ഹാമില്‍ട്ടണ്‍: ഒരു ഇടവേളയ്‌ക്ക് ശേഷം ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ഋഷഭ് പന്ത് ഫോമിന്‍റെ സൂചനകള്‍ കാണിച്ചിരിക്കുന്നു. ടെസ്റ്റ് പരമ്പരയ്‌ക്ക് മുന്‍പ് ന്യൂസിലന്‍ഡ് ഇലവനെതിരായ പരിശീലന മത്സരത്തില്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയാണ് പന്ത് നേടിയത്. 65 പന്ത് നേരിട്ട താരം നാല് വീതം ഫോറും സിക്‌സും പറത്തി. ഡാരില്‍ മിച്ചലിന്‍റെ പന്തില്‍ ക്ലീവര്‍ പിടിച്ച് ഋഷഭ് പുറത്താവുകയായിരുന്നു. 

തകര്‍പ്പന്‍ ഇന്നിംഗ്‌സ് പുറത്തെടുത്തതും ട്വിറ്ററില്‍ ട്രെന്‍ഡിംഗായി ഋഷഭ് പന്ത്. പന്തിനെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തി. ഹാമില്‍ട്ടണില്‍ ആദ്യ ഇന്നിംഗ്‌സില്‍ 10 പന്തില്‍ ഏഴ് റണ്‍സെടുത്ത് പുറത്തായ പന്ത് ഏറെ വിമര്‍ശനങ്ങള്‍ കേട്ടിരുന്നു. ഇതിനെല്ലാമുള്ള മറുപടിയായി പരിശീലന മത്സരത്തിലെ പന്തിന്‍റെ ഇന്നിംഗ്‌സ്.  

ഋഷഭ് പന്തും മായങ്ക് അഗര്‍വാളും രണ്ടാം ഇന്നിംഗ്‌സില്‍ അര്‍ധ സെഞ്ചുറിയുമായി തിളങ്ങിയപ്പോള്‍ ത്രിദിന പരിശീലന മത്സരത്തില്‍ ഇന്ത്യ സമനില നേടി. മായങ്ക് 99 പന്തില്‍ 81 റണ്‍സെടുത്ത് റിട്ടയര്‍ഡ് ഹര്‍ട്ടായി. മൂന്നാംദിനം ഇന്ത്യ 48 ഓവറില്‍ 252-4 എന്ന സ്‌കോറില്‍ നില്‍ക്കേ മത്സരം അവസാനിപ്പിക്കാന്‍ ഇരു ക്യാപ്റ്റന്‍മാരും തീരുമാനിക്കുകയായിരുന്നു. സ്‌കോര്‍: ന്യൂസിലന്‍ഡ് ഇലവന്‍-235, ഇന്ത്യ-263, 252/4 (48.0).