നാല് ജയങ്ങളുടെ കുതിക്കുകയായിരുന്ന കീവിസ് ഇന്ത്യയോടും ഓസ്ട്രേലിയയോടും തോറ്റ് പരിങ്ങലിലാണ് നിലവില്‍

പൂനെ: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് ന്യൂസിലൻഡ്- ദക്ഷിണാഫ്രിക്ക വമ്പൻ പോരാട്ടം. ഉച്ചയ്ക്ക് രണ്ട് മണിക്ക് പൂനെയിലാണ് മത്സരം. ഇന്ന് ജയിച്ചാല്‍ പ്രോട്ടീസ് പോയിന്‍റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തേക്ക് ഉയരും. അതേസമയം സെമി സാധ്യതകള്‍ സങ്കീര്‍ണമാകാതിരിക്കാന്‍ ന്യൂസിലന്‍ഡിന് ഇന്ന് ജയിച്ചേ തീരൂ. 

ദിവസങ്ങൾക്കിടെ ലോകവേദിയിയിൽ ന്യൂസിലൻഡും ദക്ഷിണാഫ്രിയും രണ്ടാം തവണ മുഖാമുഖം വരികയാണ്. ഞായറാഴ്‌ച നടന്ന റഗ്ബി ലോകകപ്പ് ഫൈനലിൽ ഒറ്റ പോയിന്‍റിന് ന്യൂസിലൻഡിനെ തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക ചാമ്പ്യന്മാരായിരുന്നു. ക്രിക്കറ്റ് ലോകകപ്പിൽ കളമൊരുങ്ങുന്നതാവട്ടെ സെമിയിലേക്ക് കണ്ണും നട്ടിരിക്കുന്ന ടീമുകളുടെ സൂപ്പര്‍പോരാട്ടത്തിനാണ്. പോയിന്‍റ് പട്ടികയിൽ ഇന്ത്യയ്ക്ക് പിന്നിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ് ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും. ക്വിന്‍റൻ ഡി കോക്ക് നയിക്കുന്ന ബാറ്റിംഗ് നിരയും കാഗിസോ റബാഡയുടെ ബൗളിംഗ് നിരയും മിന്നിച്ചാൽ ആറാം ജയത്തിനൊപ്പം പ്രോട്ടീസിന് ഒന്നാം സ്ഥാനത്തേക്ക് ഉയരാനാകും. ചെന്നൈയിലെ പാകിസ്ഥാനെ ഒരു വിക്കറ്റിന് തോൽപ്പിച്ച് ഇത്തവണ പടിക്കൽ കലമുടക്കാൻ വന്നതല്ലെന്ന സൂചനയും നൽകിക്കഴിഞ്ഞു തെംബാ ബാവുമയും സംഘവും.

അതേസമയം നാല് ജയങ്ങളുടെ കുതിക്കുകയായിരുന്ന കീവിസ് ഇന്ത്യയോടും ഓസ്ട്രേലിയയോടും തോറ്റ് പരിങ്ങലിലാണ് നിലവില്‍. ഇനിയൊരു തോൽവി ന്യൂസിലൻഡിന്‍റെ സെമി സാധ്യതകൾ സങ്കീര്‍ണമാക്കും. പരിക്കേറ്റ ക്യാപ്റ്റൻ കെയ്‌ൻ വില്ല്യംസണ്‍, ലോക്കി ഫെര്‍ഗൂസണ്‍, മാര്‍ക് ചാപ്‌മാൻ എന്നിവരുടെ ആരോഗ്യ കാര്യത്തിൽ പുരോഗതിയുള്ളത് കിവികള്‍ക്ക് ആശ്വാസമാണ്. എന്നാല്‍ വില്യംസണ്‍ അടക്കമുള്ളവര്‍ക്ക് പ്രോട്ടീസിനെതിരെ കളിക്കാനാവുമോ എന്നതിൽ ഇന്നേ തീരുമാനമുണ്ടാവൂ.

ലോകകപ്പിലെ നേര്‍ക്കുനേര്‍ പോരാട്ടങ്ങളിൽ മൃഗീയ ആധിപത്യമുള്ളതിലാണ് ന്യൂസിലന്‍ഡിന്‍റെ പ്രതീക്ഷ. ന്യൂസിലൻഡിന് എട്ടിൽ ആറെണ്ണം ജയിച്ചപ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് മത്സരങ്ങള്‍ മാത്രമേ നേടാനായുള്ളൂ. പൂനെയിലെ റണ്ണൊഴുകും പിച്ചിൽ ശക്തമായ ബാറ്റിംഗ് നിരയുള്ള ടീമുകള്‍ മുഖാമുഖം വരുമ്പോള്‍ വമ്പൻ സ്കോര്‍ തന്നെ പ്രതീക്ഷിക്കുകയാണ് ആരാധകര്‍. മത്സരം ഇന്ത്യന്‍സമയം ഉച്ചയ്‌ക്ക് 2 മുതല്‍ സ്റ്റാര്‍ സ്പോര്‍ട്‌സിലും ഡിസ്‌നി ഹോട്‌സ്റ്റാറിലും തല്‍സമയം കാണാം. 

Read more: ഒടുവില്‍ 'കുട്ടിമാമാ ഞെട്ടി മാമാ' സ്റ്റൈലില്‍ പാകിസ്ഥാന്‍; ലോകകപ്പില്‍ പാക് ടീമിന്‍റെ സെമി സാധ്യതകള്‍ ഇങ്ങനെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം