ഐപിഎല്ലിലെ മികച്ച പ്രകടനത്തിന് ശേഷം ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സി ഭാവി ചര്‍ച്ചയാകുന്നു. രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ശ്രേയസിനെ പരിഗണിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്.

മുംബൈ: ഐപിഎല്‍ കിരീടപ്പോരില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് തോറ്റെങ്കിലും ഇന്ത്യൻ ക്രിക്കറ്റില്‍ ശ്രേയസ് അയ്യര്‍ക്ക് വീണ്ടുമൊരു ബ്രേക്ക് നല്‍കുകയാണ് ഐപിഎല്ലില്‍ പ‌ഞ്ചാബ് കിംഗ്സ് നടത്തിയ പോരാട്ടം. ക്യാപ്റ്റനെന്ന നിലയില്‍ ടീമിനെ മുന്നില്‍ നിന്ന് നയിച്ച ശ്രേയസ് അയ്യര്‍ക്ക് ഫൈനലില്‍ അടിതെറ്റിയെങ്കിലും ഇന്ത്യൻ ക്യാപ്റ്റനാവാനുള്ള മത്സരത്തില്‍ മുന്‍നിരയിലെത്താന്‍ ഐപിഎല്ലിലെ പ്രകടനം തുണക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

നിലവില്‍ ടി20യില്‍ നിന്നും ടെസ്റ്റില്‍ നിന്നും വിരമിച്ചെങ്കിലും ഏകദിനങ്ങളില്‍ രോഹിത് ശര്‍മ തന്നെയാണ് ഇന്ത്യൻ നായകന്‍. 2027ലെ ഏകദിന ലോകകപ്പ് കളിക്കുക എന്നതാണ് രോഹിത്തിന്‍റെ സ്വപ്നമെങ്കിലും അത് സാധ്യമാകുമോ എന്ന് വരും വര്‍ഷങ്ങളില്‍ മാത്രമെ വ്യക്തമാവു. ഇതിനിടെ രോഹിത്തിന്‍റെ പിന്‍ഗാമിയായി ഏകദിനത്തിലും ശുഭ്മാന്‍ ഗില്‍ നായകനാകുമെന്ന് കരുതിയിരിക്കെയാണ് ശ്രേയസ് അയ്യരുടെ പേര് കൂടി ബിസിസിഐയുടെ മുമ്പിലേക്ക് ഉയര്‍ന്നുവരുന്നത്. നിലവില്‍ ഏകദിന ടീമില്‍ മാത്രമാണ് ശ്രേയസ് കളിക്കുന്നതെങ്കിലും വൈകാതെ ടി20, ഏകദിന ടീമിലും ശ്രേയസിനെ പരിഗണിക്കേണ്ടിവരുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ കൊല്‍ക്കത്തക്ക് കിരീടം സമ്മാനിച്ചപ്പോഴും അതിന്‍റെ ക്രെഡിറ്റ് ശ്രേയസിനെക്കാള്‍ ലഭിച്ചത് ടീം മെന്‍ററായിരുന്നു ഗൗതം ഗംഭീറിനായിരുന്നു. എന്നാല്‍ 6 അണ്‍ ക്യാപ്ഡ് താരങ്ങളെ വെച്ച് പഞ്ചാബിനെ ഐപിഎല്‍ ഫൈനലിലേക്ക് നയിച്ചതോടെ ശ്രേയസിന്‍റെ നായകമികവ് ഇനിയും കണ്ടില്ലെന്ന് നടിക്കാൻ ബിസിസിഐക്ക് ആവില്ലെന്നാണ് വിലയിരുത്തല്‍. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്ക് മൂന്ന് വ്യത്യസ്ത ക്യാപ്റ്റൻമാരാണുള്ളത്. ടെസ്റ്റില്‍ ഗില്ലും ഏകദിനത്തില്‍ രോഹിത്തും ടി20യില്‍ സൂര്യകുമാര്‍ യാദവും. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിനുശേഷം സൂര്യകുമാറിന്‍റെ പിന്‍ഗാമിയായി ടി20 നായകസ്ഥാനത്തേക്കും ശ്രേയസിനെ പരിഗണിക്കാമെന്നും ബിസിസിഐ വിലയിരുത്തുന്നുണ്ട്.

ടെസ്റ്റ് ക്യാപ്റ്റനായി ഗില്ലിനെ നിലനിര്‍ത്തിക്കൊണ്ട് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ശ്രേയസ് അയ്യരെ നായകനാക്കുക എന്നതാണ് ബിസിസിഐയുടെ ആലോചനയിലുള്ള കാര്യം. എന്നാല്‍ കോച്ച് ഗൗതം ഗംഭീറിന്‍റെ നിലപാട് കൂടി ഇത്തരമൊരു തീരുമാനമെടുക്കുന്നതില്‍ നിര്‍ണായകമാകുമെന്നതിനാല്‍ ശ്രേയസിന് കുറച്ചുകൂടി കാത്തിരിക്കേണ്ടി വന്നേക്കാമെന്ന് കരുതുന്നവരുമുണ്ട്. വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും തിളങ്ങാനായില്ലെങ്കില്‍ ഗില്ലിന്‍റെ നായക മികവ് ചോദ്യം വീണ്ടും ചെയ്യപ്പെടും. ഇത്തരമൊരു സാഹചര്യം രോഹിത്തിന്‍റെ പിന്‍ഗാമിയെ തെരഞ്ഞെടക്കുന്നതില്‍ നിര്‍ണായകമാകുമെന്നാണ് കരുതുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക