കഴി‌ഞ്ഞ ഏകദിന ലോകകപ്പിലെ 'ത്രീഡി' പരീക്ഷണങ്ങള്‍ ഇക്കുറിയും വേണ്ടിവരുമോ? മനസുതുറന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 

മുംബൈ: ഏകദിന ടീമില്‍ നാലാം നമ്പര്‍ ബാറ്ററെ കണ്ടെത്തുക ടീം ഇന്ത്യക്ക് വലിയ വെല്ലുവിളിയായെന്ന് നായകന്‍ രോഹിത് ശര്‍മ്മ. യുവ്‌രാജ് സിംഗിന് ശേഷം വന്ന ഒരു താരത്തിനും ഏറെക്കാലം നാലാം നമ്പറില്‍ തുടരാന്‍ കഴിഞ്ഞില്ലെന്ന് ഹിറ്റ്‌മാന്‍ തുറന്നുപറഞ്ഞു. നാലാം നമ്പറിന് ഉചിതനായ താരമെന്ന് കരുതിയ ശ്രേയസ് അയ്യരുടെ പരിക്ക് ടീമിന് തിരിച്ചടിയായെന്നും ഹിറ്റ്‌മാന്‍ പറയുന്നുണ്ട്. റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങി പല താരങ്ങളെ പരീക്ഷിച്ച ഇന്ത്യ നിലവില്‍ ശ്രേയസിന്‍റെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവിനെയാണ് നാലാമനായി ഇറക്കുന്നത്. എന്നാല്‍ ട്വന്‍റി 20യിലെ ഫോമും മികവും ഏകദിനത്തില്‍ ആവര്‍ത്തിക്കാനാവാതെ സ്കൈ വിമര്‍ശനം നേരിടുന്നതിനിടെയാണ് രോഹിത്തിന്‍റെ വാക്കുകള്‍. 

ഏകദിന ഫോര്‍മാറ്റില്‍ ഏറെ നിര്‍ണായകമായി കരുതുന്ന ബാറ്റിംഗ് പൊസിഷനാണ് നാലാം നമ്പര്‍. യുവിക്ക് ശേഷം ടീം ഇന്ത്യയുടെ നാലാം നമ്പറില്‍ പല താരങ്ങള്‍ വന്നെങ്കിലും ആരും ക്രീസില്‍ ക്ലച്ച് പിടിച്ചില്ല. 2019ലെ ഏകദിന ലോകകപ്പില്‍ അമ്പാട്ടി റായുഡുവിനെ തള്ളി വിജയ് ശങ്കറെ നാലാം നമ്പറില്‍ കളിപ്പിച്ച പരീക്ഷണം അമ്പേ പാളി. 'ത്രീഡി' ക്രിക്കറ്റര്‍ എന്ന വിശേഷണത്തോടെയാണ് താരത്തെ ഇംഗ്ലണ്ടിലെ ടൂര്‍ണമെന്‍റില്‍ ഇറക്കിയതെങ്കിലും ലോകകപ്പിലെ ഏറ്റവും മോശം തീരുമാനമായി ഇത്. ഇതിന് ശേഷം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നാലാം നമ്പര്‍ താരത്തെ ഏകദിനത്തില്‍ ഉറപ്പിക്കാന്‍ ടീം ഇന്ത്യക്കായിട്ടില്ല. ഇതൊരു വലിയ വെല്ലുവിളിയായി ടീം മാനേജ്‌മെന്‍റിന് മാറിയെന്ന് സമ്മതിക്കുന്നതാണ് രോഹിത് ശര്‍മ്മയുടെ വാക്കുകള്‍. 

'പരിക്കുകള്‍ കാരണം ഏകദിനത്തില്‍ ഉചിതനായ നാലാം നമ്പര്‍ താരത്തെ കണ്ടെത്തുക കുറച്ച് പ്രയാസമാണ്. നാലാം നമ്പര്‍ നമുക്കൊരു പ്രശ്‌നമാണ്. യുവിക്ക് ശേഷം ഒരു താരവും ആ പൊസിഷനില്‍ ഏറെക്കാലം കളിച്ചിട്ടില്ല. ശ്രേയസ് അയ്യര്‍ ബാറ്റ് ചെയ്യുകയും മികച്ച റെക്കോര്‍ഡ് സ്വന്തമാക്കുകയും ചെയ്‌തെങ്കിലും പരിക്ക് ബുദ്ധിമുട്ടിച്ചു. അതിനാല്‍ സമീപ വര്‍ഷങ്ങളില്‍ പല താരങ്ങളെയാണ് ഈ ബാറ്റിംഗ് സ്ഥാനത്ത് കണ്ടത്. കെ എല്‍ രാഹുലും ശ്രേയസ് അയ്യരും നാല് മാസമായി ദേശീയ ക്രിക്കറ്റ് അക്കാഡമിയിലാണുള്ളത്. ഇരുവരും കഠിന പ്രയത്നമാണ് തിരിച്ചുവരവിനായി നടത്തുന്നത്. അതിനാല്‍ ഇരുവരും മൈതാനത്തേക്ക് ഉടന്‍ തിരിച്ചെത്തും' എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും രോഹിത് ശര്‍മ്മ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. 

Read more: ബുമ്ര, സിറാജ്, ഷമി അല്ല; ലോകകപ്പിലെ നിര്‍ണായക ബൗളറുടെ പേരുമായി ആകാശ് ചോപ്ര

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം