോലിയും രോഹിതും ഇന്ത്യ എ മത്സരങ്ങള്‍ കളിച്ച് ഓസ്‌ട്രേലിയന്‍ പര്യടനത്തിന് തയ്യാറെടുക്കണമെന്ന് ബിസിസിഐയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. സെപ്റ്റംബര്‍ 30, ഒക്ടോബര്‍ 3, ഒക്ടോബര്‍ 5 തീയതികളില്‍ കാണ്‍പൂരിലാണ് മൂന്ന് മത്സരങ്ങള്‍ നടക്കുന്നത്. അതേസമയം സീനിയര്‍ ടീം അഹമ്മദാബാദില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റ് കളിക്കും.
ഡിസംബര്‍ 24ന് ആരംഭിക്കുന്ന വിജയ് ഹസാരെ ട്രോഫിക്ക് മുമ്പ് ഇരുവര്‍ക്കും ആറ് ഏകദിനങ്ങള്‍ കളിക്കാനുള്ള അവസരമാണുള്ളത്. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരെയാണത്. എന്തായാലും ഇരുവരുടേയും കാര്യത്തില്‍ ഇനി തീരുമാനമെടുക്കേണ്ടത് സെലക്ഷന്‍ കമ്മിറ്റിയാണ്. അതിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകരും.

