ഇന്ത്യയോ പാകിസ്ഥാനോ അല്ല, കിരീടമുയര്‍ത്തുക അവര്‍ തന്നെ; പ്രവചനവുമായി ഗവാസ്കര്‍, വിയോജിച്ച് പത്താന്‍
ചര്‍ച്ചയില്‍ പങ്കെടുത്ത ഇര്‍ഫാന്‍ പത്താന്‍ ഗവാസ്കറുടെ അഭിപ്രായത്തോട് വിയോജിച്ചു. അതിഥേയരായ ഇന്ത്യക്കാണ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ കിരീട സാധ്യതയെന്നും എല്ലാ മേഖലകളിലും ഇന്ത്യക്ക് മികവുറ്റ കളിക്കാരുണ്ടെന്നും പത്താന്‍ പറഞ്ഞു.

മുംബൈ: ഏകദിന ലോകകപ്പ് പോരാട്ടങ്ങള്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ കീരീട സാധ്യതയുള്ള ടീമിനെ പ്രവചിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍. ആതിഥേയരും ലോക ഒന്നാം റാങ്കുകാരുമാണെങ്കിലും ഇത്തവണ ലോകകപ്പ് ഉയര്‍ത്താന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ടീം ഇന്ത്യയല്ലെന്നാണ് ഗവാസ്കറുടെ പ്രവചനം. നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിന് തന്നെയാണ് ഇത്തവണയും കിരീടഭാഗ്യമുണ്ടാകുകയെന്നും ഗവാസ്കര്‍ സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ പറഞ്ഞു.
ജോസ് ബട്‌ലറുടെ നേതൃത്വത്തിലറങ്ങുന്ന ടീമിന് മികച്ച ബൗളിംഗ് ലൈനപ്പും ബാറ്റുകൊണ്ടും ബോളുകൊണ്ടും കളിയുടെ ഗതിമാറ്റാന്‍ കഴിയുന്ന രണ്ടോ മൂന്നോ മികച്ച ഓള്‍ റൗണ്ടര്‍മാരുമുണ്ട്. അവരുടെ ബൗളിംഗ് ലൈനപ്പും പരിയചസമ്പന്നരാണ്. ഇതിന് പുറമെയാണ് സ്ഫോടനാത്മശേഷിയുള്ള ബാറ്റിംഗ് നിര. ഇതൊക്കെ കണക്കിലെടുത്ത് ഞാനിപ്പോഴെ ഇംഗ്ലണ്ടിന്‍റെ പേരെഴുതിവെക്കുകാണെന്ന് ഗവാസ്കര്‍ ചര്‍ച്ചയില്‍ പറഞ്ഞു.
എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഇര്‍ഫാന്‍ പത്താന്‍ ഗവാസ്കറുടെ അഭിപ്രായത്തോട് വിയോജിച്ചു. അതിഥേയരായ ഇന്ത്യക്കാണ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ കിരീട സാധ്യതയെന്നും എല്ലാ മേഖലകളിലും ഇന്ത്യക്ക് മികവുറ്റ കളിക്കാരുണ്ടെന്നും പത്താന്‍ പറഞ്ഞു. ലോകകപ്പില്‍ ഇന്ത്യ എങ്ങനെ കളിക്കുന്നുവെന്നറിയാന്‍ എനിക്ക് ആകാംക്ഷയുണ്ട്. ലോകകപ്പിലെ ഫേവറൈറ്റുകളിലൊന്നാണ് ഇന്ത്യ എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ആഗ സല്‍മാന്‍റെ 'ആന വൈഡ്', ഒരു ദയയുമില്ലാതെ ബൗണ്ടറി കടത്തി ടോം ലാഥം-വീഡിയോ
ഏഷ്യാ കപ്പിലും നാട്ടില്‍ ഓസ്ട്രേലിയക്കെതിരെയും അവര്‍ പുറത്തെടുത്ത പ്രകടനങ്ങള്‍ അതിന് അടിവരയിടുന്നു. ടീമിലുള്ളവരെല്ലാം മികവ് കാട്ടുന്നുവെന്ന് മാത്രമല്ല, പ്ലേയിംഗ് ഇലവനില്‍ പലപ്പോഴും സ്ഥാനം കിട്ടാത്ത മുഹമ്മദ് ഷമി പോലും കിട്ടിയ അവസരം മുതലാക്കുന്നു. ലോകോത്തര ബൗളറായ ഷമിക്ക് പോലും പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ഉറപ്പില്ലെങ്കില്‍ ഇന്ത്യയുടെ കരുത്ത് ഊഹിക്കാവുന്നതേയുള്ളൂവെന്നും പത്താന്‍ പറഞ്ഞു.
ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഗുവാഹത്തിയില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ഒക്ടോബര്‍ അഞ്ചിന് തുടങ്ങുന്ന ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസിലന്‍ഡും തമ്മിലാണ് ആദ്യ മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക