എന്നാല്‍ ഇതിന് ശേഷം സഞ്ജുവിന് ഏകദിന ടീമിൽ അവസരം കിട്ടിയിട്ടില്ല. സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കിയത് അനീതിയാണെന്ന് മുൻക്യാപ്റ്റൻ അനിൽ കുംബ്ലെ പറഞ്ഞു

മുംബൈ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മൂന്ന് വിക്കറ്റ്കീപ്പർമാരെ ഉൾപ്പെടുത്തിയിട്ടും മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയതിൽ വിമർശനം ശക്തം. സഞ്ജു 14 ഏകദിനത്തിൽ 56 ബാറ്റിംഗ് ശരാശരിയിൽ 510 റൺസെടുത്തിട്ടുണ്ട്. ഇതേസമയം 33 ബാറ്റിംഗ് ശരാശരി മാത്രമുള്ള റിഷഭ് പന്തിനെ സെലക്ടർമാർ ടീമിൽ ഉൾപ്പെടുത്തി. ശുഭ്മാന്‍ ഗില്ലിന് പകരം ക്യാപ്റ്റനെന്ന നിലയില്‍ കെ എൽ രാഹുലും ധ്രുവ് ജുറെലുമാണ് ടീമിലെ മറ്റ് കീപ്പ‍ർമാർ. സഞ്ജു അവസാനമായി ഏകദിന ടീമിൽ കളിച്ചത് 2023 ഡിസംബർ 21നാണ്. അതും ദക്ഷിണാഫ്രിക്കക്കെതിരെ ആയിരുന്നു. ആ മത്സരത്തിൽ സഞ്ജു 114 പന്തിൽ 108 റൺസെടുത്ത് ടീമിന്‍റെ വിജയശില്‍പിയായി. സഞ്ജുവിന്‍റെ ആദ്യ ഏകദിന സെഞ്ച്വറി ആയിരുന്നു ഇത്.

എന്നാല്‍ ഇതിന് ശേഷം സഞ്ജുവിന് ഏകദിന ടീമിൽ അവസരം കിട്ടിയിട്ടില്ല. സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കിയത് അനീതിയാണെന്ന് മുൻക്യാപ്റ്റൻ അനിൽ കുംബ്ലെ പറഞ്ഞു. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ ഞാന്‍ കാണാന്‍ ആഗ്രഹിച്ച ഒരേയൊരു പേര് സഞ്ജു സാംസണിന്‍റേതായിരുന്നു. കാരണം അവസാനം കളിച്ച ഏകദിനത്തില്‍ സെഞ്ചുറി നേടിയിട്ടും പിന്നീട് അവന് ഒരു അവസരം കിട്ടിയില്ല എന്നതു തന്നെ. ഓസ്ട്രേിലയക്കെതിരായ ഏകദിന പരമ്പരയിലും സെലക്ടര്‍മാര്‍ സഞ്ജുവിനെ പരിഗണിച്ചില്ല.

സഞ്ജുവിന്‍റെ ടി20 പ്രകടനം വെച്ച് അവന്‍റെ ഏകിദന ഫോമിനെ അളക്കുന്നത് ശരിയല്ല. മൂന്ന് ഫോര്‍മാറ്റിലും കളിക്കാരെ തെരഞ്ഞെടുക്കുമ്പോള്‍ ആരെ തെരഞ്ഞെടുക്കണമെന്ന കാര്യക്കില്‍ കളിക്കാരുടെ ഫോമും സമീപകാല പ്രകടനവുമെല്ലാം സെലക്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ടെന്നാണ് തോന്നുന്നതെന്നും കുംബ്ലെ പറഞ്ഞു.ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്ന് ഏകദിനങ്ങളാണ് ഇന്ത്യ കളിക്കുക. ഈ മാസം 30ന് റാഞ്ചിയിലാണ് ആദ്യ ഏകദിനം. ഡിസംബര്‍ മൂന്നിന് റായ്പൂരില്‍ രണ്ടാം ഏകദിനം നടക്കും. ആറിന് വിശാകപട്ടണത്താണ് മൂന്നാം ഏകദിനം. അതിന് ശേഷം അഞ്ച് ടി20 മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയിലും ഇരു ടീമുകളും കളിക്കും.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്ന് ഏകദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, തിലക് വര്‍മ, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, വാഷിംഗ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, റുതുരാജ് ഗെയ്കവാദ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിംഗ്, ധ്രുവ് ജുറല്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക