തിരുവനന്തപുരത്തെ ഇന്ത്യയുടെ വാംഅപ് മത്സരം; ടിക്കറ്റ് വില്‍പന ഇന്ന് മുതല്‍, ബുക്ക് ചെയ്യാനുള്ള വഴി
ഇന്ത്യ വേദിയാവുന്ന പുരുഷ ക്രിക്കറ്റ് ലോകകപ്പില്‍ പ്രധാന മത്സരങ്ങള്‍ക്കുള്ള ഫിക്സച്ചറില്‍ സ്ഥാനം പിടിച്ചില്ലെങ്കിലും ടീം ഇന്ത്യയുടെ ഉള്‍പ്പടെ നാല് സന്നാഹ മത്സരങ്ങള്‍ക്കാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവുന്നത്

തിരുവനന്തപുരം: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ തിരുവനന്തപുരത്ത് നടക്കുന്ന ടീം ഇന്ത്യയുടെ വാംഅപ് മത്സരത്തിന്‍റെ ടിക്കറ്റ് വില്‍പന ഇന്ന് തുടങ്ങും. ഒക്‌ടോബര്‍ മൂന്നിന് നെതര്‍ലന്‍ഡ്‌സാണ് ഇന്ത്യയുടെ എതിരാളികള്‍. തിരുവനന്തപുരത്തിന് പുറമെ ഗുവാഹത്തിയിലെ ഇന്ത്യ- ഇംഗ്ലണ്ട് അങ്കത്തിന്‍റെ ടിക്കറ്റ് വില്‍പനയും ഇന്നാണ് അരംഭിക്കുന്നത്. സെപ്റ്റംബര്‍ 30നാണ് ഈ മത്സരം. ഇന്ന് വൈകിട്ട് എട്ട് മണിക്ക് https://tickets.cricketworldcup.com എന്ന വെബ്‌സൈറ്റിലൂടെ ടിക്കറ്റ് ലഭ്യമാകും. ലോകകപ്പ് വാംഅപ് മത്സരങ്ങള്‍ കാണാന്‍ ആരാധകര്‍ ടിക്കറ്റ് എടുക്കണമെന്ന് ബിസിസിഐ നേരത്തെ അറിയിച്ചിരുന്നു.
ലിങ്കില്‍ ക്ലിക്ക് ചെയ്‌ത് ക്രിക്കറ്റ് ലോകകപ്പ് ടിക്കറ്റിന്‍റെ വെബ്‌സൈറ്റില്‍ കയറിയ ശേഷം നിങ്ങള്‍ക്ക് കാണേണ്ട മത്സരവും വേദിയും ആദ്യം തെരഞ്ഞെടുക്കണം. മത്സരങ്ങളുടെ ടിക്കറ്റ് വില നിലവാരം സ്ക്രീനില്‍ തെളിഞ്ഞുവരും. ഏത് നിരക്കിലുള്ള ടിക്കറ്റാണോ ആവശ്യം അത് സെലക്ട് ചെയ്യുക. ഇതിന് ശേഷം ഇവിടെ ആവശ്യമായ വിവരങ്ങള്‍ നല്‍കി ടിക്കറ്റ് ബുക്ക് ചെയ്യുകയും പണം അടയ്‌ക്കുകയും ചെയ്യാം. ടിക്കറ്റ് ബുക്ക് ചെയ്യപ്പെട്ടതായി നിങ്ങള്‍ക്ക് സന്ദേശം ലഭിക്കുന്നതോടെ ടിക്കറ്റ് ബുക്കിംഗ് പ്രക്രിയ പൂര്‍ത്തിയാവും.
ഇന്ത്യ വേദിയാവുന്ന പുരുഷ ക്രിക്കറ്റ് ലോകകപ്പില്‍ പ്രധാന മത്സരങ്ങള്‍ക്കുള്ള ഫിക്സച്ചറില്‍ സ്ഥാനം പിടിച്ചില്ലെങ്കിലും ടീം ഇന്ത്യയുടെ ഉള്‍പ്പടെ നാല് സന്നാഹ മത്സരങ്ങള്‍ക്കാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവുന്നത്. സെപ്റ്റംബർ 29ന് ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും തമ്മിലാണ് തിരുവനന്തപുരത്തെ ആദ്യ വാംഅപ് മത്സരം. സെപ്റ്റംബർ 30ന് മുന്‍ ലോക ചാമ്പ്യന്‍മാരായ ഓസ്ട്രേലിയയും യോഗ്യതാ റൗണ്ടില്‍ മികച്ച പ്രകടനം പുറത്തെടുത്ത നെതർലന്‍ഡ്സും ഏറ്റുമുട്ടുന്ന മത്സരമുണ്ട്. ഒക്ടോബർ രണ്ടിന് ന്യൂസിലന്‍ഡ്- ദക്ഷിണാഫ്രിക്ക പോരാട്ടമായിരിക്കും ഇവിടെ നടക്കുന്ന ഏറ്റവും വാശിയേറിയ മത്സരം. തൊട്ടടുത്ത ദിവസം മൂന്നാം തിയതി ടീം ഇന്ത്യ, നെതർലന്‍ഡ്സുമായി ഏറ്റുമുട്ടുന്നതോടെ തലസ്ഥാനത്തെ വാംഅപ് മത്സരങ്ങള്‍ അവസാനിക്കും.
വാംഅപ് ഘട്ടത്തിലെ മറ്റ് മത്സരങ്ങള്‍ ഇങ്ങനെയാണ്. സെപ്റ്റംബർ 29- ബംഗ്ലാദേശ്- ശ്രീലങ്ക(ഗുവാഹത്തി), സെപ്റ്റംബർ 29- ന്യൂസിലന്‍ഡ്- പാകിസ്ഥാന്‍(ഹൈദരാബാദ്), സെപ്റ്റംബർ 30- ഇന്ത്യ- ഇംഗ്ലണ്ട്(ഗുവാഹത്തി), ഒക്ടോബർ 2- ഇംഗ്ലണ്ട്- ബംഗ്ലാദേശ്(ഗുവാഹത്തി), ഒക്ടോബർ 3- അഫ്ഗാനിസ്ഥാന്‍- ശ്രീലങ്ക(ഗുവാഹത്തി). ഒക്ടോബർ 3- പാകിസ്ഥാന്‍- ഓസ്ട്രേലിയ(ഹൈദരാബാദ്). 50 ഓവർ ഫോർമാറ്റിലുള്ള എല്ലാ പരിശീലന മത്സരങ്ങളും പകലും രാത്രിയുമായാണ് നടക്കുക. കളികള്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2 മണിക്കാണ് ആരംഭിക്കുക. 15 അംഗ സ്ക്വാഡിലെ എല്ലാ താരങ്ങളേയും വാംഅപ് മത്സരത്തിന് ഇറക്കാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം