ക്രിസ് വോക്സിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയെന്ന് വിധിക്കപ്പെട്ടെങ്കിലും, പന്ത് ലെഗ് സൈഡിലേക്ക് പോകുമെന്ന് യശസ്വി ആംഗ്യം കാണിച്ചു.

ലണ്ടൻ: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ രണ്ടാം അനൗദ്യോഗിക ചതുര്‍ദിന ടെസ്റ്റ് മത്സരത്തില്‍ അമ്പയര്‍ ഔട്ട് വിധിച്ചിട്ടും ക്രീസ് വിടാതെ നിന്ന് ഇന്ത്യൻ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍. ചുതര്‍ദിന മത്സരത്തിന്‍റെ ആദ്യ ദിനമാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ക്രിസ് വോക്സിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് യശസ്വി പുറത്തായത്. അസാധാരണ ഇൻ സ്വിംഗ് ലഭിച്ച വോക്സിന്‍റെ പന്ത് ലെഗ് സൈഡിലേക്ക് പോകുമെന്ന് വീഡിയോയില്‍ കാണാമെങ്കിലും അമ്പയര്‍ വോക്സിന്‍റെയും ഇംഗ്ലണ്ട് ലയൺസ് താരങ്ങളുടെയും അപ്പീലില്‍ ഔട്ട് വിളിക്കുകയായിരുന്നു.

25 പന്തില്‍ 17 റണ്‍സുമായി യശസ്വി ക്രീസില്‍ നില്‍ക്കുമ്പോഴായിരുന്നു ഇത്. അമ്പയര്‍ ഔട്ട് വിളിച്ച് ഇംഗ്ലണ്ട് ലയണ്‍സ് താരങ്ങള്‍ വിക്കറ്റ് ആഘോഷം തുടങ്ങിയിട്ടും ക്രീസ് വിടാതെ അതേ നില്‍പ്പ് തുടര്‍ന്ന യശസ്വി അത് ലെഗ് സ്റ്റംപിലേക്ക് പോകുന്ന പന്തല്ലെ എന്ന് കൈകൊണ്ട് ആംഗ്യം കാണിക്കുകയും ചെയ്തു. കുറച്ചു നേരം ക്രീസില്‍ തന്നെ നിന്നശേഷമാണ് ഒടുവില്‍ യശസ്വി ക്രീസ് വിട്ടത്. അനൗദ്യോഗിക ടെസ്റ്റ് മത്സരമായതിനാല്‍ അമ്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്യാനുള്ള ഡിആര്‍എസ് സംവിധാനം ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ അമ്പയറുടെ തീരുമാനം അനുസരിക്കുകയല്ലാതെ യശസ്വിക്ക് മറ്റ് മാര്‍ഗങ്ങളുമില്ലായിരുന്നു. 

Scroll to load tweet…

പരമ്പരയിലെ ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ അര്‍ധസെഞ്ചുറി നേടി യശസ്വി തിളങ്ങിയിരുന്നു. ചതുര്‍ദിന ടെസ്റ്റിന്‍റെ രണ്ടാം ദിനം ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 348 റണ്‍സിന് മറുപടിയായി ഇംഗ്ലണ്ട് ലയണ്‍സ് 192-3 എന്ന സ്കോറിലാണ് ക്രീസ് വിട്ടത്. 31 റൺസോടെ ജോര്‍ദാന്‍ കോക്സും റണ്ണൊന്നുമെടുക്കാതെ ജെയിംസ് റൂ ആണ് ക്രീസില്‍. 54 റണ്‍സെടുത്ത ഓപ്പണര്‍ ജെയിംസ് ഹെയ്ന്‍സും 71 റണ്‍സെടുത്ത എമിലോ ഗേയുമാണ് രണ്ടാം ദിനം ഇംഗ്ലണ്ട് ലയണ്‍സിനായി തിളങ്ങിയത്. പരമ്പരയിലെ ആദ്യ മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു. ഈ മാസം 20ന് തുടങ്ങുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലും ഇന്ത്യയുടെ ഓപ്പണറാണ് യസസ്വി ജയ്സ്വാള്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക