നമിച്ചണ്ണാ! അടിച്ചത് രണ്ടേ രണ്ട് സിക്‌സര്‍; റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി രോഹിത് ശര്‍മ്മ, എലൈറ്റ് പട്ടികയിലും
അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവും അധികം സിക്‌സർ നേടിയ താരമായ രോഹിത് ശർമ്മ ബംഗ്ലാദേശിനെതിരെയും പറത്തി 2 എണ്ണം

പൂനെ: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നായകൻ രോഹിത് ശർമ്മ ബംഗ്ലാദേശിനെതിരെ മിന്നും തുടക്കമാണ് ഇന്ത്യന്‍ ടീമിന് നൽകിയത്. ഇതോടെ ഒരുപിടി റെക്കോർഡുകളും ഹിറ്റ്മാൻ പേരിൽ എഴുതി. ബംഗ്ലാദേശിനെതിരെ ഓപ്പണറായി ഇറങ്ങിയ രോഹിത് 40 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സറുകളും സഹിതം 48 റണ്‍സെടുത്താണ് പുറത്തായത്. ഓപ്പണിംഗ് വിക്കറ്റില്‍ രോഹിത്-ഗില്‍ സഖ്യം 12.4 ഓവറില്‍ 88 റണ്‍സ് ചേര്‍ത്തു.
അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവും അധികം സിക്‌സർ നേടിയ താരമായ രോഹിത് ശർമ്മ ബംഗ്ലാദേശിനെതിരെയും പറത്തി 2 എണ്ണം. ഒരു വർഷം ഏറ്റവും അധികം സിക്‌സര്‍ നേടുന്ന നായകൻ എന്ന റെക്കോർഡ് ഇനി രോഹിത്തിന് സ്വന്തമാണ്. 61 സിക്‌സുകള്‍ നേടിയ രോഹിത് 2019ല്‍ 60 സിക്‌സന്‍ നേടിയ ഇംഗ്ലണ്ടിന്‍റെ ഓയിൻ മോർഗനെ മറികടന്നു. ബംഗ്ലാ കടുവകള്‍ക്കെതിരെ 40 പന്തിൽ 48 റൺസ് എടുത്ത് രോഹിത് ശര്‍മ്മ മടങ്ങുമ്പോൾ ഈ ലോകകപ്പിലെ റൺവേട്ടക്കാരിലും അദേഹം മുന്നിലെത്തി. ലോകകപ്പിൽ സ്കോർ പിന്തുടരുമ്പോൾ ഏറ്റവും അധികം റൺസ് നേടുന്ന താരവും രോഹിത് തന്നെ. ബംഗ്ലാദേശിന്‍റെ ഷാക്കിബ് അൽ ഹസനെ മറികടന്നാണ് പുതിയ റെക്കോർഡിട്ടത്. ബംഗ്ലാദേശിനെതിരായ ഇന്നിംഗ്‌സിനിടെ ഏഷ്യൻ മണ്ണിൽ 6000 റൺസും രോഹിത് പൂർത്തിയാക്കി. രോഹിത് ഈ നേട്ടത്തിൽ എത്തുന്ന ഏഴാമത്തെ ഇന്ത്യൻ താരമാണ്. നേരത്തെ അഫ്‌ഗാനിസ്ഥാന് എതിരെ സെഞ്ചുറി നേടിയ ഹിറ്റ്മാൻ ലോകകപ്പിൽ ഏറ്റവും അധികം ശതകങ്ങള്‍ എന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു.
രോഹിത് ശര്‍മ്മയ്‌ക്കൊപ്പം വിരാട് കോലിയും ബാറ്റ് കൊണ്ട് തിളങ്ങിയ ബംഗ്ലാദേശിന് എതിരായ ഏകദിന ലോകകപ്പ് മത്സരത്തില്‍ ടീം ഇന്ത്യ ഏഴ് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി. ബംഗ്ലാദേശിന്‍റെ 256 റൺസ് 41.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി നീലപ്പട മറികടക്കുകയായിരുന്നു. 97 പന്തിൽ 103* റണ്‍സുമായി വിരാട് കോലിയും 34 പന്തില്‍ 34* റണ്‍സുമായി കെ എല്‍ രാഹുലും പുറത്താവാതെ നിന്നു. രോഹിത് ശര്‍മ്മ (48), ശുഭ്‌മാന്‍ ഗില്‍ (53), ശ്രേയസ് അയ്യര്‍ (19), കെ എല്‍ രാഹുല്‍ (34*) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്കോര്‍. നേരത്തെ രണ്ട് വിക്കറ്റ് വീതവുമായി ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റുമായി ഷര്‍ദ്ദുല്‍ താക്കൂറും കുല്‍ദീപ് യാദവുമാണ് മികച്ച തുടക്കം കിട്ടിയ ബംഗ്ലാദേശിനെ 50 ഓവറില്‍ 256-8 എന്ന സ്കോറില്‍ ഒതുക്കിയത്.
Read more: 'അംപയർക്കെന്താ കണ്ണ് കാണുന്നില്ലേ'; വൈഡ് വിളിക്കാതെ കോലിയെ സെഞ്ചുറി അടിപ്പിച്ചെന്ന് വിമർശനം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം