കാര്യങ്ങളെല്ലാം സാധാരണഗതിയില്‍ തന്നെ മുന്നോട്ടുപോകും. ഭാവി പദ്ധതികളെക്കുറിച്ചാണെങ്കില്‍, അങ്ങനെയൊരു ഭാവി പദ്ധതിയില്ലെന്ന് രോഹിത്.
ദുബായ്: ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയതോടെ ഏകദിനങ്ങളില്‍ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച് ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ന്യൂസിലന്‍ഡിനെ നാലു വിക്കറ്റിന് തകര്‍ത്ത് രണ്ടാം ഐസിസി കിരീടം നേടിയ രോഹിത് കിരീടപ്പോരിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലാണ് ഏകദിന ക്രിക്കറ്റില ഭാവി സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയത്.
വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ച് എഴുന്നേല്‍ക്കാന്‍ തുടങ്ങവെ ആരും ചോദിക്കാതെ തന്നെ ഒരു കാര്യം കൂടി പറയാനുണ്ടെന്ന് പറഞ്ഞ രോഹിത്. ഞാന്‍ ഏകദിനങ്ങളില്‍ നിന്ന് വിരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കാന്‍ വേണ്ടിയാണ് ഇത് പറയുന്നതെന്നും വ്യക്തമാക്കി. ചോദ്യത്തിനുള്ള മറുപടിയായല്ല സ്വയം പ്രഖ്യാപിക്കുന്ന രീതിയിലായിരുന്നു രോഹിത്തിന്‍റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.
ചാമ്പ്യൻസ് ട്രോഫി ഫൈനല്‍:രോഹിത് ഇത്തവണയും ടോസിൽ തോല്‍ക്കണമെന്ന് അശ്വിന്‍; അത് പറയാനൊരു കാരണമുണ്ട്
കാര്യങ്ങളെല്ലാം സാധാരണഗതിയില്‍ തന്നെ മുന്നോട്ടുപോകും. ഭാവി പദ്ധതികളെക്കുറിച്ചാണെങ്കില്‍, അങ്ങനെയൊരു ഭാവി പദ്ധതിയില്ല. വരാനുള്ളത് വരുന്നിടത്തുവെച്ചുകാണാമെന്നായിരുന്നു രോഹിത്തിന്‍റെ മറുപടി. ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ നാലുകളികളിലും ഒരു അര്‍ധസെഞ്ചുറി പോലും നേടാന്‍ കഴിയാതിരുന്നതോടെയാണ് രോഹിത്തിന്‍റെ ഭാവി സംബന്ധിച്ച് ചോദ്യങ്ങളുയര്‍ന്നത്. ഓസ്ട്രേലിയക്കെതരായ ടെസ്റ്റ് പരമ്പരയിലെ ദയനീയ പ്രകടനത്തിന് പിന്നാലെ ചാമ്പ്യൻസ് ട്രോഫിയിലും നിറം മങ്ങിയതോടെ രോഹിത് വിരമിക്കൽ പ്രഖ്യാപിക്കുമെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു.
എന്നാല്‍ ഫൈനലില്‍ അര്‍ധസെഞ്ച്വറി നേടി ഇന്ത്യയുടെ വിജയശില്‍പിയായതോടെ ഹിറ്റ്മാനെന്ന തന്‍റെ പേര് രോഹിത് നിലനിര്‍ത്തി. തടി കൂടിയെന്നും കളി മതിയാക്കാനും പറഞ്ഞവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു കിരീടപ്പോരാട്ടത്തില്‍ രോഹിത് ബാറ്റുകൊണ്ട് നല്‍കിയത്. ടൂര്‍ണമെന്‍റിലെ ഏറ്റവും മികച്ച പ്രകടനം കലാശപ്പോരിന് കാത്തുവെച്ച ക്യാപ്റ്റന്‍ ഐസിസി ഫൈനലിലെ തന്‍റെ ആദ്യ അര്‍ധസെഞ്ച്വറി കൂടിയാണ് ഇന്നലെ സ്വന്തമാക്കിയത്. ഭാവി പദ്ധതി ഇല്ലെന്ന് പറയുമ്പോഴും തീര്‍ക്കാന്‍ ബാക്കി വച്ചൊരു കണക്കുണ്ട് രോഹിതിന്. 2023ല്‍ കൈയകലെ നഷ്ടപ്പെട്ട ഏകദിന ലോകകപ്പ് കിരീടം.
