ഓഗസ്റ്റ് 4 മുതൽ 6 വരെ പാലക്കാട് സുബ്രതോ കപ്പ് ഫുട്ബാൾ മത്സരങ്ങൾ നടക്കും. കായിക അധ്യാപകരുടെ പ്രതിഷേധത്തെ തുടർന്ന് മത്സരം മുടങ്ങുമെന്ന ആശങ്ക നിലനിന്നിരുന്നു.
തിരുവനന്തപുരം: സുബ്രതോ കപ്പ് ഫുട്ബാൾ നടത്താൻ തീരുമാനം. സംസ്ഥാന തല മത്സരം ഓഗസ്റ്റ് 4 മുതൽ 6 വരെ പാലക്കാട് നടക്കും. നേരത്തെ കായിക അധ്യാപകർ സുബ്രതോ കപ്പിന്‍റെ സംഘാടനം ഏറ്റെടുക്കാത്തത് വിവാദമായിരുന്നു. പിന്നാലെ മത്സരം മുടങ്ങുമോ എന്ന ആശങ്കയിലായിരുന്നു താരങ്ങള്‍. എന്നാല്‍ ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇടപെട്ടു. നോക്കൗട്ട് രീതിയിൽ ആയിരിക്കും മത്സരങ്ങൾ നടത്തുക.
കായിക അധ്യാപകര്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രതിഷേധത്തിലായതിനാലാണ് സംഘാടനത്തിന് ആളില്ലാതായത്. ജൂലൈ 21ന് ജില്ലാതല മത്സരങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതായിരുന്നു. ഓഗസ്റ്റ് 16 മുതല്‍ സെപ്റ്റംബര്‍ 25 വരെ ദില്ലിയിലാണ് 64-ാമത് സുബ്രതോ കപ്പിന്‍റെ ദേശീയ ടൂര്‍ണമെന്‍റ്. ജൂലൈ 31ന് മുമ്പ് സംസ്ഥാന ചാമ്പ്യൻ ടീമിന്‍റെ വിവരങ്ങള്‍ കൈമാറണം. അതിനായി ജൂണ്‍ 30നകം തന്നെ ജില്ലാതല മത്സരങ്ങള്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നിര്‍ദേശം.
കായിക അധ്യാപകരുടെ സമരം കാരണം അത് നടപ്പിലായില്ല. പിന്നാലെ തീയതി പുതുക്കി അറിയിപ്പെത്തി. ജൂലൈ 16ന് മുമ്പെ ഉപജില്ലാ മത്സരങ്ങള്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍ദേശം. ജൂലൈ 21ന് അകം ജില്ലാ ചാമ്പ്യൻമാരുടെ പേരുകള്‍ നല്‍കണം. എന്നാല്‍ ഇതൊന്നുമുണ്ടായില്ല. പല വിദ്യാര്‍ത്ഥികള്‍ക്കും ഇത് അവസാന അവസരമാണെന്നതിനാല്‍ അവസരം നഷ്ടമാകുമോ എന്ന ആശങ്കയിലായിരുന്നു വിദ്യാര്‍ത്ഥികള്‍. ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിനെത്തുടര്‍ന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഇടപെട്ട് മത്സരങ്ങള്‍ ഓഗസ്റ്റില്‍ നടത്താന്‍ തീരുമാനിച്ചത്.


