മൂന്ന് സാധ്യതകളാണ് പ്രധാനമായും സെലക്ടര്‍മാര്‍ക്ക് മുന്നിലുള്ളത്. ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ എയെ നയിക്കുന്ന തിലക് വര്‍മയാണ് ശ്രേയസിന്‍റെ പകരക്കാരനാവാനുള്ള മത്സരത്തില്‍ മുന്നിലുള്ളത്.

മുംബൈ:ഈ മാസം 30ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ ശ്രേയസ് അയ്യര്‍ കളിക്കുന്ന കാര്യം സംശയത്തില്‍. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഗുരുതരമായി പരിക്കേറ്റ ശ്രേയസ് ആശുപത്രി വിട്ടെങ്കിലും ഉടന്‍ ഏകദിന ടീമില്‍ തിരിച്ചെത്താനിടയില്ലെന്നാണ് റിപ്പോര്‍ട്ട്. ഓസ്ട്രേലിയയില്‍ തുടരുന്ന ശ്രേയസിന്‍റെ അഭാവത്തില്‍ ആരാകും ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യൻ മധ്യനിരയിലെത്തുക എന്ന ചര്‍ച്ചകളും സജീവമാണ്.

മൂന്ന് സാധ്യതകളാണ് പ്രധാനമായും സെലക്ടര്‍മാര്‍ക്ക് മുന്നിലുള്ളത്. ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ എയെ നയിക്കുന്ന തിലക് വര്‍മയാണ് ശ്രേയസിന്‍റെ പകരക്കാരനാവാനുള്ള മത്സരത്തില്‍ മുന്നിലുള്ളത്. ദക്ഷിണാഫ്രിക്ക എക്കെതിരായ പരമ്പരയില്‍ തിളങ്ങിയാല്‍ തിലക് സ്വാഭാവികമായും ഏകദിന ടീമിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിലക് കഴിഞ്ഞാല്‍ ഏകദിന ടീമിലേക്ക് പരിഗണിക്കാവുന്ന രണ്ടാമത്തെ താരം ധ്രുവ് ജുറെലാണ്. ദക്ഷിണഫ്രിക്കക്കെതിരായ രണ്ടാം ചതുര്‍ദിന ടെസ്റ്റില്‍ ഇന്ത്യ എക്കായി രണ്ട് ഇന്നിംഗ്സിലും അപരാജിയ സെഞ്ചുറി നേടി തിളങ്ങിയ ജുറെല്‍ ദക്ഷിണാഫ്രിക്കക്കെതിരെ 14ന് തുടങ്ങുന്ന ആദ്യ ടെസ്റ്റില്‍ ബാറ്ററായി മാത്രം ടീമിലെത്താനും സാധ്യതയുണ്ട്. മിന്നുംഫോമിലുള്ള ജുറെല്‍ ഏകദിന ടീമിലെത്തിയാലും അത്ഭുതപ്പെടാനില്ലെന്നാണ് വിലയിരുത്തല്‍.

പരിക്കില്‍ നിന്ന് മോചിതനായി ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി റിഷഭ് പന്തിനെ വീണ്ടും ഏകദിനങ്ങളിലേക്ക് പരിഗണിക്കുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു. കഴിഞ്ഞ വര്‍ഷമാണ് റിഷഭ് പന്ത് അവസാനമായി ഏകദിന ടീമില്‍ കളിച്ചത്. ഓള്‍ റൗണ്ട് മികവ് കൂടി കണക്കിലെടുത്താല്‍ റിയാന്‍ പരാഗിനെയും മധ്യേനിരയിലേക്ക് പരിഗണിക്കാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയിലെ പ്രകടനമാവും ശ്രേയസിന്‍റെ പകരക്കാരനെ തെരഞ്ഞെടുക്കുന്നകില്‍ നിര്‍ണായകമാകുക.

സഞ്ജുവിന്‍റെ സാധ്യതകള്‍

എ ടീമില്‍ മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ സഞ്ജുവിനെ മധ്യനിരയിലേക്ക് പരിഗണിക്കാനിടയില്ല. വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുല്‍ ഉള്ളതും സഞ്ജുവിന് മുന്നില്‍ വെല്ലുവിളിയാണ്. ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്കായി അവസാനം കളിച്ച ഏകദിനത്തില്‍ സെഞ്ചുറി നേടിയ സഞ്ജുവിനെ പിന്നീട ഏകദിന ടീമിലേക്ക് പരിഗണിച്ചിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക