ഒരു റൺ ചേസ് എങ്ങനെ പ്ലാൻ ചെയ്യണം എന്നതിന്‍റെ 'മാസ്റ്റർ ക്ലാസ്' ആയിരുന്നു സഞ്ജുവിന്‍റെ ഇന്നിംഗ്സ്. ഡൽഹിയിലെ പിച്ച് ബാറ്റിംഗിന് അൽപം ബുദ്ധിമുട്ടുള്ളതായിരുന്നു.

ദില്ലി: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്‌സ് നേടിയ തകര്‍പ്പൻ വിജയത്തിന് പിന്നാലെ സഞ്ജു സാംസണിന്‍റെ വെടിക്കെട്ട് ഇന്നിംഗ്സിനെ വാഴ്ത്തി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. മത്സരത്തില്‍ ഡൽഹിയുടെ തുരുപ്പു ചീട്ടാകുമെന്ന് കരുതിയ കുൽദീപ് യാദവിനെ സഞ്ജു നേരിട്ട രീതിയെ ഒരു 'ചെസ്സ് കളി'യോടാണ് ആകാശ് ചോപ്ര ഉപമിച്ചത്. കുൽദീപിനെ തകർക്കാൻ നിലവിൽ സഞ്ജുവിനോളം കെൽപ്പുള്ള മറ്റൊരു താരം ഐപിഎല്ലിലില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു.

ഒരു റൺ ചേസ് എങ്ങനെ പ്ലാൻ ചെയ്യണം എന്നതിന്‍റെ 'മാസ്റ്റർ ക്ലാസ്' ആയിരുന്നു സഞ്ജുവിന്‍റെ ഇന്നിംഗ്സ്. ഡൽഹിയിലെ പിച്ച് ബാറ്റിംഗിന് അൽപം ബുദ്ധിമുട്ടുള്ളതായിരുന്നു. പിച്ചിൽ നിന്ന് സ്പിന്നര്‍മാര്‍ക്ക് ടേണ്‍ ലഭിക്കുന്നുണ്ടായിരുന്നു. അവിടെ സഞ്ജു കൃത്യമായി കണക്കുകൂട്ടലുകൾ നടത്തി. മിച്ചൽ സ്റ്റാർക്കിനെയും എൻഗിഡിയെയും തുടക്കത്തിൽ ബഹുമാനിച്ച സഞ്ജു, കുൽദീപ് യാദവിനെ ആക്രമിക്കാൻ ഉറപ്പിക്കുകയായിരുന്നു. കുൽദീപിനെ ഇത്രത്തോളം ആധികാരികമായി നേരിടാൻ സഞ്ജുവിന് മാത്രമേ സാധിക്കൂവെന്നും ആകാശ് ചോപ്ര യുട്യൂബ് ചാനലില്‍ പറഞ്ഞു.

കുൽദീപ് യാദവിനെതിരെ നേരിട്ട വെറും 9 പന്തിൽ നിന്ന് സഞ്ജു 25 റൺസാണ് അടിച്ചെടുത്തത്. ടി. നടരാജനെയും സഞ്ജു സമാനമായ രീതിയിൽ ആക്രമിച്ചുവെന്ന് ചോപ്ര ചൂണ്ടിക്കാട്ടി. പ്ലേ ഓഫ് പോരാട്ടം കടുക്കുന്ന സാഹചര്യത്തിൽ ചെന്നൈക്ക് അടുത്ത നാലു കളിളും നിര്‍ണായകമാണെന്ന് ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി. ചെന്നൈക്ക് ഇനിയുള്ള നാലു കളികളില്‍ രണ്ടെണ്ണം പോയിന്‍റ പട്ടികയിലെ അവസാന സ്ഥാനക്കാരായ ലക്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ ആണ്. ഒരെണ്ണം ഹൈദരാബദിനും ഒരെണ്ണം ഗുജറാത്തിനുമെതിരെയുമാണ്. ഇതില്‍ ലക്നൗവിനോട് ഒരു മത്സരം തോറ്റാല്‍ പോലും ഹൈദരാബാദിനോടോ ഗുജറാത്തിനോടോ ചെന്നൈ തോൽക്കരുതെന്ന് ആകാശ് ചോപ്ര പറഞ്ഞു. കാരണം പോയിന്‍റ് പട്ടികയിൽ അവർ നിങ്ങൾക്ക് തൊട്ടുമുകളിലുണ്ട്. അവരോട് തോൽക്കുന്നത് പ്ലേ ഓഫ് യോഗ്യതയെ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നും ചോപ്ര മുന്നറിയിപ്പ് നൽകി. നിലവിൽ 10 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുള്ള ചെന്നൈയ്ക്ക് പ്ലേ ഓഫ് ഉറപ്പിക്കാൻ വരാനിരിക്കുന്ന നാല് മത്സരങ്ങളിൽ മൂന്നെണ്ണമെങ്കിലും വിജയിക്കേണ്ടതുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക