ന്യൂയോര്‍ക്ക്: ലോക ഒന്നാം നമ്പര്‍ നോവാക് ദ്യോക്കോവിച്ചിനെ മറികടന്ന് സ്വിസ് താരം സ്റ്റാനിസ്ലാസ് വാവ്‌റിങ്ക യുഎസ് ഓപ്പണിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. മത്സരത്തിനിടെ മൂന്നാം സെറ്റില്‍ ദ്യോക്കോവിച്ച് മത്സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇടത് തോളിനേറ്റ പരിക്കാണ് ദ്യോക്കോവിച്ചിന് വിനയായത്. മത്സരത്തില്‍ ആദ്യ രണ്ട് സെറ്റും നേടി വാവ്‌റിങ്ക മുന്നിട്ട് നില്‍ക്കെയായിരുന്നു നിലവിലെ ചാംപ്യന്റെ പിന്മാറ്റം. സ്‌കോര്‍ 4-6, 5-7, 1-2. 

അഞ്ചാം സീഡ് ഡാനില്‍ മെദ്‌വെദേവാണ് ക്വാര്‍ട്ടറില്‍ വാവ്‌റിങ്കയുടെ എതിരാളി. ജര്‍മനിയുടെ ഡൊമിനിക് കോഫറെ തോല്‍പ്പിച്ചാണ് റഷ്യന്‍ താരം ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍ 6-3, 3-6, 2-6, 6-7. മറ്റൊരു ക്വാര്‍ട്ടറില്‍ മുന്‍ ചാംപ്യന്‍ റോജര്‍ ഫെഡറര്‍ ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവിനെ നേരിടും. 

ഓസ്‌ട്രേലിയന്‍ താരം അലക്‌സ് ഡി മിനൗറിനെ തോല്‍പ്പിച്ചാണ് ദിമിത്രോവ് അവസാന എട്ടിലെത്തിയത്. സ്‌കോര്‍ 7-5, 6-3, 6-4. കഴിഞ്ഞ ദിവസം നടന്ന ഫെഡറര്‍ ബെല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിനെ തോല്‍പ്പിച്ചിരുന്നു. സ്‌കോര്‍ 6-2, 6-2, 6-0. വനിതകളില്‍ സെറീന വില്യംസ്, ജോഹാന്ന കോന്റ, വാങ് ക്വിയാങ് എന്നിവരും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.