വെല്ലിംഗ്‌ടണ്‍: രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ നിരാശാജനകമായ പ്രകടനം തുടരുന്നു. തുടര്‍ച്ചയായ 19-ാം ഇന്നിംഗ്സിലും കോലി സെഞ്ചുറിയില്ലാതെ മടങ്ങി. രണ്ട് റൺസ് മാത്രമാണ് വെല്ലിംഗ്ടൺ ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സിൽ കോലി നേടിയത്. ബംഗ്ലാദേശിനെതിരെ കഴിഞ്ഞ വര്‍ഷം ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റിലാണ് കോലി അവസാനം സെഞ്ചുറി നേടിയത്. 

ന്യൂസിലന്‍ഡിലെ നാല് ട്വന്‍റി 20യിൽ 125 റണ്‍സും മൂന്ന് ഏകദിനത്തില്‍ 75 റൺസുമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടിയത്. ഒരു അര്‍ധ സെഞ്ചുറി മാത്രമേ ന്യൂസിലന്‍ഡിൽ കോലി ഇതുവരെ നേടിയുള്ളൂ.

വെല്ലിംഗ്‌ടണില്‍ ഇന്ത്യന്‍ തകര്‍ച്ച

അതേസമയം വെല്ലിംഗ്‌ടണ്‍ ടെസ്റ്റില്‍ ടീം ഇന്ത്യയുടെ നില ഒട്ടും സുരക്ഷിതമല്ല. മഴ കാരണം 55 ഓവറിലേക്ക് ഒതുങ്ങിയ ആദ്യദിനം ഇന്ത്യ അഞ്ച് വിക്കറ്റിന് 122 റൺസെന്ന നിലയിലാണ്. ടെസ്റ്റ് അരങ്ങേറ്റം കളിക്കുന്ന പേസര്‍ കെയ്‌ല്‍ ജൈമിസനാണ് ഇന്ത്യയെ തകര്‍ത്ത്. ചേതേശ്വര്‍ പൂജാര(11), വിരാട് കോലി(2), ഹനുമ വിഹാരി(ഏഴ്) എന്നിവരെ ഇരുപത്തിയാറുകാരനായ ജമൈസന്‍ എറിഞ്ഞിട്ടു. പൃഥ്വി ഷായെ(16) സൗത്തിയും മായങ്ക് അഗര്‍വാളിനെ(34) ബോള്‍ട്ടും പുറത്താക്കി.  

രാഹുല്‍ ദ്രാവിഡിന് ശേഷം വിദേശപിച്ചുകളില്‍ ഇന്ത്യയുടെ വിശ്വസ്തനായ അജിന്‍ക്യ രഹാനെ 38ഉം യുവതാരം ഋഷഭ് ഷഭ് പന്ത് 10ഉം റൺസുമായി ക്രീസിലുണ്ട്. ലോകത്തെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ എന്ന് കോലി വിശേഷിപ്പിക്കുന്ന വൃദ്ധിമാന്‍ സാഹയ്‌ക്ക് പകരമാണ് പന്ത് ടീമിലെത്തിയത്. ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും 100 രാജ്യാന്തര മത്സരം തികയ്‌ക്കുന്ന ആദ്യതാരമായ റോസ് ടെയ്‍‍ലര്‍ മാറിയതും വെല്ലിംഗ്ടണിലെ സവിശേഷതയായി.