ന്യൂസിലന്‍ഡിനെതിരായ വനിതാ ഏകദിനത്തില്‍ റിച്ചാ ഘോഷുമൊത്ത് (Richa Ghosh) 100 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തിയപ്പോഴാണ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ റെക്കോഡ് പിറന്നത്. മിതാലിയുടെ നേട്ടത്തില്‍ റിച്ചയ്ക്കും പങ്കുണ്ട്.
വെല്ലിംഗ്ടണ്‍: ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഒരിക്കല്‍ പോലും തകര്‍ക്കാന്‍ സാധ്യതയില്ലാത്ത റെക്കോര്‍ഡ് സ്വന്തമാക്കി മിതാലി രാജ് (Mithali Raj). ന്യൂസിലന്‍ഡിനെതിരായ വനിതാ ഏകദിനത്തില്‍ റിച്ചാ ഘോഷുമൊത്ത് (Richa Ghosh) 100 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തിയപ്പോഴാണ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ റെക്കോഡ് പിറന്നത്. മിതാലിയുടെ നേട്ടത്തില്‍ റിച്ചയ്ക്കും പങ്കുണ്ട്.
മിതാലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയതിന് ശേഷമാണ് റിച്ച ജനിക്കുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ 1999ലാണ് അരങ്ങേറുന്നത്. റിച്ച ജനിച്ചതാവട്ടെ 2003ലും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ രസകരമായ സംഭവം നടക്കുന്നത്. ഒരുപക്ഷേ വരുംകാലങ്ങളില്‍ ഒരിക്കല്‍ പോലും സംഭവിക്കാന്‍ സാധ്യതയില്ലാത്ത സംഭവമായിരിക്കുമിത്.
ക്യാപ്റ്റനെന്ന നിലയില്‍ ഏകദിന ക്രിക്കറ്റില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കാനും മിതാലിക്കായി. ഇക്കാര്യത്തില്‍ ഓസ്‌ട്രേലിയയുടെ ബെലിന്‍ഡ് ക്ലാര്‍ക്ക് (4150) രണ്ടാമതാണ്. അതേസമയം റിച്ചയെ തേടിയും ഒരു റെക്കോര്‍ഡെത്തി. വനിതകളുടെ ഏകദിനത്തില്‍ അര്‍ധ സെഞ്ചുറി (64) നേടുന്ന പ്രായം കുറഞ്ഞ ബാറ്ററായിരിക്കുകയാണ് റിച്ച.
ഇത്രയൊക്കെയാണെങ്കില്‍ മത്സരം ഇന്ത്യ തോറ്റു. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ആതിഥേയര്‍ 49 ഓവറില്‍ ഏഴ് വിക്കറ്റ് ലക്ഷ്യം മറികടന്നു. 119 റണ്‍സുമായി പുറത്താവാതെ നിന്ന് അമേലിയ കെര്‍ കിവീസിനെ വിജയത്തിലേക്ക് നയിച്ചു. മാഡി ഗ്രീന്‍ 52 റണ്‍സ് നേടി. ദീപ്തി ശര്‍മ നാല് വിക്കറ്റ് നേടി.
നേരത്തെ മിതാലി (66), റിച്ച (65) എന്നിവര്‍ക്ക് പുറമെ ഓപ്പണര്‍ സഭിനേനി മേഘ്‌ന (49) മികച്ച പ്രകടനം പുറത്തെടുത്തു. ഷെഫാലി വര്‍മ (24), യാഷ്ടിക ഭാട്ടിയ (31), ഹര്‍മന്‍പ്രീത് കൗര്‍ (10), പൂജ വസ്ത്രകര്‍ (11) എന്നിങ്ങനെയാണ് മറ്റുള്ള താരങ്ങളുടെ സ്‌കോര്‍. ദീപ്തി (1) മിതാലിക്കൊപ്പം പുറത്താവാതെ നിന്നു. സോഫി ഡിവൈന്‍ കിവീസിനായി ഒരു വിക്കറ്റ് നേടി. ഇതോടെ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ന്യൂസിലന്‍ഡ് 2-0ത്തിന് മുന്നിലെത്തി.
