147 പന്തില്‍ 133 റണ്‍സെടുത്ത് കമ്രാന്‍ പുറത്താകാതെ നിന്നപ്പോള്‍ ക്യാപ്റ്റൻ പരസ് ദോഗ്ര 10 റണ്ണുമായി വിജയത്തില്‍ കമ്രാന് കൂട്ടായി.

ദില്ലി: രഞ്ജി ട്രോഫി ചരിത്രത്തിലാദ്യമായി ഡല്‍ഹിയെ തോല്‍പ്പിച്ച് ജമ്മു കശ്മീര്‍. രഞ്ജി ട്രോഫി ചരിത്രത്തില്‍ 65 വര്‍ഷത്തിനിടെ പരസ്പരം ഏറ്റുമുട്ടിയ മത്സരങ്ങളില്‍ ഡല്‍ഹിക്കെതിരെ ജമ്മു കശ്മീരിന്‍റെ ആദ്യ ജയമാണിത്. രണ്ടാം ഇന്നിംഗ്സില്‍ 179 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ജമ്മു കശ്മീര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഓപ്പണര്‍ ഖമ്രാന്‍ ഇക്ബാലിന്‍റെ അപരാജിത സെഞ്ചുറിയാണ് ജമ്മു കശ്മീരിന് അവിസ്മരണീയ വിജയമൊരുക്കിയത്.

147 പന്തില്‍ 133 റണ്‍സെടുത്ത് കമ്രാന്‍ പുറത്താകാതെ നിന്നപ്പോള്‍ ക്യാപ്റ്റൻ പരസ് ദോഗ്ര 10 റണ്ണുമായി വിജയത്തില്‍ കമ്രാന് കൂട്ടായി. ശുഭം ഖജൂരിയ(8), വിവ്രാന്ത് ശര്‍മ(3), വന്‍ഷജ് ശര്‍മ(8) എന്നിവരുടെ വിക്കറ്റുകളാണ് ജമ്മു കശ്മീരിന് രണ്ടാം ഇന്നിംഗ്സില്‍ നഷ്ടമായത്. നേരത്തെ ആദ്യ ഇന്നിംഗ്സില്‍ ഡല്‍ഹി 211 റണ്‍സിന് പുറത്തായപ്പോള്‍ 310 റണ്‍സടിച്ച ജമ്മു കശ്മീര്‍ 99 റണ്‍സിന്‍റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിരുന്നു.

Scroll to load tweet…

രണ്ടാം ഇന്നിംഗ്സില്‍ ഡല്‍ഹി 277 റണ്‍സിന് പുറത്തായി.ആറ് വിക്കറ്റെടുത്ത വന്‍ഷജ് ശര്‍മയുടെ ബൗളിംഗാണ് ജമ്മു കശ്മീരിന് കരുത്തായത്. ആദ്യ ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റെടുത്ത അക്വിബ് നബിയുടെ ബൗളിംഗായിരുന്നു ഡല്‍ഹിയെ 211 റണ്‍സിന് പുറത്താക്കാന്‍ ജമ്മു കശ്മീരിനെ സഹായിച്ചത്. കഴിഞ്ഞ സീസണില്‍ മുൻ ചാമ്പ്യൻമാരായ മുംബൈയെ അട്ടിമറിച്ച് ജമ്മു കശ്മീര്‍ ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക