ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിന്‍റെ ടിക്കറ്റ് വില്‍പന വൈകുന്നത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു

മുംബൈ: ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിന്‍റെ ടിക്കറ്റ് വില്‍പന ഓണ്‍ലൈനായി പേടിഎം, ബുക്ക്‌മൈ‌ഷോ എന്നിവ വഴി. ഓഗസ്റ്റ് 10ന് ക്രിക്കറ്റ് മാമാങ്കത്തിന്‍റെ ടിക്കറ്റ് വില്‍പന ആരംഭിക്കും. ഓണ്‍ലൈനായി ടിക്കറ്റ് എടുത്താലും ഫിസിക്കല്‍ കോപ്പി കാണിച്ചാല്‍ മാത്രമേ കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. ലോകകപ്പിലെ പാതി മത്സരങ്ങളുടെ വീതം ടിക്കറ്റ് വില്‍പനയാണ് ഇരു ഓണ്‍ലൈന്‍ പ്ലാറ്റ്‌‌ഫോമുകള്‍ക്കും നല്‍കുക. 

ഏകദിന ലോകകപ്പിന്‍റെ ടിക്കറ്റ് വില്‍പന വൈകുന്നത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ ഐസിസിയുടെ പ്രധാന ടൂര്‍ണമെന്‍റായതിനാല്‍ ഏറ്റവും മികച്ച സാങ്കേതിക സൗകര്യങ്ങളോടെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന നടത്താനാണ് പദ്ധതിയിടുന്നത് എന്ന് ബിസിസിഐ വിശദീകരിച്ചിരുന്നു. ജൂലൈ ആദ്യവാരം ടിക്കറ്റ് വില്‍പന ആരംഭിക്കും എന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നത്. ഇന്ത്യ- പാക് മത്സരം ഉള്‍പ്പടെ ലോകകപ്പിലെ ചില കളികളുടെ മത്സരക്രമം പുനക്രമീകരിക്കുന്നതിനാല്‍ ഷെഡ്യൂള്‍ മാറ്റിയ ശേഷമാകും ടിക്കറ്റ് വില്‍പന ആരംഭിക്കുക. ടിക്കറ്റ് വില്‍പന ഏജന്‍സികളെ സ്ഥിരീകരിച്ചെങ്കിലും മത്സരക്രമം പുനക്രമീകരിക്കുന്നതിനാലാണ് ഇപ്പോള്‍ ടിക്കറ്റ് വില്‍പന വൈകുന്നത്. ജൂലൈ 31ഓടെ ടിക്കറ്റ് നിരക്കുകളില്‍ വ്യക്തത വരും. അന്തിമ ടിക്കറ്റ് നിരക്ക് സംഭവിച്ച് ഇതേ ദിവസം തീരുമാനം അറിയിക്കണമെന്ന് ബിസിസിഐ എല്ലാ സംസ്ഥാന അസോസിയേഷനുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ലോകകപ്പ് വേദികള്‍ക്ക് പുറമെ എല്ലാ ആതിഥേയ നഗരങ്ങളിലും ടിക്കറ്റ് പ്രിന്‍റൗട്ടുകള്‍ ലഭ്യമാക്കാനുള്ള സൗകര്യമുണ്ടാകും. 

മുംബൈയിലെ വാംഖഡെ സ്റ്റോഡിയവും കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സും വേദിയാവുന്ന സെമിഫൈനല്‍ മത്സരങ്ങളുടെ ടിക്കറ്റ് വില്‍പന പേടിഎം വഴിയാകും. ലോകകപ്പിലെ ഏറ്റവും ത്രില്ലര്‍ മത്സരമായ ഇന്ത്യ- പാക് പോരാട്ടത്തിന്‍റെയും ഫൈനലിന്‍റേയും ടിക്കറ്റുകള്‍ ബുക്ക്‌മൈ‌‌ഷോയിലൂടെയാണ് ആരാധകരിലെത്തുക. ലോകകപ്പിനും വാംഅപ് മത്സരങ്ങള്‍ക്കും വേദിയാവുന്ന 12 സ്റ്റേഡിയങ്ങളും സന്ദര്‍ശിച്ച് ഐസിസി ഒരുക്കങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. 

ഒക്‌ടോബര്‍ 5 മുതല്‍ നവംബര്‍ 19 വരെയാണ് 10 ടീമുകള്‍ മാറ്റുരയ്‌ക്കുന്ന ഏകദിന ലോകകപ്പിന് ഇന്ത്യ ആതിഥേയത്വമരുളുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം, ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയം, ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയം, ദില്ലിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയം, ധരംശാലയിലെ ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം, ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയം, കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ്, ലഖ്‌നൗവിലെ ഏകനാ സ്റ്റേഡിയം, മുംബൈയിലെ വാംഖഡെ സ്റ്റേഡിയം, പുനെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. തിരുവനന്തപുരം, ഗുവാഹത്തി, ഹൈദരാബാദ് എന്നിവ പരിശീലന മത്സരങ്ങള്‍ക്ക് വേദിയാവും.

Read more: ഏകദിന ലോകകപ്പ്: കാര്യവട്ടത്ത് വാംഅപ് മത്സരം കാര്യമാകും; ഇന്ത്യയുടെ എതിരാളികളായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം