സൗരവ് ഗാംഗുലിയല്ല; റിക്കി പോണ്ടിംഗിന് പകരം ഡൽഹി ക്യാപിറ്റൽസ് പരീശലകനായി എത്തുക യുവരാജ് സിംഗ് ?
നേരത്തെ യുവരാജ് ഗുജറാത്ത് ടൈറ്റന്‍സ് പരിശീലകനാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗുജറാത്ത് പരിശീലകനായ ആശിഷ് നെഹ്റ പരിശീലക സ്ഥാനം ഒഴിയുമെന്നും പകരം യുവരാജ് പരിശീലകനാകുമെന്നുമായിരുന്നു റിപ്പോര്‍ട്ട്.
ദില്ലി: ഐപിഎല്‍ മെഗാ താരലേലത്തിന് മുമ്പ് പുതിയ പരിശീലകനെ തേടി ഡല്‍ഹി ക്യാപിറ്റല്‍സ്. കഴിഞ്ഞ സീസണോടെ സ്ഥാനമൊഴിഞ്ഞ റിക്കി പോണ്ടിംഗിന് പകരം മുന്‍ ഇന്ത്യൻ താരം യുവരാജ് സിംഗിനെയാണ് ഡൽഹി പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. പരിശീലകനാവണമെന്ന അഭ്യര്‍ഥനയുമായി ഡല്‍ഹി ടീം മാനേജ്മെന്‍റ് യുവിയെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് സീസണുകളിലും പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ട ഡല്‍ഹി കഴിഞ്ഞ സീസണില്‍ ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
നേരത്തെ യുവരാജ് ഗുജറാത്ത് ടൈറ്റന്‍സ് പരിശീലകനാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗുജറാത്ത് പരിശീലകനായ ആശിഷ് നെഹ്റ പരിശീലക സ്ഥാനം ഒഴിയുമെന്നും പകരം യുവരാജ് പരിശീലകനാകുമെന്നുമായിരുന്നു റിപ്പോര്‍ട്ട്. കഴിഞ്ഞ സീസണില്‍ ഗുജറാത്തിന്‍റെ പരിശീലകനായിരുന്ന ഗാരി കിര്‍സ്റ്റൻ പാകിസ്ഥാന്‍ ടീം പരിശീലകനായി ചുമതലയേറ്റിരുന്നു. ഈ സാഹചര്യത്തില്‍ നെഹ്റ തന്നെ ഗുജറാത്തിന്‍റെ പരിശീലകനായി വരും സീസണിലും തുടരുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് യുവിയെ പരിശീലകനാക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നീക്കം തുടങ്ങിയത്.
ആയുഷ്മാന്‍ ഖുറാനയോ രണ്‍ബീർ കപൂറോ അല്ല; സൗരവ് ഗാംഗുലിയുടെ ബയോപിക്കില്‍ നായകനായി ബംഗാളി സൂപ്പർതാരം
ജൂലൈയിലാണ് ഏഴ് വര്‍ഷത്തോടെ ഡല്‍ഹി പരിശീലകനായിരുന്ന റിക്കി പോണ്ടിംഗ് പരിശീലക സ്ഥാനം ഒഴിഞ്ഞത്. പോണ്ടിംഗിന് പകരം ടീം ഡയറക്ടറായ സൗരവ് ഗാംഗുലി പരിശീലകനായേക്കുമെന്ന് സൂചനയുണ്ടായിരുന്നു. ഗാംഗുലി തന്നെ താന്‍ പരിശീലക സ്ഥാനം ഏറ്റെടുത്തേക്കുമെന്നും സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഗാംഗുലിയുടെ പ്രിയ ശിഷ്യൻമാരിലൊരാള്‍ കൂടിയായ യുവിയെ ആണ് ഡല്‍ഹി ഇപ്പോള്‍ പരിശീലക സ്ഥാനത്തേക്ക് ഗൗരവമായി പരിഗണിക്കുന്നത്. ഐപിഎല്ലില്‍ മികവ് കാട്ടുന്ന അഭിഷേക് ശര്‍മയുടെയും ശുഭ്മാന്‍ ഗില്ലിന്‍റെയുമെല്ലാം മെന്‍ററായും യുവി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക