മികച്ച പേസിലും ബൗണ്‍സിലും പന്തെറിയാന്‍ കഴിയുന്ന താരമാണ് ഇന്ത്യന്‍ ടീമിലുണ്ടാവുകയെന്നാണ് കോലി സൂചിപ്പിച്ചത്
ഇന്‍ഡോര്‍: എതിരാളികളെ അത്ഭുതപ്പെടുത്തുന്ന ഒരു പേസര്‍ ട്വന്‍റി 20 ലോകകപ്പ് ടീമിലുണ്ടാകുമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. കൂടുതൽ പേസര്‍മാരെ വരും മത്സരങ്ങളിൽ പരീക്ഷിച്ചേക്കുമെന്നും ലങ്കയ്‌ക്കെതിരായ രണ്ടാം ടി20ക്കു ശേഷം കോലി സൂചിപ്പിച്ചു.
'ഓസ്‌ട്രേലിയയിലേക്ക് ഒരു സര്‍പ്രൈസ് താരമുണ്ടാകും. മികച്ച പേസിലും ബൗണ്‍സിലും പന്തെറിയാന്‍ കഴിയുന്ന താരം. ആഭ്യന്തര ക്രിക്കറ്റില്‍ പ്രസിദ്ധ് കൃഷ്‌ണ മികച്ച പ്രകടനമാണ് കാഴ്‌ചവെക്കുന്നത്. എല്ലാ ഫോര്‍മാറ്റിലും മികച്ച ബൗളിംഗ് നിരയുണ്ട്. ലോകകപ്പില്‍ ഇന്ത്യക്ക് കൂടുതല്‍ ബൗളിംഗ് ഓപ്‌ഷനുകള്‍ ഉണ്ട്' എന്നും മത്സരശേഷം വിരാട് കോലി പറഞ്ഞു.
സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുമ്ര പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയതിനെ കോലി പ്രശംസിച്ചു. 'മികച്ച പേസില്‍ ബുമ്ര വീണ്ടും പന്തെറിയുന്നു. ബുമ്രയുടെ മടങ്ങിവരവ് ആത്മവിശ്വാസം നല്‍കുന്നതായും' കോലി ഇന്‍ഡോറില്‍ വ്യക്തമാക്കി. ടീമിന്‍റെ പ്രകടനത്തെയും കോലി പ്രശംസിച്ചു. കഴിഞ്ഞ പരമ്പരകളില്‍ നിന്ന് കൂടുതല്‍ കരുത്തരായി മുന്നോട്ട് കുതിക്കുകയാണ് ടീം ഇന്ത്യ. ആത്മവിശ്വാസം നല്‍കുന്ന വിജയം ടീമിന് മുതല്‍ക്കൂട്ടാണെന്നും ഇന്ത്യന്‍ നായകന്‍ വ്യക്തമാക്കി.
ഇന്‍ഡോര്‍ ട്വന്‍റി 20യിൽ ശ്രീലങ്കയെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. ശ്രീലങ്ക ഉയര്‍ത്തിയ 143 റൺസ് വിജയലക്ഷ്യം 15 പന്ത് ബാക്കിനിൽക്കെ ഇന്ത്യ മറികടന്നു. കെ എല്‍ രാഹുല്‍ 32 പന്തില്‍ 45, ശിഖര്‍ ധവാന്‍ 29 പന്തില്‍ 32, ശ്രേയസ് അയ്യര്‍ 26 പന്തില്‍ 34, വിരാട് കോലി 17 പന്തില്‍ 30 റൺസ് എന്നിവര്‍ ഇന്ത്യന്‍ ജയം അനായാസമാക്കി. നവ്ദീപ് സൈനിയാണ് മാന്‍ ഓഫ് ദ് മാച്ച്. പുണെയിൽ വെള്ളിയാഴ്ച അവസാനമത്സരം നടക്കും.
