ഇന്ത്യക്കായി കളിക്കാത്തപ്പോള്‍ താരങ്ങളെല്ലാം രഞ്ജി ട്രോഫിയില്‍ കളിക്കണമെന്ന് ബിസിസിഐ പറയുന്നത് വളരെ നല്ല കാര്യമാണ്. നിലവില്‍ രഞ്ജിയെക്കാള്‍ കൂടുതല്‍ പരിഗണന ഐപിഎല്ലിനാണ് കളിക്കാര്‍ നല്‍കുന്നത്.

ദില്ലി: രഞ്ജി ട്രോഫി കളിക്കാത്തതിന്‍റെ പേരില്‍ ഇഷാന്‍ കിഷനെയും ശ്രേയസ് അയ്യരെയും ബിസിസിഐ വാര്‍ഷി കരാറില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ സീനിയര്‍ താരങ്ങള്‍ രഞ്ജി ട്രോഫിയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിനെതിരെയും വിമര്‍ശനം. ഇന്ത്യക്കായി കളിക്കുന്ന താരങ്ങളെല്ലാം രഞ്ജി ട്രോഫിയില്‍ കളിക്കണമെന്ന നിബന്ധന ബിസിസിഐ കര്‍ശനമായി നടപ്പാക്കണമെന്നും സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും വിരാട് കോലിയെയും ഇതില്‍ നിന്ന് ഒഴിവാക്കരുതെന്നും മുന്‍ ഇന്ത്യന്‍ താരവും 1983ലെ ലോകകപ്പ് ടീം അംഗവുമായ കീര്‍ത്തി ആസാദ് പറഞ്ഞു.

ഇന്ത്യക്കായി കളിക്കാത്തപ്പോള്‍ താരങ്ങളെല്ലാം രഞ്ജി ട്രോഫിയില്‍ കളിക്കണമെന്ന് ബിസിസിഐ പറയുന്നത് വളരെ നല്ല കാര്യമാണ്. നിലവില്‍ രഞ്ജിയെക്കാള്‍ കൂടുതല്‍ പരിഗണന ഐപിഎല്ലിനാണ് കളിക്കാര്‍ നല്‍കുന്നത്. ഐപിഎല്‍ ആവേശകരമാണെന്നത് ശരിയാണ്. പക്ഷെ യഥാര്‍ത്ഥ പോരാട്ടം ടെസ്റ്റ് ക്രിക്കറ്റിലാണ് നടക്കുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്നത് കളിക്കാരന്‍റെ ഫോമനും ഫിറ്റ്നെസും നിലനിര്‍ത്താനും അനിവാര്യമാണ്. ഇന്ത്യക്കായി കളിക്കാത്തപ്പോഴെല്ലാം അത് രോഹിത് ശര്‍മയായാലും വിരാട് കോലിയായാലും ആഭ്യന്തര ക്രിക്കറ്റില്‍ അവരവരുടെ സംസ്ഥാനത്തിനായി കളിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്.

രഞ്ജി ട്രോഫി കളിക്കില്ലെന്ന ഇഷാൻ കിഷന്‍റെ നിലപാട് അത്ഭുതപ്പെടുത്തി, ബിസിസിഐ തീരുമാനത്തെ പിന്തുണച്ച് ഗാംഗുലി

കാരണം, അതാത് സംസ്ഥാന അസോസിയേഷനുകളാണ് ഓരോ കളിക്കാരനും ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറക്കുന്നത്. അതുകൊണ്ട് തന്നെ ഇപ്പോള്ഡ ശ്രേയസിനെയും ഇഷാന്‍ കിഷനെയും മാത്രം ശിക്ഷിച്ചത് ശരിയല്ല. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാത്ത എല്ലാ കളിക്കാരെയും ഒരുപോലെ ശിക്ഷിക്കണം. എല്ലാവരെയും ഒരേ കണ്ണാടിയിലൂടെ കാണണമെന്നും കീര്‍ത്തി ആസാദ് പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസങ്ങളായ സുമില്‍ ഗവാസ്കറും ബിഷന്‍ സിങ് ബേദിയും സ്ഥിരമായി ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചിരുന്നവരാണ്. ഇവര്‍ മാത്രമല്ല, മദന്‍ ലാല്‍, സുരീന്ദര്‍ അമര്‍നാഥ്, മൊഹീന്ദര്‍ അമര്‍നാഥ്, ചേതന്‍ ചൗഹാന്‍, സന്ദീപ് പാട്ടീല്‍, കഴ്സണ്‍ ഗാവ്‌റി, രവി ശാസ്ത്രി തുടങ്ങി ഇന്ത്യന്‍ ക്രിക്കറ്റിലെ പേരെടുത്ത എല്ലാ കളിക്കാരും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ തയാറായിട്ടുണ്ട്. അതുകൊണ്ട് തന്നെ ടെസ്റ്റ് ടീമിലുള്ള സീനിയര്‍ താരങ്ങളും അവരവരുടെ സംസ്ഥാനങ്ങള്‍ക്ക് കളിക്കാന്‍ തയാറാവണം. അവരവരുടെ സംസ്ഥാനങ്ങള്‍ക്ക് കളിക്കുന്നത് അഭിമാനമായി കാണാന്‍ കളിക്കാര്‍ക്കാവണമെന്നും കീര്‍ത്തി ആസാദ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക