നാലാം നമ്പറിൽ ബാറ്റ് ചെയ്യുന്നയാള്‍ക്ക് സമ്മർദത്തെ അതിജീവിക്കാൻ ആകണമെന്ന് യുവരാജ് സിംഗ്

ചെന്നൈ: ലോകകപ്പുകളിലെ ഇന്ത്യയുടെ നാലാം നമ്പർ ശാപം തുടരുകയാണോ എന്ന ആശങ്കയാണ് ഇന്ത്യ- ഓസ്ട്രേലിയ മത്സരത്തിന് ശേഷം ഉയരുന്നത്. ഓസീസിനെതിരെ ടീം ഇന്ത്യയുടെ നാലാം നമ്പര്‍ താരം ശ്രേയസ് അയ്യര്‍ മൂന്ന് പന്തില്‍ അക്കൗണ്ട് തുറക്കാതെ പുറത്തായി. ഇതോടെ ശ്രേയസ് അയ്യരിന് പകരം കെ എൽ രാഹുലിനെ നാലാം നമ്പറിൽ ഇറക്കണമെന്ന് ഇന്ത്യൻ മുൻ താരം യുവരാജ് സിംഗ് ആവശ്യപ്പെട്ടു. 

നാലാം നമ്പറിൽ ബാറ്റ് ചെയ്യുന്നയാള്‍ക്ക് സമ്മർദത്തെ അതിജീവിക്കാൻ ആകണമെന്ന് ഇന്ത്യ കപ്പുയര്‍ത്തിയ 2011ലെ ലോകകപ്പിൽ നാലാം നമ്പറിൽ ഇറങ്ങി ടൂർണമെന്‍റിന്‍റെ താരമായി മാറിയ സാക്ഷാൽ യുവരാജ് സിംഗ് പറയുന്നു. യുവരാജ് ടീം വിട്ടത്തോടെ നാലാം നമ്പർ ബാറ്റർ ഇന്ത്യക്ക് തലവേദനയായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ടു ഡൗണിൽ ഇന്ത്യ പരീക്ഷിച്ചത് 11 പേരെയാണ്. പരിക്ക് ഭേദമായി തിരിച്ചെത്തിയ ശ്രേയസ് അയ്യർ നാലാം നമ്പറിന് അനുയോജ്യൻ എന്ന് ഉറപ്പിച്ചിരിക്കുമ്പോഴാണ് ചെപ്പോക്കിലെ നിരുത്തരവാദപരമായ ഷോട്ട് താരത്തിന് ഡ്രസിംഗ് റൂമിലേക്ക് മടക്ക ടിക്കറ്റ് നല്‍കിയത്. തകർച്ചയ്ക്ക് ശേഷം കരകയറാൻ ടീം ശ്രമിക്കുമ്പോൾ കുറെക്കൂടി വിവേകം ശ്രേയസ് കാണിക്കണമെന്ന് യുവരാജ് സിംഗ് ഉപദേശിക്കുന്നു. 

ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരെ സെഞ്ചുറി നേടിയിട്ടും കെ എൽ രാഹുലിനെ നാലാം നമ്പറിലേക്ക് പരിഗണിക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യവും യുവിക്കുണ്ട്. വിരാട് കോലി നാലാം നമ്പറിൽ ബാറ്റ് ചെയ്യണമെന്ന് സൗരവ് ഗാംഗുലി, എ ബി ഡിവില്ലിയേഴ്‌സ്, രവി ശാസ്ത്രി എന്നിവർ മുമ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോലിയും രാഹുലും സ്ഥാനം മാറാൻ നിലവില്‍ സാധ്യത ഇല്ല. ഓസീസിനെതിരെ അര്‍ധസെഞ്ചുറികള്‍ നേടിയ ഇരുവരും നാലാം വിക്കറ്റില്‍ 165 റണ്‍സിന്‍റെ റെക്കോര്‍ഡ് കൂട്ടുകെട്ട് സൃഷ്‌ടിച്ചിരുന്നു. അതേസമയം ശ്രേയസ് അയ്യറിന് പുറമെ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും പൂജ്യത്തില്‍ മടങ്ങിയത് തിരിച്ചടിയായി.

Read more: വിമര്‍ശകര്‍ മാളത്തില്‍ ഒളിച്ചു! ഉരുളയ്ക്ക് ഉപ്പേരി മറുപടിയുമായി കെ എല്‍ രാഹുല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം