നിലവിൽ ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യ 'എ' ടീമിന്‍റെ ഭാഗമാണ് ഗെയ്ക്‌വാദ്. ഗെയ്ക്‌വാദിനെ സീനിയർ ടീമിലേക്ക് ഉയർത്തുകയാണെങ്കിൽ, പകരം ആര്‍സിബി നായകന്‍ രജത് പടിദാർ ഇന്ത്യ 'എ' ടീമിലിടം പിടിച്ചേക്കും.

മുംബൈ: അടുത്ത ആഴ്ച ആരംഭിക്കാനിരിക്കുന്ന അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ നിന്ന് പരിക്കിനെ തുടര്‍ന്ന് വിരാട് കോലി വിട്ടു നില്‍ക്കുമെന്ന് ഉറപ്പായതോടെ പകരക്കാരനെക്കുറിച്ചുള്ള ചര്ച്ചകളും സജീവം. മലയാളി താരം സഞ്ജു സാംസണെ കോലിക്ക് പകരം ഏകദിന പരമ്പരയിലേക്ക് പരിഗണിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും കെ എല്‍ രാഹുലും ഇഷാന്‍ കിഷനും വിക്കറ്റ് കീപ്പര്‍മാരായി ഉള്ളതിനാല്‍ മൂന്നാമതൊരു വിക്കറ്റ് കീപ്പര്‍ ബാറ്ററെ പരിഗണിക്കാനിടയില്ലെന്നാണ പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഈ സാഹചര്യത്തില്‍ കോലിയുടെ പകരക്കാരനായി ചെന്നൈ സൂപ്പർ കിങ്സ് നായകൻ റുതുരാജ് ഗെയ്ക്‌വാദിനെ ഏകദിന ടീമിലേക്ക് പരിഗണിക്കുമെന്നാണ് സൂചനകൾ. നിലവിൽ ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യ 'എ' ടീമിന്‍റെ ഭാഗമാണ് ഗെയ്ക്‌വാദ്. ഗെയ്ക്‌വാദിനെ സീനിയർ ടീമിലേക്ക് ഉയർത്തുകയാണെങ്കിൽ, പകരം ആര്‍സിബി നായകന്‍ രജത് പടിദാർ ഇന്ത്യ 'എ' ടീമിലിടം പിടിച്ചേക്കും. അഫ്ഗാനിസ്ഥാൻ കൂടി പങ്കെടുക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കായി ഇന്ത്യ 'എ' ടീം ശ്രീലങ്കയിലേക്ക് തിരിക്കാനിരിക്കുകയാണ്.

ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള ഐപിഎൽ ഫൈനലിൽ വിജയറൺ കുറിച്ചതിന് പിന്നാലെയാണ് വിരാട് കോലിക്ക് പരിക്കേറ്റത്. കോലിക്ക് രണ്ട് ആഴ്ചത്തെ പൂർണ്ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിർദ്ദേശിച്ചിരിക്കുന്നതെന്ന് ബിസിസിഐ വൃത്തങ്ങൾ വാർത്താ ഏജൻസിയായ പിടിഐയോട് സ്ഥിരീകരിച്ചു. ഐപിഎല്ലിൽ ഒരു സെഞ്ച്വറിയും അഞ്ച് അർദ്ധസെഞ്ച്വറികളും ഉൾപ്പെടെ 675 റൺസടിച്ച കോലി മിന്നും ഫോമിലായിരുന്നു. കഴിഞ്ഞ വർഷം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം കോലി ഏകദിന ഫോർമാറ്റിൽ മാത്രമാണ് കോലി കളിക്കുന്നത്.

ജൂൺ 13-ന് ധർമ്മശാലയിലാണ് അഫ്ഗാനിസ്ഥാനെതിരെയുള്ള ആദ്യ ഏകദിന മത്സരം. രണ്ടാമത്തെ മത്സരം ജൂൺ 17-ന് ലഖ്‌നൗവിലും മൂന്നാമത്തേത് ജൂൺ 20-ന് ചെന്നൈയിലും നടക്കും. അഫ്ഗാൻ പരമ്പരയ്ക്ക് ശേഷം ജൂലൈ 14 മുതൽ ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്.

ഇന്ത്യൻ ഏകദിന ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, വിരാട് കോലി, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), കെ.എൽ. രാഹുൽ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, പ്രിൻസ് യാദവ്, ഗുർനൂർ ബ്രാർ, ഹർഷ് ദുബെ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക