ഏകദിന ലോകകപ്പിലെ മുന്‍ ചാമ്പ്യന്‍മാരാണ് ഓസ്ട്രേലിയയും ശ്രീലങ്കയും. എന്നാല്‍ ഇക്കുറി രണ്ട് മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ തുല്യദുഖിതരാണ് ഇരു ടീമുകളും. 

ലഖ്‌നൗ: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഓസ്ട്രേലിയ ഇന്ന് ശ്രീലങ്കയെ നേരിടും. ലഖ്‌നൗവിൽ ഉച്ചയ്ക്ക് രണ്ടിനാണ് കളി തുടങ്ങുക. ഹാട്രിക് തോല്‍വി ഒഴിവാക്കാനാണ് ഇരു ടീമുകളും ഇന്നിറങ്ങുന്നത്. ലങ്കയോടും തോറ്റാല്‍ ഓസീസിന്‍റെ സെമി പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാവും. 

ഏകദിന ലോകകപ്പിലെ മുന്‍ ചാമ്പ്യന്‍മാരാണ് ഓസ്ട്രേലിയയും ശ്രീലങ്കയും. എന്നാല്‍ ഇക്കുറി രണ്ട് മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ തുല്യദുഖിതരാണ് ഇരു ടീമുകളും. ഓസ്ട്രേലിയ ടീം ഇന്ത്യയോടും ദക്ഷിണാഫ്രിക്കയോടും തോറ്റപ്പോള്‍ പാകിസ്ഥാനോടും ദക്ഷിണാഫ്രിക്കയോടുമായിരുന്നു ലങ്കയുടെ അടിയറവുകള്‍. അതിനാല്‍ ടൂര്‍ണമെന്‍റിലെ ആദ്യ പോയിന്‍റിനായാണ് ശ്രീലങ്കയും ഓസ്ട്രേലിയയും ഇന്ന് മുഖാമുഖം വരുന്നത്. റണ്ണടിക്കാത്ത ബാറ്റർമാരും ലക്ഷ്യം തെറ്റുന്ന ബൗളർമാരും ഫീൽഡിലെ ചോരുന്ന കൈകളും ടൂര്‍ണമെന്‍റില്‍ ഓസീസിന് തിരിച്ചടിയാവുകയാണ്. തൊട്ടതെല്ലാം പിഴയ്ക്കുന്ന ഓസ്ട്രേലിയൻ ടീം പ്രതിസന്ധിയുടെ കൂടാരമാണിപ്പോൾ. വ്യക്തിഗത സ്കോർ 50ൽ എത്താനോ ടീം സ്കോർ 200 കടക്കാനോ കഴിഞ്ഞിട്ടില്ല. നായകൻ പാറ്റ് കമ്മിൻസ് നയിക്കുന്ന ബൗളിംഗ് നിരയുടെ കാര്യവും പരിതാപകരം. ഇതിനേക്കാൾ വലിയ ആശങ്കയാണ് ഫീൽഡർമാരുടെ ഓട്ടവീണ കൈകൾ. അഞ്ച് തവണ ചാമ്പ്യൻമാരായിട്ടുള്ള ഓസീസ് നിലവിൽ പോയിന്‍റ് പട്ടികയില്‍ അവസാനത്താണ് എന്നതും നാണക്കേട്. 

അതേസമയം കളിച്ച രണ്ട് കളിയിലും തോറ്റെങ്കിലും 300 റൺസിലേറെ നേടിയെന്ന ആശ്വാസമുണ്ട് ലങ്കയ്ക്ക്. നായകൻ ദുസൻ ഷനക പരിക്കേറ്റ് പുറത്തായതോടെ കുശാൽ മെൻഡിസാവും ലങ്കയെ നയിക്കുക. പകരമെത്തിയ ചമിക കരുണരത്നെയും പ്ലേയിംഗ് ഇലവനിലെത്തും. പേസർ പതിരാനയ്ക്ക് പരിക്കേറ്റതും ഏഷ്യന്‍ സംഘത്തിന് തിരിച്ചടിയാണ്. ലോകകപ്പിൽ ഏറ്റുമുട്ടിയ പതിനൊന്ന് കളിയിൽ എട്ടിലും ജയിച്ചതിന്‍റെ മുന്‍തൂക്കം ഓസിസീനുണ്ടെങ്കില്‍ ലങ്ക ജയിച്ചത് രണ്ട് കളിയിൽ മാത്രം. 1996 ഫൈനൽ വിജയത്തിന് ശേഷം ഓസീസിനെ ലോകകപ്പിൽ തോൽപിക്കാനായിട്ടില്ല എന്ന നാണക്കേട് മാറ്റുകയും ലങ്കയുടെ ലക്ഷ്യമാകും. മത്സരം സ്റ്റാര്‍ സ്പോര്‍ട്‌സും ഡിസ്‌നി ഹോട്‌സ്റ്റാറും വഴി ഇന്ത്യയില്‍ കാണാം. 

Read more: ഏകദിന ലോകകപ്പ്: ഇംഗ്ലണ്ടിനെ അട്ടിമറിച്ച അഫ്‌ഗാന്‍റെ ബുദ്ധികേന്ദ്രം ഒരു ഇംഗ്ലീഷുകാരന്‍!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം