ഗില്ലിന്‍റെ ബൗണ്ടറിക്ക് സാറ ടെന്‍ഡുല്‍ക്കറുടെ പുഞ്ചിരി കണ്ടോ; വീണ്ടും കത്തിപ്പടര്‍ന്ന് അഭ്യൂഹങ്ങള്‍!
ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തില്‍ കോലി മൈതാനത്തെ താരമെങ്കില്‍ സാറാ ടെൻഡുൽക്കര്‍ ഗ്യാലറിയിലെ ഹീറോ, ഗില്ലുമായി ചേര്‍ത്ത് വീണ്ടും അഭ്യൂഹങ്ങള്‍

പൂനെ: ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിനിടെ കാണികളുടെ ശ്രദ്ധയാകർഷിച്ചത് ഗ്യാലറിയിലിരുന്ന ഒരു യുവതിയായിരുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ മകൾ സാറാ ടെൻഡുൽക്കറായിരുന്നു ഗ്യാലറിയിലെ താരം. മൈതാനത്ത് വിരാട് കോലിയും രോഹിത് ശര്‍മ്മയും ശുഭ്‌മാന്‍ ഗില്ലിമൊക്കെ താരങ്ങളായ മത്സരമാണ് ഗ്യാലറിയിലെ സാന്നിധ്യം കൊണ്ട് സാറാ ടെൻഡുൽക്കര്‍ തട്ടിയെടുത്തത്.
ഇന്ത്യന്‍ യുവതാരം ശുഭ്‌മാന്‍ ഗില്ലുമായി സ്നേഹത്തിലാണ് എന്ന് സാറ ടെന്‍ഡുല്‍ക്കറെ കുറിച്ച് മുമ്പ് അഭ്യൂഹങ്ങള്‍ പടര്‍ന്നിരുന്നു. ബംഗ്ലാദേശ് ബൗളര്‍ ഹസൻ മഹ്മൂദിനെ ഓപ്പണറായ ഗിൽ ബൗണ്ടറി കടത്തിയപ്പോള്‍ കൈയ്യടിയുമായി താരത്തെ പ്രോത്സാഹിപ്പിക്കുന്ന സാറയെ ടെലിവിഷനിലൂടെ ആരാധകര്‍ കണ്ടു. ഈ ദൃശ്യങ്ങൾക്ക് പിന്നാലെ ഇരുവരേയും ചേർത്ത് പോസ്റ്റുകളും ട്രോളുകളും വീണ്ടും സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു. ഇരുവരുടേയും സൗഹൃദം പ്രണയമാണെന്ന തരത്തിൽ ആരാധകർ സാമൂഹ്യ മാധ്യമങ്ങളിൽ മുമ്പ് ആഘോഷിച്ചിരുന്നു. എന്നാൽ ഇരുവരും ഇക്കാര്യങ്ങളിൽ പ്രതികരിച്ചില്ല. അതേസമയം ശുഭ്മാൻ ഗില്ലിന്‍റെ മനംകവർന്നത് സാറ ടെന്‍ഡുല്‍ക്കറല്ല, ബോളിവുഡ് താരം സാറാ അലിഖാനാണെന്ന് എന്നും വാർത്തകളുണ്ടായിരുന്നു. ഏതായാലും ഗില്ലിന്‍റെയും സാറ ടെന്‍ഡുല്‍ക്കറുടെയും സൗഹൃദത്തിൽ ആഹ്‌ളാദിക്കുന്നവര്‍ ഏറെയുണ്ട് എന്നുറപ്പ്.
മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ശുഭ്‌മാന്‍ ഗില്‍ 55 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സറുകളും സഹിതം 53 റണ്‍സ് നേടിയിരുന്നു. ഗില്ലിന് പുറമെ വിരാട് കോലിയും രോഹിത് ശര്‍മ്മയും ബാറ്റ് കൊണ്ട് തിളങ്ങിയ മത്സരത്തില്‍ ടീം ഇന്ത്യ ഏഴ് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി. ബംഗ്ലാദേശിന്‍റെ 256 റൺസ് 41.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ഇന്ത്യ മറികടന്നു. 97 പന്തിൽ 103* റണ്‍സുമായി വിരാട് കോലിയും 34 പന്തില്‍ 34* റണ്‍സുമായി കെ എല്‍ രാഹുലും പുറത്താവാതെ നിന്നു. രോഹിത് ശര്‍മ്മ 40 പന്തില്‍ 48 റണ്‍സെടുത്തു. നേരത്തെ രണ്ട് വിക്കറ്റ് വീതവുമായി ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റുമായി ഷര്‍ദ്ദുല്‍ താക്കൂറും കുല്‍ദീപ് യാദവുമാണ് മികച്ച തുടക്കം കിട്ടിയ ബംഗ്ലാദേശിനെ 50 ഓവറില്‍ 256-8 എന്ന സ്കോറില്‍ പിടിച്ചുനിര്‍ത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം