ക്രിക്കറ്റിൽ താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച താരം ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ജാക്വിസ് കാലിസ് ആണെന്ന് മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗ്.

മെല്‍ബണ്‍: ക്രിക്കറ്റിൽ താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച താരത്തിന്‍റെ പേരുമായി മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്. സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിരാട് കോലിയും എ ബി ഡിവില്ലിയേഴ്സും അടക്കം മഹാരഥന്‍മാര്‍ നിരവധിയുണ്ടെങ്കിലും താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച കളിക്കാരന്‍ ദക്ഷിണാഫ്രിക്കൻ ഓള്‍ റൗണ്ടര്‍ ജാക്വിസ് കാലിസാണെന്ന് പോണ്ടിംഗ് പോഡ്കാസ്റ്റില്‍ പറഞ്ഞു.

ജാക്വിസ് കാലിസാണ് ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച താരം. മറ്റുള്ളവര്‍ എന്തുപറയുന്നു എന്ന് എനിക്ക് പ്രശ്നമല്ല, 13000ത്തില്‍ അധികം റണ്‍സും 44-45 സെഞ്ചുറികളും 300ൽ അധികം വിക്കറ്റുകളും നേടിയ മറ്റൊരു താരമുണ്ടോ. 300 ടെസ്റ്റ് വിക്കറ്റുകളോ 45 ടെസ്റ്റ് സെഞ്ചുറികളോ മാത്രമായി നേടിയ താരങ്ങളുണ്ടായിരിക്കും എന്നാല്‍ ഇത് രണ്ടും നേടിയ ഒരേയൊരു താരമെയുള്ളു, അത് കാലിസാണ്. ക്രിക്കറ്ററാകാന്‍ ജനിച്ച താരമാണ് കാലിസ്. ഇതിനെല്ലാം പുറമെ സ്ലിപ്പില്‍ അസാധാരണ ക്യാച്ചിംഗ് മികവുകൊണ്ടും കാലിസ് മികവ് കാട്ടി. ഒരുപക്ഷെ സ്ലിപ്പ് ഫീല്‍ഡറെന്ന നിലയില്‍ കാലിസിന്‍റെ മികവ് ആധികമാരും ശ്രദ്ധിച്ചിട്ടുണ്ടാകില്ല.

ദുബെ കളിച്ചാൽ ഇന്ത്യ ജയിക്കും, ടി20 ക്രിക്കറ്റിലെ തുടര്‍ ജയങ്ങളില്‍ അപൂര്‍വ റെക്കോര്‍ഡിട്ട് ഇന്ത്യൻ താരം

ഒതുങ്ങികൂടുന്ന കാലിസിന്‍റെ വ്യക്തിത്വം കൊണ്ട് അദ്ദേഹം മാധ്യമങ്ങളാല്‍ കൊണ്ടാടപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്‍രെ പ്രകടനങ്ങളെ വിസ്മൃതിയിലാക്കാന്‍ എളുപ്പമാണെന്നും പോണ്ടിംഗ് പറഞ്ഞു. 19 വര്‍ഷം നീണ്ട രാജ്യാന്തര കരിയറില്‍ 166 ടെസ്റ്റുകളിലും 328 ഏകദിനങ്ങളിലും കളിച്ച കാലിസ് ടെസ്റ്റില്‍ 13289 റണ്‍സും ഏകദിനങ്ങളില്‍ 11579 റണ്‍സും നേടി. ടെസ്റ്റില്‍ 292 വിക്കറ്റുകളും ഏകദിനങ്ങളിലും ഏകദിനങ്ങളില്‍ 273 വിക്കറ്റുകളും സ്വന്തമാക്കിയ കാലിസ് ടി20 ക്രിക്കറ്റില്‍ 12 വിക്കറ്റുകളും സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റ് റണ്‍വേട്ടയില്‍ മൂന്നാമതും ഏകദിന ക്രിക്കറ്റ് റണ്‍വേട്ടയില്‍ എട്ടാമനുമാണ് കാലിസ്. ആകെ 519 രാജ്യാന്തര മത്സരങ്ങളില്‍ 338 ക്യാച്ചുകളും കാലിസ് കൈപ്പിടിയിലൊതുക്കി. ടെസ്റ്റില്‍ 200 ക്യാച്ചുകളെടുത്ത നാലു താരങ്ങളിലൊരാളുമാണ് കാലിസ്.

View post on Instagram

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക