സഞ്ജു സാംസണ്‍ അല്ലേയല്ല, ഇഷാന്‍ കിഷന്‍ തിരിഞ്ഞുനോക്കണ്ടാ, ട്വന്‍റി 20 ലോകകപ്പില്‍ പ്രധാന വിക്കറ്റ് കീപ്പര്‍ മറ്റൊരാള്‍

മുംബൈ: വരാനിരിക്കുന്ന ട്വന്‍റി 20 ലോകകപ്പില്‍ വിക്കറ്റ് കീപ്പര്‍മാര്‍ ആരൊക്കെയാവണം എന്ന കാര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ കൂടിയാലോചനകള്‍ സജീവമാണ്. സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ധ്രുവ് ജൂറെല്‍, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ജിതേഷ് ശര്‍മ്മ എന്നിങ്ങനെയുള്ള പേരുകള്‍ ലോകകപ്പ് സെലക്ഷനിലേക്ക് സജീവമാണ്. ഇവരില്‍ സഞ്ജു സാംസണ്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പ്രതികൂലമാകുന്ന സൂചനയാണ് ഒടുവിലായി പുറത്തുവരുന്നത്. 

ടി20 ലോകകപ്പില്‍ വിക്കറ്റ് കീപ്പര്‍മാരാകാനാണ് ഇന്ത്യന്‍ ടീമില്‍ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്നത്. നിലവില്‍ സ്ഥാനം ടീമിന് പുറത്താണെങ്കിലും ഐപിഎല്ലോടെ ഇഷാന്‍ കിഷന്‍ മടങ്ങിവരവ് കാത്തിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറിലെ കാര്‍ അപകടത്തിന് ശേഷം രാജ്യാന്തര ക്രിക്കറ്റ് കളിച്ചിട്ടില്ലെങ്കിലും റിഷഭ് പന്താണ് പട്ടികയില്‍ പേരുള്ള മറ്റൊരാള്‍. വേറൊരാളാവട്ടെ രാജസ്ഥാന്‍ റോയല്‍സ് നായകനും മലയാളിയുമായ സഞ്ജു സാംസണ്‍ ആണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയ ഏകദിന സെഞ്ചുറിയുടെ ബലത്തില്‍ പ്രതീക്ഷ പുലര്‍ത്തുന്ന സഞ്ജുവിന് ഐപിഎല്‍ 2024ലെ പ്രകടനം നിര്‍ണായകമാകും. ഇപ്പോഴത്തെ ടെസ്റ്റ് വിക്കറ്റ് കീപ്പര്‍ ധ്രുവ് ജൂറെല്‍, ഫിനിഷര്‍ ജിതേഷ് ശര്‍മ്മ എന്നിവരും ടി20 ലോകകപ്പില്‍ സ്ഥാനം കൊതിക്കുന്നു. 

എന്നാല്‍ ഇവരെയെല്ലാം മറികടന്ന് മധ്യനിര ബാറ്റര്‍ കെ എല്‍ രാഹുല്‍ ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പറാവാനുള്ള പോരാട്ടത്തില്‍ ഒരുപടി മുന്നിലെത്തി എന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ റിപ്പോര്‍ട്ട്. നിലവില്‍ പരിക്കിന്‍റെ പിടിയിലാണെങ്കിലും ഐപിഎല്ലിന് മുമ്പ് രാഹുല്‍ ഫിറ്റ്നസ് വീണ്ടെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ വേദിയായ കഴിഞ്ഞ ഏകദിന ലോകകപ്പില്‍ രാഹുലായിരുന്നു വിക്കറ്റ് കീപ്പര്‍. ലോകകപ്പില്‍ ബാറ്റിംഗിലും കീപ്പിംഗിലും രാഹുല്‍ തിളങ്ങിയിരുന്നു. രാഹുലിന് പുറമെ മറ്റൊരാള്‍ കൂടി വിക്കറ്റ് കീപ്പറായി ലോകകപ്പ് സ്ക്വാഡിലുണ്ടാകും. 

ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ കുപ്പായത്തില്‍ കെ എല്‍ രാഹുലിന്‍റെ പ്രകടനം നിര്‍ണായകമാകും. 72 രാജ്യാന്തര ട്വന്‍റി 20കളുടെ പരിചയമുള്ള രാഹുല്‍ 2265 റണ്‍സ് നേടിയിട്ടുണ്ട്. ടി20 ഫോര്‍മാറ്റില്‍ ടീം ഇന്ത്യയുടെ മൂന്നാമത്തെ ഉയര്‍ന്ന റണ്‍വേട്ടക്കാരന്‍ രാഹുലാണ്. അതേസമയം അടിക്കടി പരിക്ക് പിടികൂടുന്ന രാഹുലിന് വിക്കറ്റ് കീപ്പറുടെ അധിക ചുമതല നല്‍കുന്നത് ഭാരം കൂട്ടുമോ എന്ന ആശങ്കയുണ്ട്. 

Read more: മമതയെ വീഴ്‌ത്താന്‍ ബിജെപിയുടെ യോര്‍ക്കര്‍? മുഹമ്മദ് ഷമിയെ ബംഗാളില്‍ സ്ഥാനാര്‍ഥിയാക്കാന്‍ നീക്കം സജീവം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം