മുംബൈ:ടി20 ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനെന്ന നേട്ടം സ്വന്തമാക്കി സുരേഷ് റെയ്ന. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ പുതുച്ചേരിക്കെതിരെ 12 റണ്‍സടിച്ച റെയ്ന ടി20 ക്രിക്കറ്റില്‍ 8000 റണ്‍സ് പിന്നിടുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്സ്മാനായി. മത്സരത്തില്‍ ഉത്തര്‍പ്രദേശ് 77 റണ്‍സിനാണ് ജയിച്ചത്.

8000 റണ്‍സ് പിന്നിട്ട് റെക്കോര്‍ഡിട്ടതിനൊപ്പം എംഎസ് ധോണിക്കുശേഷം 300 ടി20 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയും റെയ്ന സ്വന്തമാക്കി. ടി20 ക്രിക്കറ്റില്‍ 7833 റണ്‍സടിച്ചിട്ടുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് റെയ്നക്ക് തൊട്ടടുത്തള്ള ഇന്ത്യന്‍ കളിക്കാരന്‍. ലോക ക്രിക്കറ്റില്‍ ടി20 റണ്‍വേട്ടക്കാരില്‍ ആറാമതാണ് റെയ്ന.

ഡേവിഡ് വാര്‍ണര്‍(8111), ഷൊയൈബ് മാലിക്(8603), കീറോണ്‍ പൊള്ളാര്‍ഡ്(8839), ബ്രെണ്ടന്‍ മക്കല്ല(9922), ക്രിസ് ഗെയ്ല്‍(12298) എന്നിവരാണ് റെയ്നക്ക് മുന്നിലുള്ളവര്‍. ഏറെക്കാലമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുറത്തായ റെയ്ന ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ മാച്ച് വിന്നറാണ്.