ബേ ഓവല്‍: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര തൂത്തുവാരിയ ടീം ഇന്ത്യ ഏകദിനത്തില്‍ വൈറ്റ്‌വാഷിന് അരികെയാണ്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ട് ഏകദിനവും ഇന്ത്യ തോറ്റിരുന്നു. അവസാന മത്സരം നാളെ ബേ ഓവലില്‍ നടക്കുമ്പോള്‍ ടീം ഇന്ത്യക്ക് ആശ്വാസജയം കൂടിയേ തീരൂ. എന്നാല്‍ മത്സരത്തില്‍ വിജയിക്കണമെങ്കില്‍ ഇന്ത്യന്‍ ടീമിന് ഒരു പോരായ്‌മ തിരുത്തണം. 

ഹിറ്റ്മാന്‍ ഇല്ലാത്തത് കനത്ത തിരിച്ചടിയായി

ഏകദിന പരമ്പരയില്‍ ഇതുവരെ ഇന്ത്യന്‍ മുന്‍നിര ഫോമിലേക്കുയര്‍ന്നിട്ടില്ല. പുതു ഓപ്പണിംഗ് ജോഡിയായ പൃഥ്വി ഷായെയും മായങ്ക് അഗര്‍വാളിനെയും പരീക്ഷിച്ച നീലപ്പടയ്‌ക്ക് നിരാശയായിരുന്നു ഫലം. രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും പരിക്കിന്‍റെ പിടിയിലായിരിക്കവേയാണ് പകരക്കാരന്‍ നിരാശപ്പെടുത്തുന്നത്. രോഹിത് ശര്‍മ്മയുടെ അസാന്നിധ്യമാണ് കനത്ത തിരിച്ചടിയായത്. കഴിഞ്ഞ 12 മാസക്കാലം ഓപ്പണറായ ഹിറ്റ്‌മാന്‍റെ ബാറ്റിംഗ് ശരാശരി 57.30 ആണ്. 

ആദ്യ ഏകദിനത്തില്‍ പൃഥ്വി 20 ഉം മായങ്ക് അഗര്‍വാള്‍ 32 ഉം റണ്‍സ് മാത്രമാണ് നേടിയത്. രണ്ടാം മത്സരത്തില്‍ മായങ്ക് മൂന്നില്‍ പുറത്തായപ്പോള്‍ ഷായ്‌ക്ക് 24 റണ്‍സേ നേടാനായുള്ളൂ. കഴിഞ്ഞ രണ്ട് മത്സരങ്ങളിലായി 66 റണ്‍സാണ് മൂന്നാം നമ്പറിലിറങ്ങുന്ന നായകന്‍ വിരാട് കോലിക്ക് നേടാനായത്. മധ്യനിരയില്‍ കെ എല്‍ രാഹുലിനും ശ്രേയസ് അയ്യര്‍ക്കും ഇതോടെ ജോലിഭാരം കൂടി. ഏകദിന പരമ്പരയില്‍ ടീം ഇന്ത്യക്ക് ഇക്കുറി ആശ്വാസജയം നേടണമെങ്കില്‍ മുന്‍നിരയുടെ വീഴ്‌ച മറികടന്നേപറ്റൂ. 

Read more: ആശ്വാസജയം തേടി ഇന്ത്യ, തൂത്തുവാരി കണക്കുതീര്‍ക്കാന്‍ കിവീസ്; മൂന്നാം ഏകദിനം നാളെ