ഓവലില്‍ ബുമ്ര പുറത്തിരികകുകയും പകരം ആകാശ്ദീപ് പ്ലേയിംഗ് ഇലവനിലെത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഓവലിലെ സാഹചര്യങ്ങള്‍ പേസിന് അനുകൂലമാണെന്നത് ഇന്ത്യയെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.
ഓവൽ: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് കെന്നിംഗ്ടണ്‍ ഓവലില്‍ തുടക്കമാകുമ്പോള്‍ പ്ലേയിംഗ് ഇലവനില്‍ ആരൊക്കെയുണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍.റിഷഭ് പന്ത് പരിക്കേറ്റ് പുറത്തായതിനാല്‍ നാലാം ടെസ്റ്റില്‍ കളിച്ച ടീമില്‍ മാറ്റങ്ങള്‍ ഉറപ്പാണ്. പേസര്‍ ജസ്പ്രീത് ബുമ്ര പരമ്പരയിലെ മൂന്ന് ടെസ്റ്റില്‍ മാത്രമെ കളിക്കൂവെന്ന് നേരത്തെ വ്യക്തമാക്കിയിരന്നു.
മൂന്ന് ടെസ്റ്റുകളിലും ബുമ്ര കളിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ഓവലില്‍ ബുമ്ര പുറത്തിരികകുകയും പകരം ആകാശ്ദീപ് പ്ലേയിംഗ് ഇലവനിലെത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഓവലിലെ സാഹചര്യങ്ങള്‍ പേസിന് അനുകൂലമാണെന്നത് ഇന്ത്യയെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ഓവലില്‍ ഇന്നലെ പച്ചപ്പുള്ള ഗ്രീന്‍ ടോപ് പിച്ചാണ് കണ്ടത്. പിച്ചിലെ പച്ചപ്പ് ഇന്നും നിലനിനിര്‍ത്തിയാല്‍ പേസര്‍മാര്‍ക്കാകും ഓവലിൽ മുന്‍തൂക്കം ലഭിക്കുക.
ഇംഗ്ലണ്ട് ഇന്നലെ പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ചപ്പോള്‍ ഒരു സ്പിന്നറെ പോലും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അഞ്ച് പേസര്‍മാരുമായാണ് ഇംഗ്ലണ്ട് ഓവലില്‍ ഇന്ത്യക്കെതിരെ ഇറങ്ങുന്നത്. വാഷിംഗ്ടണ്‍ സുന്ദറും രവീന്ദ്ര ജഡേജയും ഇന്ന് പ്ലേയിംഗ് ഇലവനില്‍ തുടരുമെന്ന് ഉറപ്പുളളതിനാല്‍ കുല്‍ദീപ് യാദവ് കൂടി കളിച്ചാല്‍ മൂന്ന് സ്പിന്നർമാരെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കേണ്ടിവരും. ഇംഗ്ലണ്ട് ഒരു സ്പിന്നറെ പോലും പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാത്ത സാഹചര്യത്തില്‍ മൂന്ന് സ്പിന്നര്‍മാരെ കളിപ്പിക്കുന്നത് തിരിച്ചടിയാകുമോ എന്ന ആശങ്ക ഇന്ത്യക്കുണ്ട്.
നാലാം ടെസ്റ്റില്‍ ഓള്‍ റൗണ്ട് മികവ് കാട്ടിയ സുന്ദറിനെയും ജഡേജയെയും പുറത്തിരുത്താനും കഴിയില്ല. ഓവലിലെ സാഹചര്യങ്ങള്‍ പരമ്പരാഗതമായി അവസാന രണ്ട് ദിവസങ്ങളില്‍ സ്പിന്നിനെ തുണക്കുന്നതാണെങ്കിലും ഇത്തവണ പച്ചപ്പുള്ള പിച്ചാണെന്നതും ഇംഗ്ലണ്ട് നിരയില്‍ ഒരു സ്പിന്നര്‍ പോലുമില്ലെന്നതും ഇന്ത്യയെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. നാലാം ടെസ്റ്റില്‍ ഒരു ഇന്നിംഗ്സിൽ മാത്രമെ ബുമ്രക്ക് പന്തെറിയേണ്ടി വന്നിരുന്നുള്ളു എന്നും ജോലിഭാരം കണക്കിലെടുത്താല്‍ അവസാന ടെസ്റ്റില്‍ കളിക്കുന്നതിന് തടസമില്ലെന്നും ഇന്ത്യൻ ബാറ്റിംഗ് കോച്ച് സീതാന്‍ഷു കൊടക് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഈ സാഹചര്യത്തില്‍ ഇന്ന് ബുമ്ര കളിക്കാനുള്ള സാധ്യതയാണ് മുന്നിലുള്ളത്. പ്ലേയിംഗ് ഇലവന്‍ സംബന്ധിച്ച് മത്സരത്തിന് മുമ്പ് മാത്രമെ തീരുമാനമെടുക്കൂ എന്ന് ശുഭ്മാന്‍ ഗിൽ വ്യക്തമാക്കിയതും ഇതിന്‍റെ സൂചനയാണ്. അതേസമയം, ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗ് ഇന്ന് ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറുമെന്ന് ഉറപ്പായിട്ടുണ്ട്.


