ധാക്ക: ബംഗ്ലാദേശി പേസര്‍ ഷദാദത്ത് ഹുസൈന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ വിലക്ക്. സഹതാരത്തെ കയ്യേറ്റം ചെയ്തതിനാണ് താരത്തിന് ഒരുവര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയത്. ബംഗ്ലാദേശ് നാഷണല്‍ ക്രിക്കറ്റ് ലീഗിലായിരുന്നു സംഭവം. അറാഫത്ത് സണ്ണിക്കെതിരെയായിരുന്നു ഷദാദത്തിന്റെ കയ്യേറ്റം. ഇരുവരും ധാക്ക ഡിവിഷന്റെ താരങ്ങളാണ്.

ഖുല്‍ന ഡിവിഷനെതിരെ നടന്ന മത്സരത്തിലാണ് ഷദാദത്ത് പക്വതില്ലാതെ പെരുമാറിയത്. ഖുല്‍നയിലെ ഷെയിഖ് അബു നാസര്‍ സ്റ്റേഡിയത്തില്‍ നല്ല രീതിയില്‍ പന്തെറിയാന്‍ കഴിയാതിരുന്ന ഷദാദത്തിനോട് അറാഫത്ത് സംസാരിച്ചിരുന്നു. സംസാരം ഇഷ്ടപ്പെടാതിരുന്ന ഷദാദത്ത് കായികമായി അറാഫത്തിനെ നേരിടുകയായിരുന്നു. സംഭവം കൈവിട്ടതോടെ മറ്റുതാരങ്ങള്‍ ഓടിയെത്തിയാണ് അറാഫത്തിനെ രക്ഷപ്പെടുത്തിയത്. 

ഒരു വര്‍ഷത്തെ വിലക്കും 50000 ടാക്കയും ബിസിബി പിഴ ശിക്ഷ വിധിച്ചിട്ടുണ്ട്. നേരത്തേയും കളിക്കളത്തിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ പല തവണ വിവാദത്തില്‍പ്പെട്ടിട്ടുള്ള താരമാണ് ഷദാദത്ത്.