Asianet News MalayalamAsianet News Malayalam

ഓക്‌ലന്‍ഡില്‍ നാളെ വിക്കറ്റ് കീപ്പറാവുക ആര്; മറുപടിയുമായി കോലി; ലൈനപ്പ് സൂചനകളും പുറത്ത്

ഓക്‌ലന്‍ഡില്‍ നാളെ ന്യൂസിലന്‍ഡിനെതിരെ ആദ്യ ടി20യില്‍ വിക്കറ്റ് കീപ്പര്‍ ആരാവും എന്ന് വ്യക്തമാക്കി നായകന്‍ വിരാട് കോലി. ബാറ്റിംഗ് ലൈനപ്പിനെ കുറിച്ചും സൂചനകള്‍. 

NZ vs IND Virat Kohli confirms KL Rahul wicket keeper in Auckland T20i
Author
Auckland, First Published Jan 23, 2020, 3:27 PM IST
  • Facebook
  • Twitter
  • Whatsapp

ഓക്‌ലന്‍ഡ്: കെ എല്‍ രാഹുലോ ഋഷഭ് പന്തോ...ഓക്‌ലന്‍ഡില്‍ വെള്ളിയാഴ്‌ച ന്യൂസിലന്‍ഡിനെതിരെ ആദ്യ ടി20യില്‍ ആരായിരിക്കും ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍. ഏവരും തലപുകയ്‌ക്കാന്‍ കാരണമുണ്ട്. ബാറ്റും ഗ്ലൗസും കൊണ്ട് ഒരേസമയം തിളങ്ങാനാവുമെന്ന് തെളിയിച്ച രാഹുല്‍, പന്തിനെ തെറിപ്പിക്കുമോ എന്നതാണ് ഏവരെയും ചിന്തിപ്പിക്കുന്നത്. മത്സരത്തിന് മുന്‍പുള്ള വാര്‍ത്താസമ്മേളനത്തില്‍ വിരാട് കോലി ഇക്കാര്യത്തില്‍ കൃത്യമായ മറുപടി നല്‍കി.

പന്തിന്‍റെ കാര്യം തുലാസില്‍...രാഹുലിന് പിന്തുണ

NZ vs IND Virat Kohli confirms KL Rahul wicket keeper in Auckland T20i

ഓസീസിനെതിരെ തിളങ്ങിയ കെ എല്‍ രാഹുല്‍ കിവികളുടെ നാട്ടില്‍ പരിമിത ഓവര്‍ ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പറായി തുടരുമെന്ന് കോലി സ്ഥിരീകരിച്ചു. രണ്ട് ഉത്തരവാദിത്വങ്ങളിലും(ബാറ്റിംഗിലും വിക്കറ്റ് കീപ്പിംഗിലും) രാഹുല്‍ തിളങ്ങുന്നത് ടീം ഇന്ത്യക്ക് കൂടുതല്‍ സന്തുലനം നല്‍കുന്നുവെന്നും കോലി പറഞ്ഞു. 

'ഓസ്‌ട്രേലിയക്കെതിരെ രാജ്‌കോട്ടില്‍ എന്താണോ ചെയ്തത് അത് ഏകദിനത്തില്‍ തുടരാനാണ് തീരുമാനം. ടീമെന്ന നിലയില്‍ ഏറ്റവും മികച്ചത് നടപ്പാക്കാനാണ് ശ്രമം. ഏകദിനത്തില്‍ ടോപ് ഓഡറില്‍ മറ്റൊരു താരവും രാഹുല്‍ മധ്യനിരയിലുമാണ് കളിക്കേണ്ടത്. എന്നാല്‍ ടി20യില്‍ ചില മാറ്റങ്ങളുണ്ടാവും. മികവ് തെളിയിച്ചിട്ടുള്ള കൂടുതല്‍ ബാറ്റ്സ്‌മാന്‍മാര്‍ ഉള്ളതിനാല്‍ ലോവര്‍ ഓ‍ഡറില്‍ നിരവധി ഓപ്‌ഷനുകളുണ്ട്. അതിനാല്‍ രാഹുല്‍ ടോപ് ഓഡറില്‍ ഇറങ്ങാനാണ് സാധ്യത'- കോലി വ്യക്തമാക്കി. 

ഒരു ബാറ്റ്സ്‌മാനെ അധികം ഉള്‍പ്പെടുത്താം

NZ vs IND Virat Kohli confirms KL Rahul wicket keeper in Auckland T20i

'ടീം ആവശ്യപ്പെടുമ്പോള്‍ എന്ത് ചുമതല ഏറ്റെടുക്കാനും രാഹുല്‍ തയ്യാറാവുന്നത് ആശ്ചര്യപ്പെടുത്തുന്നു. രാഹുല്‍ ഒരു ടീം പ്ലെയറാണ്. എപ്പോഴും അവസരങ്ങള്‍ക്കായി ഉറ്റുനോക്കുന്ന, മികവ് കാട്ടാന്‍ ശ്രമിക്കുന്ന താരം. എന്നാല്‍ അതിനെ കുറിച്ചൊന്നും താരത്തിന് ആശങ്കകളില്ല. രണ്ട് കാര്യങ്ങള്‍ ഒരേസമയം ചെയ്യാന്‍ കഴിയുന്ന ഒരാള്‍ ടീമിലുള്ളത് സന്തോഷം നല്‍കുന്നു, ടീമിനെ സന്തുലിതമാക്കുന്നു. വിക്കറ്റ് കീപ്പറായും രാഹുല്‍ തുടരുന്നതോടെ ഒരു ബാറ്റ്സ്‌മാനെ അധികം ഉള്‍ക്കൊള്ളിക്കാന്‍ കഴിയുമെന്നും' കോലി വ്യക്തമാക്കി.

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ബാറ്റ്സ്‌മാനായും വിക്കറ്റ് കീപ്പറായും തിളങ്ങിയിരുന്നു കെ എല്‍ രാഹുല്‍. മുംബൈയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ മൂന്നാമനായി ഇറങ്ങി 47 റണ്‍സെടുത്ത രാഹുല്‍ രാജ്‌കോട്ടിലെ രണ്ടാം മത്സരത്തില്‍ അഞ്ചാം നമ്പറില്‍ 80 റണ്‍സുമായി ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി. എന്നാല്‍ ബെംഗളൂരുവിലെ അവസാന ഏകദിനത്തില്‍ ഓപ്പണറായ രാഹുലിന് 19 റണ്‍സെടുക്കാനേ ആയുള്ളൂ. ബൗണ്‍സറേറ്റ് പന്തിന് പരിക്കേറ്റതോടെയാണ് കെ എല്‍ രാഹുലിന് വിക്കറ്റിന് പിന്നില്‍ അവസരം ലഭിച്ചത്. 

നാളെ മുതല്‍ ന്യൂസിലന്‍ഡ് പരീക്ഷ

NZ vs IND Virat Kohli confirms KL Rahul wicket keeper in Auckland T20i

ഓക്‌ലന്‍ഡില്‍ വെള്ളിയാഴ്‌ചയാണ് ഇന്ത്യ- ന്യൂസിലന്‍ഡ് ആദ്യ ടി20. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഇന്ത്യന്‍ സമയം 12.20ന് മത്സരം ആരംഭിക്കും. പരിക്കേറ്റ ശിഖര്‍ ധവാന് പകരം മലയാളി താരം സഞ്ജു സാംസണെ ഇന്ത്യ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓസീസിനെതിരെ നാട്ടില്‍ ഏകദിന പരമ്പര 2-1ന് ജയിച്ച ആത്മവിശ്വാസത്തിലാണ് കോലിപ്പട കിവികളുടെ നാട്ടില്‍ എത്തിയിരിക്കുന്നത്. 

ഇന്ത്യന്‍ സ്‌ക്വാഡ്

വിരാട് കോലി(നായകന്‍), രോഹിത് ശര്‍മ്മ, സഞ്‌ജു സാംസണ്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, വാഷിംഗ്‌ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, ശിവം ദുബെ, ലോകേഷ് രാഹുല്‍, ഋഷഭ് പന്ത്, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് ഷമി, നവ്‌ദീപ് സെയ്‌നി, ശാര്‍ദുല്‍ ഠാക്കൂര്‍.  

Follow Us:
Download App:
  • android
  • ios