മറുപടി ബാറ്റിംഗില്‍ പൊരുതിയ പാകിസ്ഥാന് നായകൻ ബാബര്‍ അസം (90) പരിക്കേറ്റ് പുറത്ത് പോയതാണ് തിരിച്ചടിയായത്. ഇഫ്തിക്കര്‍ അഹമ്മദ് (83), മുഹമ്മദ് നവാസ് (50) എന്നിവരും തിളങ്ങി. മൂന്ന് വിക്കറ്റെടുത്ത് ലാബുഷൈൻ ബൗളിംഗിലും തിളങ്ങി.
ഹൈദരാബാദ്: ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഓസ്ട്രേലിയക്ക് മുന്നില്‍ പരാജയപ്പെട്ട് പാകിസ്ഥാൻ. ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ 14 റണ്‍സിനാണ് ഓസീസ് വിജയിച്ച് കയറിയത്. ഓസ്ട്രേലിയ ഉയര്‍ത്തിയ 352 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാകിസ്ഥാന്‍റെ പോരാട്ടം 337 റണ്‍സില്‍ അവസാനിച്ചു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 351 റണ്‍സെടുത്തത്. കങ്കാരുക്കള്‍ക്കായി ഗ്ലെൻ മാക്സവെല്‍ (71 പന്തില്‍ 77), കാമറൂണ്‍ ഗ്രീൻ (40 പന്തില്‍ 50) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി.
ഡേവിഡ് വാര്‍ണര്‍ (48), ജോഷ് ഇൻഗ്ലിസ് (48), ലാബുഷൈൻ (40) എന്നിവരും സ്കോര്‍ ബോര്‍ഡിലേക്ക് നിര്‍ണായക റണ്‍സ് കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാനായി ഉസാമ മിര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ പൊരുതിയ പാകിസ്ഥാന് നായകൻ ബാബര്‍ അസം (90) പരിക്കേറ്റ് പുറത്ത് പോയതാണ് തിരിച്ചടിയായത്. ഇഫ്തിക്കര്‍ അഹമ്മദ് (83), മുഹമ്മദ് നവാസ് (50) എന്നിവരും തിളങ്ങി. മൂന്ന് വിക്കറ്റെടുത്ത് ലാബുഷൈൻ ബൗളിംഗിലും തിളങ്ങി.
അതേസമയം, മഴ കളി തടസപ്പെടുത്തിയെങ്കിലും ഗുവാഹത്തിയില്‍ ശ്രീലങ്ക - അഫ്ഗാനിസ്ഥാൻ പോര് മുറുകുകയാണ്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 294 റണ്‍സാണ് കുറിച്ചത്. 158 റണ്‍സെടുത്ത കുഷാല്‍ മെൻഡിസിന്‍റെ പ്രകടനമാണ് ലങ്കയെ തുണച്ചത്. മറുപടി ബാറ്റിംഗില്‍ അഫ്ഗാനിസ്ഥാനും ശക്തമായ നിലയിലാണ്. നേരത്തെ, കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യ-നെതര്‍ലന്‍ഡ്സ് സന്നാഹ മത്സരം കനത്ത മഴ മൂലം ഉപേക്ഷിച്ചിരുന്നു.
ടോസ് പോലും ഇടാതെയാണ് മത്സരം ഉപേക്ഷിച്ചത്. ഇന്നലെ രാത്രിയോടെ തുടങ്ങിയ മഴ രാവിലെ മുതല്‍ ശക്തമായതോടെ മത്സരം നടക്കാനുള്ള സാധ്യതകള്‍ മങ്ങിയിരുന്നു. എന്നാല്‍ ഉച്ചക്ക് ശേഷം കുറച്ചു നേരം മഴ മാറി നിന്നപ്പോള്‍ ഗ്രൗണ്ടിലെ കവറുകള്‍ നീക്കുകയും മത്സരം നടക്കുമെന്ന പ്രതീക്ഷ ആരാധകര്‍ക്കു നല്‍കുകയും ചെയ്തെങ്കിലും വൈകാതെ വീണ്ടും മഴ എത്തി. ഇതോടെ മത്സരം ഫലമില്ലാതെ ഉപേക്ഷിക്കുകയായിരുന്നു.
