കൊണ്ടും കൊടുത്തും ഏകദിന ചരിത്രത്തിലെ മറക്കാനാവാത്ത പോരാട്ടങ്ങളിലൂടെ ശ്രദ്ധേയരായ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും വീണ്ടും നേർക്കുനേർ വരികയാണ്

ലഖ്‌നൗ: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് കരുത്തരുടെ പോരാട്ടം. ദക്ഷിണാഫ്രിക്ക ഉച്ചയ്ക്ക് രണ്ടിന് തുടങ്ങുന്ന കളിയിൽ മുന്‍ ചാമ്പ്യന്‍മാരായ ഓസ്ട്രേലിയയെ നേരിടും. ലഖ്‌നൗവിലാണ് മത്സരം.

Add Asianetnews as a Preferred SourcegooglePreferred

കൊണ്ടും കൊടുത്തും ഏകദിന ചരിത്രത്തിലെ മറക്കാനാവാത്ത പോരാട്ടങ്ങളിലൂടെ ശ്രദ്ധേയരായ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും വീണ്ടും നേർക്കുനേർ വരികയാണ്. 2006ൽ ഓസീസിന്‍റെ 434 റൺസ് പിന്തുടർന്ന് ജയിച്ചിട്ടുള്ള ദക്ഷിണാഫ്രിക്ക ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇത്തവണ 428 റൺസാണ് അടിച്ചുകൂട്ടിയത്. ഏയ്‌ഡന്‍ മാർക്രാം ലോകകപ്പിലെ അതിവേഗ സെഞ്ചുറിയിലൂടെ കരുത്തുകാട്ടിയപ്പോൾ മൂന്നക്കം കടന്ന് വാൻഡർ ഡുസനും ക്വിന്‍റൺ ഡികോക്കും ബാറ്റിംഗ് കരുത്തിന് ശോഭ പകര്‍ന്നു. ഇവർക്കൊപ്പം ഡേവിഡ് മില്ലറും മാർകോ ജാൻസനും കൂടി ചേരുമ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് റൺസിനെക്കുറിച്ച് ആശങ്കയില്ല. ബൗളിംഗില്‍ പേസർ ജെറാൾഡ് കോയറ്റ്സീയ്ക്ക് പകരം സ്‌പിന്നർ തബ്രെയ്സ് ഷംസിയെ ദക്ഷിണാഫ്രിക്ക പരിഗണിച്ചേക്കും. 

അതേസമയം ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ സ്‌പിൻകെണിയിൽ കുരുങ്ങിയ ഓസീസിന് ബാറ്റിംഗിനൊപ്പം ബൗളിംഗിലെ കരുത്തും തിരിച്ചുപിടിക്കണം. തുടക്കത്തില്‍ രണ്ട് റണ്ണിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയിട്ടും ഇന്ത്യയെ പിടിച്ചുകെട്ടാൻ പാറ്റ് കമ്മിൻസിനും സംഘത്തിനുമായിരുന്നില്ല. ഓള്‍റൗണ്ടര്‍ കാമറൂൺ ഗ്രീനിന് പകരം മാർകസ് സ്റ്റോയിനിസ് ഓസീസ് നിരയിലെത്തിയേക്കും. ലഖ്‌നൗവിൽ ഇതിന് മുൻപ് നടന്ന നാല് കളികളിലും ഗതി നിർണയിച്ചത് ബൗളർമാരായിരുന്നു. ഇവിടെ ആദ്യം ബാറ്റ് ചെയ്ത ടീം നേടിയ ഉയർന്ന സ്കോർ 253 ആണ്. 

ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും നേർക്കുനേർ വരുമ്പോൾ അത് തുല്യശക്തികളുടെ പോരാട്ടം കൂടിയാണ്. ഏകദിന മത്സരങ്ങളിൽ കൂടുതൽ ജയം ദക്ഷിണാഫ്രിക്കയ്ക്കെങ്കിൽ ലോകകപ്പ് കണക്കുകളിൽ നേരിയ മുൻതൂക്കം ഓസ്ട്രേലിയക്കുണ്ട്. നേർക്കുനേ‍ർ പോരിൽ 108 മത്സരങ്ങളിൽ 54 ജയവുമായി ദക്ഷിണാഫ്രിക്ക മുന്നിൽ നില്‍ക്കുന്നു. ഓസ്ട്രേലിയക്ക് 50 ജയം മാത്രമേയുള്ളൂ. ലോക കിരീടം കിട്ടാക്കനിയാണ് ദക്ഷിണാഫ്രിക്കയ്‌ക്കെങ്കില്‍ 5 ലോകകപ്പിന്‍റെ കരുത്തുണ്ട് ഓസ്ട്രേലിയക്ക്. കൊണ്ടും കൊടുത്തും കരുത്തർ നേർക്കുനേർ വരുമ്പോൾ പോരാട്ടത്തിന് ചൂടേറും എന്നുറപ്പ്.

Read more: അപമാനച്ചുഴിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ്; ഏകദിന ലോകകപ്പിനിടെ സ്റ്റേഡിയത്തില്‍ തല്ലുമാല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം